ജയരാജനും ഐ ആര്‍ പി സിക്കും പാര്‍ട്ടിയുടെ ആപ്പ് ലഹരിക്കും ആത്മഹത്യാ പ്രവണതക്കുമെതിരെ സി പി എമ്മും വിദ്യാലയങ്ങളിലേക്ക്

 


കണ്ണൂര്‍: (www.kvartha.com 03.12.2019) മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേതൃത്വം നല്‍കുന്ന ഐ ആര്‍ പി സിക്ക് പുറമേ സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും വിവിധ ബോധവല്‍ക്കരണവുമായി വിദ്യാലയങ്ങളിലേക്ക്. ഇതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം.

നേരത്തെ സ്‌നേഹവീട് എന്ന പേരില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വീടുവച്ചു നല്‍കുന്ന പദ്ധതി പാര്‍ട്ടിയും സഹകരണ ബാങ്കുകളും വിജയകരമായി നടപ്പിലാക്കിയിരുന്നു. എന്നാല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റ്, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേതൃത്വം നല്‍കുന്ന ഐ ആര്‍ പി സി എന്ന എന്‍ ജി ഒ സംഘടനയ്ക്കായിരുന്നു ചുമതല.

ജയരാജനും ഐ ആര്‍ പി സിക്കും പാര്‍ട്ടിയുടെ ആപ്പ് ലഹരിക്കും ആത്മഹത്യാ പ്രവണതക്കുമെതിരെ സി പി എമ്മും വിദ്യാലയങ്ങളിലേക്ക്

എന്നാല്‍ നേതൃത്വത്തിന്റെ അപ്രിയത്തിന് ഇരയായതോടെ ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമാവുകയും ചെയ്തു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റതോടെ ജയരാജന്‍ വെറും സംസ്ഥാന കമ്മിറ്റിയംഗമായി ചുരുങ്ങി. ഇതിനു ശേഷം ഐ ആര്‍ പിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജയരാജന്‍ സജീവമായിരുന്നു.

ലഹരി ഉപയോഗം,കുട്ടികളിലെ ആത്മഹത്യാ പ്രവണത എന്നിവ തടയുന്നതിനായി ഐ ആര്‍ പി സി സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയും ഒരേ സമയം ഇത്തരം പരിപാടികള്‍ നടത്താനിറങ്ങുന്നത്.

ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിസംബര്‍ 6, 7 തീയതികളില്‍ പി ടി എയും സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്നുകൊണ്ട് സി പി എമ്മിന്റെയും വര്‍ഗ-ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജില്ലയിലെ 1393 സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലായി 3,46,326 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാലയങ്ങളും പരിസരങ്ങളും ശുചീകരിക്കുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളുടെ ശുചിത്വപരിശോധന നടത്തിയപ്പോള്‍ വിദ്യാലയങ്ങളില്‍ ശുചിമുറികളും പാചക-ഭക്ഷണശാലകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാത്തതിന്റെ ഫലമായി രോഗസാധ്യത ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഗസാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമാണ് കുട്ടികള്‍. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്താല്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ. സുരക്ഷിതമായ ശുചിമുറികളും ശാസ്ത്രീയമായി മാലിന്യങ്ങള്‍ സംസ്‌കരിക്കുവാനുള്ള സംവിധാനങ്ങളും വൃത്തിയുള്ള പാചക-ഭക്ഷണശാലകളും വൃത്തിയുള്ള പരിസരവും സൃഷ്ടിച്ചെടുക്കുക എന്നത് ഓരോ സ്‌കൂളിന്റെയും ആവശ്യമാണ്.

അതിന് പി ടി എ കള്‍ സജീവമാകേണ്ടതുണ്ട്. വിദ്യാലയങ്ങളെ അന്താരാഷ്ട്ര പദവിയില്‍ എത്തിക്കുന്നതോടൊപ്പം ശുചിത്വത്തിലും മെച്ചപ്പെട്ട നിലവാരം ഉണ്ടാക്കാന്‍ കഴിയണം. മാതൃകാപരമായ രീതിയില്‍ ഇത്തരം സൗകര്യങ്ങളൊരുക്കിയ വിദ്യാലയങ്ങളുമുണ്ട്.

എന്നാല്‍ എല്ലാം അങ്ങനെയാണെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ജനകീയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാന്‍ സി പി എം മുന്‍കൈ എടുക്കുന്നത്.

ലഹരി പുതിയ തലമുറയെ നശിപ്പിക്കുന്ന ഒരു ദുശ്ശീലമാണ്. വിദ്യാലയങ്ങളിലും പരിസര പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വില്പന നടത്തുന്നത് സാമൂഹ്യദ്രോഹം കൂടിയാണ്. ഇത് കണ്ടെത്തി തടയുക തന്നെ വേണം. അതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

എന്നാല്‍ അതുകൊണ്ട് മാത്രം ലഹരി വിപത്ത് തടയാനാവില്ല. കടലാസില്‍ പൊതിഞ്ഞ മിഠായിയുടെ രൂപത്തിലാണ് ചിലയിടങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്പന നടത്തുന്നത്. ഇത് സ്‌കൂള്‍ പരിസരത്തെത്തിക്കാന്‍ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യാപക-രക്ഷാകര്‍തൃ സമിതിയും നാട്ടുകാരും ചേര്‍ന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും ലഹരി വിമുക്തമാക്കാന്‍ കഴിയും.

അതോടൊപ്പം കുട്ടികളില്‍ വളര്‍ന്നുവരുന്ന ആത്മഹത്യ പ്രവണതയും തടയാന്‍ ലക്ഷ്യമാക്കിയുള്ള ക്യാമ്പയിനാണ് സി പി എം ലക്ഷ്യമിടുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  CPM against IRCP, Kannur, Politics, CPM, Criticism, school, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia