വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവ്; 9 വയസുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപോര്‍ട്; ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com 27.05.2021) ഏറെ വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവ്. പാലത്തായിയില്‍ ഒമ്പത് വയസുകാരി സ്‌കൂളില്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായെന്ന് ഒടുവില്‍ അന്വേഷണ സംഘത്തിന്റെ റിപോര്‍ട്. ബി ജെ പി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ആണ് കേസിലെ പ്രതി. ഇയാള്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു.

വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവ്; 9 വയസുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപോര്‍ട്; ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തി

സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയത്.

ഇതോടൊപ്പം മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നിരുന്നു. കേസില്‍ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പിക്കും.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജന്‍ മുങ്ങി. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരേ അന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് പത്മരാജന്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു.

പിന്നീട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തല്‍. ഇതിനിടെ, ഐ ജി എസ് ശ്രീജിത്തിന്റെ ഒരു ഫോണ്‍ കോള്‍ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി നിര്‍ദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

ഐ ജി ഇ ജെ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ പി എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വിശദമായി അന്വേഷിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

Keywords:  Palathaayi molestation case; Investigation report evidence against BJP leader, Kannur, News, Molestation, Police, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia