Arrested | കണ്ണൂരില്‍ മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍
May 15, 2024, 20:51 IST
കണ്ണൂര്‍: (KVARTHA) മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. മലയോര പ്രദേശമായ ഇരിക്കൂര്‍ പടിയൂര്‍ ചാളംവയല്‍ കോളനിയില്‍ ജ്യേഷ്ഠന്‍ രാജീവനെ(43) കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ അനുജന്‍ സജീവനെ(40) ആണ് ഒളിവില്‍ കഴിയവെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ബുധനാഴ്ച രാവിലെ ഇരിക്കൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മദ്യലഹരിയിലെത്തിയ പ്രതി വീട്ടുമുറ്റത്ത് മീന്‍മുറിച്ച് കൊണ്ടിരിക്കുകയായിരുന്ന രാജീവനെ വാക്കേറ്റത്തിനിടെ കത്തിക്കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ രാജീവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുകൗട് നോടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
ഇരിക്കൂര്‍ സി ഐ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം വീരാജ് പേട്ട, സിദ്ധാപുരം, ഗോണിക്കുപ്പ, തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണാടക വനത്തിലും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുണ്ടെന്ന വിവരം ലഭിക്കുന്നത്.
ഉടന്‍ റെയില്‍വെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുമായി ഇരിക്കൂര്‍ പൊലീസ് ചാളം വയല്‍ കോളനിയിലും കൊലപാതകം നടത്തിയതിനുശേഷം കിടന്നുറങ്ങിയ ഇരിക്കൂര്‍ സ്‌കൂള്‍ മൈതാനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ് ഐമാരായ മനോഹരന്‍, സത്യനാഥന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്, ജയരാജന്‍, നിധീഷ് എന്നിവരും കേസ് അന്വേഷണത്തില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Man Arrested for Murder case, Kannur, News, Arrested, Murder case, Accused, Railway Station, Police, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.