തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരനെ ആറാം ധനകാര്യകമ്മീഷന്‍ അംഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനം

 


തിരുവനന്തപുരം: (www.kvartha.com 29.04.2020) തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരനെ ആറാം ധനകാര്യകമ്മീഷന്‍ അംഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ചു മാസത്തേക്ക് വിതരണം ചെയ്യാതെ മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് നിയമ പ്രാബല്യം പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് നിയമ പ്രാബല്യം നല്‍കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരനെ ആറാം ധനകാര്യകമ്മീഷന്‍ അംഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനം

മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരുടെ അലവന്‍സ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം / ഹോണറേറിയം 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവു ചെയ്യാന്‍ 2020-ലെ ശമ്പളവും ബത്തകളും നല്‍കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. എം എല്‍ എമാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന അമിനിറ്റീസ് തുകയായ 23,000 രൂപയില്‍ നിന്നുകൂടി 30 ശതമാനം കുറയ്ക്കും.

പഞ്ചായത്ത് വാര്‍ഡ് വിഭജനം ഇല്ല

കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വാര്‍ഡ് വിഭജന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തടസങ്ങള്‍ ഉള്ള സാഹചര്യത്തില്‍ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അംഗങ്ങളുടെ എണ്ണം ഓരോന്നു വീതം വര്‍ധിപ്പിക്കാന്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തും. നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപന മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഇതിന് നിയമപ്രാബല്യം നല്‍കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലുമാണ് ഭേദഗതി വരുത്തുന്നത്.

ഡ്യൂട്ടിയിലിരിക്കെ മരണപ്പെട്ട ഹോംഗാര്‍ഡ് പി ബാലകൃഷ്ണന്റെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതിനായി നിലവിലുള്ള 32 കായിക ഇനങ്ങളോടൊപ്പം ജൂഡോ, തായ് ക്വോണ്ടോ, ഫെന്‍സിംഗ്, കരാട്ടേ, വുഷു, ടെന്നിക്കൊയറ്റ്, സോഫ്റ്റ് ബോള്‍, ബേസ് ബോള്‍, എന്നീ എട്ട് കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

Keywords:  Kerala cabinet discussion, Thiruvananthapuram, News, Politics, Cabinet, Salary, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia