വ്യാജ സംഘടനയുടെ പേരില്‍ ഭീഷണിപ്പിരിവ്; യുവാവ് അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 08.08.2015) വ്യാജ സംഘടനയുടെ പേരില്‍ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിടിയിലായ യുവാവ് നിരവധി തട്ടിപ്പ്‌കേസിലെ പ്രതി. തൊടുപുഴ കുമ്മങ്കല്ല് സ്വദേശി കല്ലുംപുറത്ത് വീട്ടില്‍ ഷമീര്‍ മൊയ്ദീനെയാണ് (35) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖഹോട്ടലിന്റെ ഉടമയെയാണ് ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.മാനവ രാഷ്ട്രവേദി എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളി. ഹോട്ടലില്‍ നിന്നും മാലിന്യങ്ങള്‍ മുതിരപുഴയിലേക്ക് ഒഴുക്കുന്നതായും ഇതിനെതിരെ സംഘടന ശക്തമായി പ്രതികരിക്കുമെന്നും 15,000 രൂപ നല്‍കിയാല്‍ സമരത്തില്‍ നിന്നും പിന്‍മാറാമെന്നും ഇയാള്‍ അറിയിച്ചു.

വ്യാജ സംഘടനയുടെ പേരില്‍ ഭീഷണിപ്പിരിവ്; യുവാവ് അറസ്റ്റില്‍
പണം നല്‍കാന്‍ തയ്യാറാകാത്ത ഉടമയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഹോട്ടലുടമ മൂന്നാര്‍ ഡിവൈ.എസ്.പി ക്ക് പരാതി നല്‍കി. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം 5000 രൂപ നല്‍കാനെന്ന വ്യാജേന ഇയാളെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി. ഉച്ചയോടെ ഹോട്ടലിലെത്തിയ ഇയാളെ മൂന്നാര്‍ എസ്.ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണെന്ന് മനസിലായത്.

ഇതില്‍ ചില കേസുകളില്‍ ഒളിവിലായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത വ്യാജ സംഘടനയുടെ പേരിലുള്ള രസീത് ബുക്കില്‍ നിന്നും പലരില്‍ നിന്നായി പണപ്പിരിവ് നടത്തിയതിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളോടൊപ്പം പിടിയിലായ ഓട്ടോ ഡ്രൈവര്‍ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords : Kerala, Idukki, Cheating, Case, Youth, Arrest. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia