Drug Case | യുവാക്കളെ ലക്ഷ്യമിട്ട് ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; എംഡിഎംഎയുമായി പ്രതി പിടിയില്‍
Jul 2, 2022, 19:30 IST
കോഴിക്കോട്: (www.kvartha.com) നഗരത്തിലെ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. റോഷന്‍ (22) ആണ് പിടിയിലായത്. ജില്ലാ ഡെപ്യൂടി പൊലീസ് കമിഷണര്‍ ആമോസ് മാമന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നാര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമിഷണര്‍ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഫറോക് അസിസ്റ്റന്റ് കമിഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.
ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുന്നതാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍. തലച്ചോറിലെ കോശങ്ങളെ വരെ നശിപ്പിക്കാന്‍ ശേഷിയുള്ള സിന്തറ്റിക് ഡ്രഗുകളാണ് ദിനംപ്രതി ലഹരി വിപണിയില്‍ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നത്.
വിവിധ ടര്‍ഫുകള്‍ എംഡിഎംഎ വില്‍പന നടത്തുന്ന മയക്കുമരുന്ന് സംഘത്തില്‍ പെട്ടയാളാണ് പിടിയിലായ റോഷന്‍. രാത്രി കളിക്കാനെന്ന പേരില്‍ ടര്‍ഫുകള്‍ക്ക് സമീപത്തെത്തി യുവാക്കളെ പ്രതിയുടെ വലയിലാക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പ്രധാനമായും യുവതലമുറയെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിന്റെ പലഭാഗങ്ങളിലും എത്തിക്കുന്നത്. ഏതുവിധത്തിലും ഉപയോഗിക്കാമെന്നതാണ് എംഡിഎംഎ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ കാരണം. പന്ത്രണ്ടുമണിക്കൂര്‍ മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നീണ്ടുനില്‍ക്കും.
ഡന്‍സാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ നിന്നും ഗോവയില്‍ നിന്നുമാണ് സിന്തറ്റിക് ഡ്രഗുകള്‍ അതിര്‍ത്തികടന്നെത്തുന്നതെന്നും പൊലീസ് പറഞ്ഞു . മുമ്പ് ഗ്രാമിന് രണ്ടായിരം രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോള്‍ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേരെ എംഡിഎംഎ യുമായി ഹോടെല്‍മുറിയില്‍ നിന്നും ഡന്‍സാഫ് പിടികൂടിയിരുന്നു.
അന്വേഷണത്തിന് ഫറോക്ക് അസിസ്റ്റന്റ് കമിഷണര്‍ എ എം സിദ്ദിഖ് നേതൃത്വം നല്‍കി. ഡന്‍സാഫ് അസിസ്റ്റന്റ് എസ് ഐ മനോജ് എടയേടത്ത്, സീനിയര്‍ സി പി ഒ കെ അഖിലേഷ്, സി പി ഒ മാരായ കാരയില്‍ സുനോജ്, അര്‍ജുന്‍ അജിത്, പന്നിയങ്കര സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, എ എസ് ഐ സാജന്‍ പുതിയോട്ടില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Youth held with synthetic drug MDM, Kozhikode, News, Local News, Arrested, Police, Drugs, Kerala, Criminal Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.