പി.ഡി.പിയില്‍ നിന്ന് കൂട്ടരാജി; മഅ്ദനിയെ ജയിലിലാക്കിയത് പൂന്തുറ സിറാജെന്ന് ആരോപണം

 


കാസര്‍കോട്: പി.ഡി.പി. യില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരത്തോളം പേര്‍ രാജിവെച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലാ കമ്മിറ്റിയും നിയോജകമണ്ഡല കമ്മിറ്റികളും പിരിച്ചുവിട്ടതായും നേതാക്കള്‍ പറഞ്ഞു. രാജിവെച്ചവര്‍ പൂന്തുറ സിറാജും മഅ്ദനിയുടെ ബന്ധുവായ മുഹമ്മദ് റജീബും അടക്കമുള്ള ആറ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണവും ഉന്നയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, ജില്ലാ പ്രസിഡന്റ് ഐ.എസ്. സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റുമാരായ ഉബൈദ് മുട്ടുന്തല, സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങള്‍, ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ട്രഷറര്‍ സലീം പടന്ന, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹമീദ് കെടഞ്ചി, സെക്രട്ടറി ആബിദ് മഞ്ഞംപാറ, ട്രഷറര്‍ അഷ്‌റഫ് കുംബഡാജെ, വൈസ് പ്രസിഡന്റ് നൗഫല്‍ ഉളിയത്തടുക്ക, ജോയിന്റ് സെക്രട്ടറി സി.എച്ച്. ജബ്ബാര്‍, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സ്വാദിഖ് മുളിയടുക്കം, വൈസ് പ്രസിഡന്റ് അബ്ബാസ് ബെള്ളൂര്‍, ജില്ലാ കൗണ്‍സിലംഗം ശാഫി കന്യപ്പാടി, ഉദുമ മണ്ഡലം ജോയിന്റ് സെക്രട്ടറി റഫീഖ് ചട്ടഞ്ചാല്‍, വൈസ് പ്രസിഡന്റ് ഇബ്രാഹിം കോളിയടുക്കം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സാജിദ് അലി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുഹമ്മദ്, ജില്ലാ കൗണ്‍സിലംഗം മുഹമ്മദ് ഹാജി തോര, കാസര്‍കോട് മണ്ഡലം കൗണ്‍സിലര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, സയ്യിദ് സലാഹുദ്ദീന്‍ തങ്ങള്‍, ഉദുമ മണ്ഡലം കൗണ്‍സിലര്‍ മുഹമ്മദ് പടുപ്പ്, അഷ്‌റഫ് പടുപ്പ് തുടങ്ങിയവരാണ് രാജിവെച്ചത്.

മഅ്ദനിയെ കര്‍ണാടക ജയിലിലടച്ചതിന് പിന്നില്‍ വര്‍ക്കിംഗ് ചെയര്‍മാനും മഅ്ദനിയുടെ ഭാര്യയുട ബന്ധുവുമായ പൂന്തുറ സിറാജ്, മറ്റൊരു ബന്ധു മുഹമ്മദ് റജീബ്, കണ്ണൂരിലെ നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര, സുബൈര്‍ സ്വബാഹി, വര്‍ക്കല രാജ് തുടങ്ങിയവരാണെന്നും രാജിവെച്ചവര്‍ ആരോപിച്ചു. മഅ്ദനിയുടെ മോചനം അട്ടിമറിക്കുന്നതും ഈ നേതാക്കളാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറവുമായിപ്പോലും ഇവര്‍ സഹകരിക്കുകയോ സമരത്തില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല .

പല തവണ ആവശ്യപ്പെട്ടിട്ടും കേസിന്റെ രേഖകള്‍ ചെയര്‍മാനായ മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോളിന് നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. സൂഫിയ മഅ്ദനിയെ അറസ്റ്റു ചെയ്യുന്നതിന് പിന്നിലും ചരട് വലിച്ചത് പൂന്തുറ സിറാജും കൂട്ടരുമാണെന്നും ഇവര്‍ ആരോപിച്ചു. മഅ്ദനി ജയിലിനകത്തായാല്‍ മാത്രമെ വര്‍ക്കിംഗ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് അവരുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയൂ. തങ്ങളുടെ ആരോപണം നിഷേധിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാവുമെന്നും രാജിവച്ചവര്‍ അറിയിച്ചു.

അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ ആസാദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, സംസ്ഥാന സെക്രട്ടറി അഡ്വ. ശംസുദ്ദീന്‍ മലപ്പുറം എന്നിവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കഴിഞ്ഞ കേന്ദ്ര കമ്മറ്റിയോഗം പുറത്താക്കിയതായി പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി  മുഹമ്മദ് റജീബ് കെവാര്‍ത്തയോട് പറഞ്ഞു. അജിത്ത് കുമാര്‍ ആസാദിനെ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും മറ്റുള്ളവരെ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലുമാണ് സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന് റജീബ് അറിയിച്ചു.

പി.ഡി.പിയില്‍ നിന്ന് കൂട്ടരാജി; മഅ്ദനിയെ ജയിലിലാക്കിയത് പൂന്തുറ സിറാജെന്ന് ആരോപണം

Related News:
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

Keywords:  PDP, Abdul Nasar Madani, Leader, Jail, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia