സി.പി.എം റോഡ് ഉപരോധത്തിനിടെ വൈദികന് മര്‍ദനം

 


തൊടുപുഴ: (www.kvartha.com 04.08.2015) മുന്നറിയിപ്പില്ലാതെ റോഡ് ഉപരോധിച്ചതിന്റെ ചിത്രം എടുത്തതിന്റെ പേരില്‍ ചര്‍ച്ചു വികാരിയെ ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുമ്മംകല്ലില്‍ വച്ച് മര്‍ദ്ദനമേറ്റ ചിലവ് ക്രിസ്തുരാജാ ചര്‍ച്ചു വികാരി ഫാ.മാത്യു കുന്നപ്പിള്ളിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിക്കാനാണ് മുന്നറിയിപ്പില്ലാതെ ഡി. വൈ എഫ്. ഐ ഉപരോധ സമരം നടത്തിയത്.

മൈലക്കൊമ്പ് സെന്റ് തോമസ് ട്രെയിനിംഗ് സെന്ററില്‍ ബി. എഡ് വിദ്യാര്‍ത്ഥിയായ വൈദികന്‍ ബൈക്കില്‍ പോകുന്നതിനിടെയാണ് സംഭവം. വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുന്നതിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ എടുത്തതാണ് ഡി. വൈ എഫ് ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അസഭ്യവര്‍ഷവുമായി എത്തിയ ഒരു കൂട്ടം ആളുകള്‍ വൈദികനെ മര്‍ദ്ദിക്കുകയായിരുന്നു.

സി.പി.എം റോഡ് ഉപരോധത്തിനിടെ വൈദികന് മര്‍ദനംവൈദികനാണെന്ന് മനസ്സിലായതോടെ അക്രമികള്‍ സ്ഥലം വിട്ടു. റോഡ് ഉപരോധ സമരത്തെക്കുറിച്ച് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ നോട്ടീസ് നല്‍കാതെയായിരുന്നു ഡി .വൈ .എഫ് .ഐ യുടെ പ്രതിഷേധം. വൈദികനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകരായ പതിനഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ വാഹനഗതാഗതം തടസ്സപ്പെടുത്തിയതിന് മറ്റൊരു കേസും എടുത്തതായി പോലീസ് പറഞ്ഞു. എന്നാല്‍ വൈദികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പങ്കില്ലെന്ന് സി.പി.എം അറിയിച്ചു.


Keywords : CPM, Assault, Complaint, Kerala, Idukki, Thodupuzha. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia