LS Result | ലോക്‌സഭ ഫലം: തികഞ്ഞ പ്രതീക്ഷയിൽ ഇൻഡ്യ മുന്നണി ക്യാമ്പ്; തിരഞ്ഞെടുപ്പ് കാലത്ത് രാജ്യം കണ്ടത് കരുത്തുറ്റ കോൺഗ്രസിനെയും നേതാക്കളെയും
ന്യൂഡെൽഹി: (KVARTHA) രാജ്യം കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ തികഞ്ഞ പ്രതീക്ഷയിൽ ഇൻഡ്യ മുന്നണി ക്യാമ്പും കോൺഗ്രസും. എക്‌സിറ്റ് പോളുകൾ എൻഡിഎ സഖ്യത്തിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ഇൻഡ്യ മുന്നണി നേതാക്കൾ അത് തള്ളിക്കളയുന്നു. 295-ലധികം സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേറുമെന്നാണ് സഖ്യം പ്രതീക്ഷിക്കുന്നത്.
ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും നേതാക്കളുടെ ഐക്യത്തോടയുള്ള പോരാട്ടവുമാണ് തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ വിജയത്തെ കുറിച്ച് സ്വപ്നം കാണാന്‍ ഇൻഡ്യ മുന്നണി നേതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം. കുരുക്ഷേത്ര യുദ്ധ കാലത്ത് എതിരാളികളെ വളഞ്ഞിട്ട് ആക്രമിച്ച് വീഴ്ത്താന്‍ ചക്രവ്യൂഹം ചമയ്ക്കുന്ന കഥകള്‍ വായിച്ചറിഞ്ഞ ഇൻഡ്യക്കാർ, അത്തരം ചക്രവ്യൂഹങ്ങള്‍ നേരിട്ടുകണ്ടത് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്.
കോണ്‍ഗ്രസിന്റെ പ്രാദേശിക സര്‍കാരുകളെ വീഴ്ത്തിയും മുന്‍നിര നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടിയും പാര്‍ട്ടിയുടെ ഫണ്ട് മരവിപ്പിക്കാന്‍ ആദായ നികുതി വിഭാഗത്തെ ഉപയോഗിച്ചും ബിജെപി തളർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുകയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡെന്ന് നേതാക്കൾ പറയുന്നു.
തളര്‍ത്താന്‍ ശ്രമിച്ച ഘട്ടത്തിലെല്ലാം അതിനെ പ്രതിരോധിക്കാന്‍ ഹൈക്കമാന്‍ഡ് ഒറ്റക്കെട്ടായി നിന്നു. പ്രായാധിക്യവും അസുഖവും സോണിയാഗാന്ധിയെ ഒരു പരിധിവരെ പിന്നോട്ട് വലിച്ചപ്പോള്‍ പോരാളികളായി നിന്നത് പ്രായത്തെ മറന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും ഊർജവുമായി രാഹുല്‍ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമാണ്. ഇവർക്കൊപ്പം ഏകോപനവുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഒപ്പമുണ്ടായി.
ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ബിജെപിയുടെ അജണ്ടയ്ക്ക് പിറകെ പോകുന്നതിന് പകരം കോണ്‍ഗ്രസ് തിരികൊളുത്തിയ പ്രചാരണത്തിന് പിന്നാലെ ബിജെപിയെ കൊണ്ടുവരാനായെന്ന് നേതാക്കൾ ആത്മവിശ്വാസം കൊള്ളുന്നു. ബിജെപിയെപ്പോലും മറികടക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിംഗ് ആയിരുന്നു കോണ്‍ഗ്രസ് ഇത്തവണ പുറത്തെടുത്തത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ജനക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രകടന പത്രിക തയ്യാറാക്കുന്നതിലും കോണ്‍ഗ്രസ് മികച്ചുനിന്നു. കുറ്റമറ്റതും തര്‍ക്കരഹിതവുമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. കോണ്‍ഗ്രസിന്റെ ഓരോ സംസ്ഥാനങ്ങളിലെയും സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നേരിട്ട് പങ്കെടുത്താണ് സ്ഥാനാര്‍ത്ഥി നിർണയം നടത്തിയത്.
സ്ഥാനാർത്ഥി നിർണയത്തിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്തുടനീളം കോൺഗ്രസിന്റെ സംഘടനാ മികവ് പ്രകടമായി. പ്രായത്തെ മറികടക്കുന്ന ചുറുചുറുക്കുമായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പ് വേദികളിൽ നിറഞ്ഞുനിന്നപ്പോൾ 107 റാലികളിലും റോഡ്ഷോകളിലും പ്രധാന പ്രചാരണ പരിപാടികളിലുമാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആവേശം പടര്‍ത്തുന്ന സാന്നിധ്യമാവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടാന്‍ വിശാലമായ ദേശീയ താത്പര്യം പുലര്‍ത്തിയ നേതാവാണ് രാഹുല്‍.
108 പൊതുയോഗങ്ങളിലും റോഡ്ഷോകളിലും പങ്കെടുത്ത് പ്രിയങ്ക ഗാന്ധിയും ആവേശകരമായ പ്രചാരണം നടത്തി, തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 100-ലധികം മീഡിയ ബൈറ്റുകളും ഒരു ടിവി അഭിമുഖവും അഞ്ച് പത്ര അഭിമുഖങ്ങളും അവര്‍ നല്‍കിയെന്നതും ശ്രദ്ധേയമാണ്. പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ ക്യാമ്പ് ചെയ്യുകയും അവിടെയും തൊട്ടടുത്തുള്ള അമേഠിയിലും രണ്ടാഴ്ചയോളം പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തി. അമേഠിയിലും റായ്ബറേലിയിലും നിരവധി തൊഴിലാളികള്‍ പങ്കെടുത്ത രണ്ട് സമ്മേളനങ്ങളിലും പ്രിയങ്ക ഗാന്ധി സംസാരിച്ചു.
ഈ നേതാക്കള്‍ പ്രചാരണ യോഗങ്ങളില്‍ ആവേശക്കാഴ്ചയായപ്പോള്‍ സംഘടനയെ ക്രിയാത്മകമായി ചലിപ്പിക്കാൻ കെ സി വേണുഗോപാലിനുമായി. തെരഞ്ഞെടുപ്പിന് മുന്നേ നടത്തിയ 'ഭാരത് ജോഡോ യാത്ര' കോണ്‍ഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്ട്രീയ മുന്നേറ്റമായിരുന്നുവെന്നും ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ ബലവും അടിത്തറയും രൂപപ്പെടുത്തിയതില്‍ ഈ ചരിത്രയാത്രകളുടെ പങ്ക് ചെറുതല്ലെന്നും പ്രവർത്തകർ സമ്മതിക്കുന്നു.
28 പ്രതിപക്ഷ പാര്‍ട്ടികളെ ഇന്ത്യ മുന്നണി എന്ന വേദിയില്‍ അണിനിരത്താനായതും കോൺഗ്രസിന്റെ മികവായി. ഇതിന് കെ സി വേണുഗോപാലിന്റെ സംഘാടക പാടവവും കരുത്തായി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുതല്‍ എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കാശ്മീരിലെ ഫാറൂഖ് അബ്ദുള്ള വരെ നീളുന്ന നേതാക്കളുമായുള്ള വേണുഗോപാലിന്റെ വ്യക്തിബന്ധവും ഇടപെടലുകളും കോൺഗ്രസിനും സഖ്യത്തിനും തുണയായി.
തിരഞ്ഞെടുപ്പിൽ ജനവിധി തങ്ങൾക്ക് അനുകൂലമാക്കാനുള്ള എല്ലാ ജനാധിപത്യവിരുദ്ധ നടപടികളിലേക്കും പോകാൻ മടിക്കാത്ത സംഘമാണ് മോദിയും ബിജെപിയുമെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ രാജ്യത്തിൻറെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ പലതിനെയും അവർ ഇതിനായി വിനിയോഗിക്കുന്നതും നാം കണ്ടു. പോളിങ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയിട്ടുള്ള അലംഭാവം ഒരു തെരഞ്ഞെടുപ്പ് അട്ടിമറയിലേക്ക് വരെ വിരൽ ചൂണ്ടുന്നതാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇതു സംബന്ധിച്ച നിയമ പോരാട്ടങ്ങൾ കോടതി വരാന്തകൾ കയറി ഇറങ്ങിയാൽ അത്ഭുതപ്പെടാനില്ല.
അതിനെല്ലാം കോൺഗ്രസിനെ നയിക്കാൻ പ്രാപ്തമായ ഒരു നേതൃത്വം ഇന്ന് അതിനുണ്ട് എന്നത് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും നേതാക്കൾ പറയുന്നു.
രാഹുൽ ഗാന്ധിക്ക് ശക്തിപകരുണ നേതാക്കളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുക എന്നത് ബിജെപി തന്ത്രത്തിന്റെ മറ്റൊരു ഭാഗമായിരുന്നു. അതിനിരയാവാത്ത കോൺഗ്രസ് നേതാക്കൾ ഇല്ലെന്നത് ചുരുക്കം. ബിജെപിയുടെ എല്ലാ സമ്മർദ തന്ത്രങ്ങളെയും അതിജീവിച്ച് കോൺഗ്രസിനായി നിരന്തരം കഠിനാധ്വാനം ചെയ്ത നേതാക്കളിൽ നാളെ കോൺഗ്രസും രാജ്യവും ഏറെ പ്രതീക്ഷ അർപ്പിക്കുന്നു. രാഹുൽ ഗാന്ധിക്കൊപ്പം നിന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട മലയാളിയായ നേതാവ് കൂടിയാണ് കെ സി വേണുഗോപാൽ. ആലപ്പുഴയിലെ മത്സരത്തെ സംബന്ധിച്ച് വ്യക്തിപരമായി ആക്രമിക്കപ്പെട്ടത് കണ്‍മുന്നിലുണ്ടെന്നും കോൺഗസ് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു.
ഒട്ടും നിസ്സാരനല്ലാത്ത എതിരാളിയില്‍ നിന്ന് ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി കെ സിയുടെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അമേത്തിയിലും റായ്ബറേലിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും തുടങ്ങി വടകരയില്‍ വരെ 'സര്‍പ്രൈസ്' സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച കെ സിയെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടത്.
ലോക്സഭയില്‍ പരമാവധി അംഗങ്ങളെ ഒറ്റയ്ക്ക് വിജയിപ്പിക്കുക എന്ന കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മുതിർന്ന നേതാക്കൾ മത്സരിച്ചത്. ഖാർഗെയും രാഹുലും പ്രിയങ്കയും രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുമെന്നാണ് അണികളും വിശ്വസിക്കുന്നത്. ബിജെപി ഒരുക്കുന്ന ഏത് ചക്രവ്യൂഹവും താത്കാലികം മാത്രമാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തി അധികാരത്തിൽ വന്നാൽ പുതിയ കോൺഗ്രസിനെയായിരിക്കും രാജ്യത്ത് കാണാനാവുക.