Movie | തീയേറ്ററുകളിൽ ചിരി പടർത്തി മന്ദാകിനി മൂന്നാം വാരത്തിലേക്ക്
കൊച്ചി: (KVARTHA) അൽത്താഫ് സലീം - അനാർക്കലി മരിക്കാർ എന്നിവരെ നായിക നായകന്മാരാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി - ത്രില്ലർ ചിത്രം, മന്ദാകിനി വിജകരമായി മൂന്നാം വാരത്തിലേക്ക് കടന്നു. ചിത്രം മികച്ച തീയേറ്റർ അനുഭവമാണെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. സ്‌പയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയ് 24നായിരുന്നു റിലീസ്.
അൽത്താഫിൻ്റെ ആദ്യ നായക കഥാപാത്രമാണ് മന്ദാകിനിയിലേത് എന്നതും ശ്രദ്ധേയമാണ്. ആരോമൽ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ താരത്തെ മുതിർന്ന താരങ്ങളടക്കം പ്രശംസിക്കുകയുണ്ടായി. അമ്പിളി എന്ന കഥാപാത്രത്തെ തനിമയോടെ അവതരിപ്പിച്ച് അനാർക്കലിയും പ്രശംസ പിടിച്ചു പറ്റി. ആരോമലിൻ്റെ അളിയനായെത്തിയ വിനീത് തട്ടിൽ, തൃശൂർ ഭാഷ കൊണ്ട് തീയേറ്ററുകളിൽ ചിരി പടർത്തിയപ്പോൾ, സുജിത്ത് എന്ന കഥാപാത്രത്തിലൂടെ ഗണപതിയും തിളങ്ങി.
ചലച്ചിത്ര നിർമാതാക്കളായ ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആൻ്റണി ജോസഫ്, അജയ് വാസുദേവ് എന്നിവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബിബിൻ അശോകിൻ്റെ ഗാനങ്ങൾ പുതുമയുള്ളതും ചിത്രത്തിന് പുതുമ നൽകുന്നതുമായിരുന്നു. മാസ് മസാല പടങ്ങൾക്കിടയിൽ, ഒരു കോമഡി ത്രില്ലർ എൻ്റർടെയ്നറായി ആളുകളെ ചിരിപ്പിച്ചു നേടിയ വിജയമാണ് മന്ദാകിനിയുടേത്.