LS Result | മണിപ്പൂർ ഇന്ത്യയിലാണ്, തൃശൂരിലെ ചില ക്രിസ്ത്യാനികൾക്കറിയില്ലെങ്കിൽ ഫൈസാബാദിലെ ഹിന്ദുവിനറിയാം
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിയ്ക്ക് കാലു തൊടാനായില്ല
(KVARTHA) ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാക്യമാണ്. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപി വിജയിച്ചതിനെത്തുടർന്നാണ് മണിപ്പൂരിനെപ്പറ്റി ക്രിസ്ത്യാനികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നത്. കാലാകാലങ്ങൾ തൃശൂരിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ സമുദായത്തിൻ്റെ വോട്ടുകൾ ഒറ്റക്കെട്ടായി ബി.ജെ.പിയിലേയ്ക്ക് എത്തപ്പെട്ടതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിച്ചതെന്ന് കരുതുന്ന ഒരു വലിയ വിഭാഗം ജനത കേരളത്തിലുണ്ട്. തൃശൂരിൽ ഇങ്ങനെ സംഭവിക്കാൻ സാധിച്ച പ്രധാന ഘടകം ഇപ്പോൾ ക്രിസ്ത്യാനികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരോധം തന്നെയാണെന്നാണ് വാദം.
സ്വന്തം ആൾക്കാർ മണിപ്പൂരിൽ കൂട്ടക്കൊലയ്ക്ക് ഇടയാകുന്ന സാഹചര്യം ഉണ്ടായിട്ട് പോലും മുസ്ലിം വിരോധം ഒന്നുകൊണ്ട് മാത്രം മുസ്ലിങ്ങൾക്ക് എതിരായി നിലപാട് പുലർത്തുന്നവരെ മാലയിട്ട് സ്വീകരിക്കുന്ന ഏർപ്പാടാണ് കഴിഞ്ഞ കുറെ നാളായി ക്രിസ്ത്യാനികളിൽ തന്നെ ചില കത്തോലിക്കാ സഭകളും അതിൻ്റെ മേലധ്യക്ഷന്മാരും സ്വീകരിച്ചു വരുന്നതെന്നാണ് ആക്ഷേപം. ഇവരെ ഇപ്പോൾ അലട്ടുന്ന വിഷയം മുസ്ലീം വെറുപ്പ് ആണ്. മുസ്ലീങ്ങൾ രക്ഷപ്പടരുത്. അതിനിടയിൽ സ്വയം ചത്താലും വേണ്ടില്ല. മുസ്ലീങ്ങൾ അനുഭവിക്കണം. അങ്ങനെ തീവ്ര നിലപാടുമായി നീങ്ങുന്ന ഒരു വിഭാഗം ക്രൈസ്തവ നേതാക്കൾ ഇപ്പോൾ കളത്തിൽ സജീവം ആയിക്കൊണ്ടിരിക്കുന്നുവെന്നും വിമർശനം ഉയരുന്നു.
മുസ്ലിങ്ങൾക്ക് കേരളത്തിൽ വരുന്ന ഭരണകൂടങ്ങൾ കൂടുതൽ ആയി എന്തോ ചെയ്തുകൊടുക്കുന്നു എന്ന തരത്തിൽ തങ്ങളുടെ ആളുകളിലേയ്ക്ക് സ്പർദ വളർത്തുന്ന രീതിയിലേയ്ക്ക് ആയിരിക്കുകയാണ് ഇപ്പോൾ കാര്യങ്ങൾ. ഇതു മൂതലെടുത്തുകൊണ്ട് ബി.ജെ.പിയും സംഘപരിവാറുമൊക്കെ രംഗത്തു വരുന്നതാണ് കാണുന്നത്. ശരിക്കും പറഞ്ഞാൽ സംഘപരിവാറിൻ്റെയും ബി.ജെ.പിയുടെയും ഒക്കെ കപട സ്നേഹം എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ. മതം ഉണ്ട്, എങ്കിലും മതത്തിൻ്റെ പേരിൽ ആക്രമം ആഴിച്ച് വിടുക . അന്യമതത്തിൽപ്പെട്ട വരെ കോണ്ട് സ്വന്തം ദൈവത്തിൻ്റെ നാമം ഉരുവിടിപ്പിക്കുക, മറ്റു മതസ്ഥരുടെ ആരാധനലായം പൊളിക്കുക, ബീഫ് കഴിച്ചതിൻ്റെ പേരിൽ പരസ്യം ആയി തല്ലിക്കൊല്ലുക തുടങ്ങിവയൊന്നും ഇവിടെ ചെയ്യുന്നത് ഒരു മുസ്ലിം അല്ലെന്ന് ഇത്തരം ക്രിസ്ത്യൻ മേലധികാരികൾ മറക്കരുത്.
മുസ്ലിം പേരുണ്ടായാലോ മുസ്ലിങ്ങളെ ആരെങ്കിലും സപ്പോർട്ട് ചെയ്ത് സംസാരിച്ചാലോ അവരൊക്കെ വർഗീയവാദികളും തീവ്രവാദികളും ആണ് സംഘ്പരിവാരുടെ കണ്ണിൽ. അവരെയൊക്കെ പിന്തുണയ്ക്കുന്നവർ ആരായാലും നാളെ ഇതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് തീർച്ച. രാജ്യത്ത് ഇത്രമാത്ര വർഗീയ ലഹളയും അതിൻ്റെ പേരിൽ ഉണ്ടായ അക്രമം ഏറ്റവും കൂടുതൽ നടന്നത് ഈ 10 വർഷക്കാലത്തിനിടയിൽ ആണെന്നത് മറക്കരുത് . ഇന്ന് മണിപ്പൂരിൽ ഒരു ജനത അനുഭവിക്കുന്ന കൊടിയ പീഡനം മറന്നുകൊണ്ടാവരുത് ക്രിസ്ത്യൻസിൽ ചിലരുടെ ഈ സംഘപരിവാർ പ്രീണനം.
ബി.ജെ.പിക്കാരനല്ലെങ്കിൽ എൻ.ഡി.എ സ്ഥാനാർത്ഥി കേരളത്തിൽ ആദ്യമായി ലോക് സഭാ ഇലക്ഷനിൽ ജയിച്ചത് 2004ൽ ആയിരുന്നു, മൂവാറ്റുപുഴയിൽ നിന്ന്. ഇന്ന് മൂവാറ്റുപുഴ ലോക് സഭാ മണ്ഡലം ഇല്ല. അന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി.തോമസ് ആയിരുന്നു മൂവാറ്റുപുഴയിലെ വിജയി. അന്ന് അവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി. അന്നും സംഭവിച്ചത് ക്രൈസ്തവ വോട്ടുകൾ എൻ.ഡി.എ സ്ഥാനാർത്ഥിയ്ക്ക് അനുകൂലമായി മാറിയതാണ്. ബി.ജെ.പി വളർത്താൻ ചില ക്രൈസ്തവ വിശ്വാസികൾ നടത്തുന്ന ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി തുടങ്ങിയതാണ് . അധികാരവും ബിസിനസ്സും തന്നെ ലക്ഷ്യം. അതിനുള്ള ചരടുവലികളാണ് ഇവിടെ ശരിക്കും നടക്കുന്നത്.
എന്തായാലും ഒരു കാര്യം സത്യം പള്ളി പൊളിച്ച് അമ്പലം പണിത അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പിയ്ക്ക് കാലു തൊടാനായില്ല. വാരണാസിയിലും പ്രധാനമന്ത്രി ഇക്കുറി വിയർക്കുന്നതാണ് കണ്ടത്. മുസ്ലിം സമുദായത്തിൻ്റെ നിലപാടുകളെ ഉൾക്കൊള്ളുന്ന ഒരു വിഭാഗം നല്ല ഹിന്ദുക്കൾ ഇവിടെയുണ്ടെന്നുള്ളതിന് തെളിവാണ് ഇത്. അതാണ് നമ്മുടെ സംസ്‌കാരവും. പണ്ട് ഒരു ബിഷപ്പ് ആഹ്വാനം ചെയ്തു, റബ്ബർ വില 300 രൂപ ആക്കുന്നവർ ആരാണെങ്കിലും അവരെ പിന്തുണയ്ക്കുമെന്ന്. ഈ കരച്ചിൽ ബി.ജെ.പിയ്ക്ക് വേണ്ടിയായിരുന്നെന്ന് എല്ലാവർക്കും അറിയാം. ഇവർക്കൊക്കെ മണിപ്പൂർ അല്ല പ്രശ്നം എന്ന് ക്രിസ്ത്യൻ സമുദായവും തിരിച്ചറിഞ്ഞാൽ നന്നായിരുന്നു. മണിപ്പൂരിൽ കണ്ട വികസനം ഇങ്ങ് കേരളത്തിൽ വേണമെന്ന് വാശി പിടിക്കുന്ന ഒരു സംഘം, അത്രയേ ഉള്ളൂ ഇവരെ കുറിച്ച് പറയാൻ.