Promotion |  'മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ'; ഹിറ്റായി കേരള ടൂറിസത്തിന്റെ പ്രചാരണ വീഡിയോ

 
Kerala tourism promotional video
Kerala tourism promotional video

Image Credit: X / Kerala Tourism

● അതിമനോഹരമായ കാഴ്ചകൾ വീഡിയോയിൽ 
● സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിച്ചിരിക്കുന്നു.

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ അതിമനോഹരമായ കാഴ്ചകൾ പ്രദർശിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന 'എന്റെ കേരളം എന്നും സുന്ദരം' എന്ന കേരള ടൂറിസത്തിന്‍റെ പുതിയ പ്രചാരണ വീഡിയോ ശ്രദ്ധനേടി. 'മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ' എന്ന വാചകത്തോടെ തുടങ്ങുന്ന ഈ വീഡിയോ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അതിമനോഹരമായ കാഴ്ചകൾ, തനത് കലകൾ, ആചാരങ്ങൾ എന്നിവയെല്ലാം അവതരിപ്പിക്കുന്നു. 

കായലുകളിലൂടെ ഒഴുകുന്ന ഹൗസ് ബോട്ടുകൾ, ഓളങ്ങളെ ചീന്തി മുന്നോട്ടു പോകുന്ന ചുണ്ടൻ വള്ളങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ നാടൻ കലാരൂപങ്ങൾ, തൃശൂർ പൂരം, കളരിപ്പയറ്റ് തുടങ്ങി കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വീഡിയോയിൽ ദൃശ്യമാക്കുന്നു. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് വീഡിയോ പുറത്തിറക്കിയത്. 

 

 

അതിസുന്ദരമായ കടൽത്തീരങ്ങൾ, കുട്ടനാടിന്റെ കായൽ സൗന്ദര്യം, ഹൈറേഞ്ചിന്റെ മനോഹരമായ മലനിരകൾ, അതിരപ്പള്ളി വെള്ളച്ചാട്ടം, ജടായുപാറയുടെ ആകാശക്കാഴ്ച, ഉദയാസ്തമയങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ എന്നിവയെല്ലാം വീഡിയോയിൽ ഒത്തുചേർന്നിരിക്കുന്നു. കേരളത്തിന്റെ പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്ന കേരളീയരുടെ ഒത്തൊരുമയും വീഡിയോയിൽ പ്രതിഫലിക്കുന്നു.

കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ ഈ വീഡിയോ ലോകമെമ്പാടുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ വിവിധ ടൂറിസം കേന്ദ്രങ്ങളും അനുഭവങ്ങളും ഹൈലൈറ്റ് ചെയ്തുകൊണ്ട്, വീഡിയോ കേരളത്തെ ഒരു അദ്വിതീയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി അവതരിപ്പിക്കുന്നു. 

കേരളത്തിന്‍റെ കാഴ്ചവൈവിധ്യത്തിന് ഓളം തീര്‍ക്കാന്‍ പോന്നതാണ് കേരള ടൂറിസത്തിനായി പ്രയാണ്‍ ബാന്‍ഡ് ഒരുക്കിയ ഗാനം. ചടുലതാളവും വരികളിലെ കേരളീയതയും വീഡിയോ ഗാനത്തെ ആകര്‍ഷണീയമാക്കുന്നു. സന്തോഷ് വര്‍മ്മയും എംസി കൂപ്പറും ചേര്‍ന്നാണ് വരികള്‍ എഴുതിയത്. ആര്യ ദയാലും ഗൗരി ലക്ഷ്മിയും എംസി കൂപ്പറും അജിത് സത്യനും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ആത്തിഫ് അസീസ് ആണ് സംവിധാനം. ശരത് ചന്ദ്രന്‍ എഡിറ്റിംഗും ഹരി കളറിംഗും നിര്‍വ്വഹിച്ച വീഡിയോയുടെ മിക്സിംഗ് ലേ ചാള്‍സ് ആണ്. മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സ് ആണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

ചെറിയ വീഡിയോ ഉള്ളടക്കത്തില്‍ കേരളത്തിന്‍റെ ടൂറിസം വൈവിധ്യങ്ങളും പ്രധാന ഡെസ്റ്റിനേഷനുകളും തനത് കാഴ്ചകളും ചീത്രീകരിക്കുന്ന വീഡിയോ ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. നൂതന ടൂറിസം പദ്ധതികളും ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമൂഹ മാധ്യമ പ്രചാരണത്തിലൂടെ  സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേടാന്‍ കേരളത്തിന് സാധിച്ചിരുന്നു. വിദേശ സഞ്ചാരികളുടെ വരവിലും ക്രമാനുഗതമായ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. പുതിയ ടൂറിസം സീസണിലും ഈ പ്രവണത തുടരാനാണ് കേരള ടൂറിസം ലക്ഷ്യമിടുന്നത്.


#KeralaTourism #Kerala #IndiaTourism #Travel #Vacation #ExploreKerala #ViralVideo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia