Review | മന്ദാകിനി: വിവാഹ പ്രമേയത്തിലൊരു പ്രണയകഥ; അൽത്താഫ് സലിമും അനാർക്കലി മരിക്കാറും തകർത്തു
/ സോണി കല്ലറയ്ക്കൽ
(KVARTHA) നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്ത് അനാർക്കലി മരിക്കാർ, അൽത്താഫ് സലിം എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ മന്ദാകിനി റിലീസ് ആയിരിക്കുകയാണ്. പടത്തെ പറ്റി ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഒരുപാട് ചിരിക്കാനുള്ള ഒരു കൊച്ചു ചിത്രം. ഒരു കല്യാണ വീട്ടിൽ നടക്കുന്ന കുറെ സംഭവങ്ങൾ വളരെ രസകരമായി എടുത്തിട്ടുണ്ട്. അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിൽ ഒരു കുടുംബം തന്നെ ബാധിക്കപ്പെടുന്നതും ഒക്കെയാണ് മന്ദാകിനി പറയുന്നത്. പ്രേക്ഷകനെ രണ്ട് മണിക്കൂർ തീയേറ്ററിൽ പിടിച്ചിരുത്താനും ചിരിപ്പിക്കാനും വകയുള്ള ഒരു കൊച്ചു കോമഡി ചിത്രമാണ് മന്ദാകിനി എന്ന് വിശേഷിപ്പിക്കാം.
വിദ്യാർത്ഥി കാലം തൊട്ട് പലരും പ്രണയത്തിൽ പെടാറുണ്ട്. പലപ്പോഴും പ്രണയം അങ്ങോട്ട് മാത്രമേ കാണുകയുള്ളു. ഇങ്ങോട്ട് കാണുകയുമില്ല. കൂടുതലും ഇത് ആൺകുട്ടികളിലാണ് പ്രകടമാകുന്നത്. അതുപോലെയാണ് ഈ ചിത്രത്തിലെ നായകനും സംഭവിച്ചത്. ഇതിലെ നായകൻ ആരോമൽ പലരെയും പ്രണയിച്ചിട്ടുണ്ട്. പക്ഷേ, എല്ലാം വൺവേ പ്രണയം ആയിരുന്നു. ഒരു പെണ്ണും ഇങ്ങോട്ട് പ്രണയിച്ചിട്ടില്ല. അതിൽ വിഷമം പൂണ്ട് ഇരിക്കുമ്പോഴാണ് അമ്പിളി എന്ന പെൺകുട്ടി തൻ്റെ ജീവിതത്തിലേയ്ക്ക് ഭാര്യയായി കടന്നുവരുന്നത്. അമ്പിളി തൻ്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുമ്പോൾ പഴയ പ്രണയനൈരാശ്യമെല്ലാം മാറി ആരോമൽ സന്തുഷ്ടനാകുന്നു.
മറ്റ് പ്രണയങ്ങളോന്നും നടക്കാതെ പോയത് ഈ അമ്പിളിക്ക് വേണ്ടിയായിരിക്കാം എന്ന് കരുതി നഷ്ടപ്രണയങ്ങളെ ഓർത്ത് സന്തുഷ്ടനാകുന്ന നായകനെയാണ് ഈ സിനിമയിൽ കാണാൻ സാധിക്കുക. എന്നാൽ വന്നു കയറിയ പ്രിയതമയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് ആദ്യ രാത്രിയിൽ തന്നെ ഒരു ഭർത്താവ് കേട്ടാലോ! ചങ്കിടിപ്പ് കൂടുമോ, കുറയുമോ? അതുപോലെ വിവാഹത്തിൻ്റെ ഒറ്റ ദിവസം കൊണ്ട് ഒരിക്കലും ചിന്തിക്കാനാവാത്ത ചില സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു ഇതിലെ നായകന്. ശരിക്കും അവിടെയാണ് ഈ സിനിമ പ്രേക്ഷകരെ പൊട്ടിച്ചിരിയിലേയ്ക്ക് കൊണ്ടുപോകുന്നത്. പിന്നെ നടക്കുന്ന ഓരോ കാര്യങ്ങളും ആകാംക്ഷയോടെ കണ്ടിരിക്കാൻ വിധം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു മന്ദാകിനി.
കോമഡി എന്ന് പറഞ്ഞു കാണിക്കുന്ന കാട്ടികൂട്ടലുകൾ അല്ല മന്ദാകിനി. സീനുകളുടെ പ്രാധാന്യം മനസിലാക്കി കൃത്യമായി ഹ്യൂമറിനെ പ്ലേസ് ചെയുന്നുണ്ട് സിനിമയിൽ. ഒറ്റ ദിവസം നടക്കുന്ന കഥയെ വളരെ ഇൻട്രസ്റ്റിംഗ് ആയി സിനിമ അവതരിപ്പിക്കുന്നുണ്ട്. അൽത്താഫും അനാർക്കലിയും സിനിമയിൽ മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്നത്തെ മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യം കുറഞ്ഞു വരുന്നു എന്ന പരാതി ഈ സിനിമ പരിഹരിക്കുന്നുണ്ട്. സിനിമയെ എലവേറ്റ് ചെയ്യിപ്പിക്കുന്ന സീനുകളിൽ ഒക്കെ അടിപൊളിയാക്കുന്നത് സ്ത്രീ കഥാപാത്രങ്ങൾ ആണ്. മൊത്തത്തിൽ ഒരു എക്സ്ട്രാ ഓർഡിനറി സിനിയാണ് മന്ദാകിനി.
ആദ്യമായി ഒരു സിനിമ ചെയ്യുന്നു എന്നതിൻറെ യാതൊരുവിധ കുറ്റങ്ങളോ കുറവുകളോ പ്രേക്ഷകർക്ക് തോന്നാത്ത രീതിയിൽ പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചുകൊണ്ടുള്ള കഥപറച്ചിൽ ആണ് വിനോദ് ലീല നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്. വലിയ താരങ്ങളൊന്നും ഇല്ലാത്ത ഈ ചിത്രത്തെ ഇത്രക്ക് മനോഹരമാക്കാമെങ്കിൽ വരും കാലങ്ങളിൽ മന്ദാകിനിക്കും മുകളിൽ നിൽക്കുന്ന സിനിമകൾ ചെയ്യുമെന്ന പ്രതീക്ഷ അദ്ദേഹം നൽകുന്നുണ്ട്. ചിത്രത്തിന്‍റെ സഹതാരങ്ങൾ നർമ്മ രംഗങ്ങളിൽ വളരെ മികച്ചു നിന്നു എന്ന് പറയേണ്ടി വരും. വിനീത് തട്ടില്‍, കുട്ടി അഖില്‍ എന്നിവരൊക്കെ തകർപ്പൻ അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കിയും ഈ സിനിമയിൽ മോശമല്ലാത്ത ചിരി സമ്മാനിക്കുന്നുണ്ട്.
പുതിയ സംഭവങ്ങളും ട്വിസ്റ്റുകളും ആയി ഈ സിനിമ ആസ്വാദകനെ ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്നു. ശരിക്കും ഒരു മുഷിപ്പ് പ്രേക്ഷകന് അനുഭവപ്പെടുന്നില്ലെന്നതാണ് വാസ്തവം. വയറു നിറച്ച് ഒരു വിഭവസമൃദ്ധമായ സദ്യ ഉണ്ട പ്രതീതി. അതിന് ഈ സിനിമയുടെ തിരക്കഥാകൃത്തിന് കൈകൊടുക്കണം. ഒരു ദിവസം രാവിലെ മുതല്‍ രാത്രി വരെ നീളുന്ന കഥയിലൂടെ വിഷ്വലി പ്രേക്ഷകരെ അനായാസം കൂട്ടിക്കൊണ്ടുപോകുന്നുണ്ട് ഷിജു എം ഭാസ്കറിന്‍റെ ക്യാമറ. ക്യാമറാമാന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ കഥയും. ഷെറില്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിബിന്‍ അശോക് ആണ്.
വിനീത് തട്ടിൽ അവതരിപ്പിച്ച ഉണ്ണി അളിയൻ റോൾ വൻ കിടു ആയിരുന്നു. അത് പ്രത്യേകം എടുത്തു പറയാതെ തരമില്ല. സിനിമയിലെ പാട്ടുകൾ എല്ലാം മികച്ചത് ആയിരുന്നു. വട്ടേപ്പം പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് ഒക്കെ കിടു എന്ന് വേണം വിശേഷിപ്പിക്കാൻ. മന്ദാകിനിയെ നമുക്ക് വെറുമൊരു കോമഡി എന്റർടൈനർ എന്ന ജോണറിൽ മാത്രം ഒതുക്കി നിർത്താൻ കഴിയില്ല. കാരണം മന്ദാകിനി തമാശയിലൂടെ പറഞ്ഞു വെക്കുന്നത് അൽപം ഇമോഷണൽ ആയ സീരിയസ് ആയ സമൂഹത്തിൽ പലരും നേരിടേണ്ടിവന്ന പല പ്രശ്നങ്ങളെക്കുറിച്ചും കൂടിയാണ്. കുടുംബമൊക്കെയായി പോയി മനസ്സറിഞ്ഞു ചിരിക്കാൻ പറ്റിയ നല്ലൊരു പടം തന്നെയാണ് മന്ദാകിനി.