Claim | 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം ഇവിടെയുണ്ട്! നിർണായക വെളിപ്പെടുത്തൽ; ഒരു പതിറ്റാണ്ടായി തുടരുന്ന നിഗൂഢതയ്ക്ക് ഉത്തരമാകുമോ?
* 100 മില്യൺ പൗണ്ടിലധികം ചെലവിലും 46,300 ചതുരശ്ര മൈൽ വിസ്തൃതിയിലും ലോകരാജ്യങ്ങൾ പത്തുവർഷം തിരച്ചിൽ നടത്തിയിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ന്യൂഡൽഹി: (KVARTHA) മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 (MH370) വിമാനം അപ്രത്യക്ഷതമായത് ലോകത്തെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായി ഇപ്പോഴും തുടരുകയാണ്. 2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്ന് ചൈനയിലെ ബീജിംഗിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. എന്നാൽ, പെട്ടെന്ന് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. 239 യാത്രക്കാരുമായി വിമാനം പിന്നീട് എങ്ങോട്ട് പോയെന്ന് ഒരു വിവരവുമില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ വർഷങ്ങളോളം നടന്നു.
ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങൾ തിരച്ചിലിനായി സഹകരിച്ചിരുന്നു. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയോ തകർന്നതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ 100 മില്യൺ പൗണ്ടിലധികം ചെലവിലും 46,300 ചതുരശ്ര മൈൽ വിസ്തൃതിയിലും ലോകരാജ്യങ്ങൾ പത്തുവർഷം തിരച്ചിൽ നടത്തിയിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞന്റെ അവകാശവാദം
ഇപ്പോൾ, ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനായ വിൻസെന്റ് ലൈൻ, എംഎച്ച് 370-ന്റെ അവശിഷ്ടങ്ങൾ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. താസ്മാനിയ സർവകലാശാലയിലെ അദ്ധ്യാപകനായ ലൈൻ, വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ആഴമേറിയ ഗർത്തത്തിലാണ് ഉള്ളതെന്ന് പറയുന്നു. ഈ ഗർത്തം 6000 മീറ്റർ ആഴമുള്ളതാണെന്നും ലൈൻ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.
വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രോക്കൺ റിഡ്ജിന്റെ കിഴക്കേ അറ്റത്തുള്ള ഈ ഗർത്തം അപകടകരമായ സമുദ്രാന്തരീക്ഷത്തിന് പേരുകേട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ലൈൻ പറയുന്നപ്രകാരം, ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴമേറിയ ഗർത്തത്തിൽ അഗ്നിപർവതങ്ങളും, വലിയ പാറക്കല്ലുകളും, ആഴമേറിയ കിടങ്ങുകളും ഉണ്ട്. ഇവിടെയാണ് വിമാനം മുങ്ങിപ്പോയത് എന്നാണ് ലൈന്റെ അവകാശവാദം.
'ആ സ്ഥലം ഉന്നത പരിഗണനയോടെ സ്ഥിരീകരിക്കേണ്ടതുണ്ട്. അത് തിരച്ചിലിന് വിധേയമാകുമോ ഇല്ലയോ എന്നത് ഉദ്യോഗസ്ഥരെയും തിരച്ചിൽ കമ്പനികളെയും ആശ്രയിച്ചിരിക്കുന്നു, എന്നാൽ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, നമുക്ക് മുൻ തിരച്ചിലുകൾ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയാം, അതുപോലെ ശാസ്ത്രം വ്യക്തമായി എംഎച്ച് 370 എവിടെയാണെന്ന് ചൂണ്ടിക്കാണിക്കുന്നു', അദ്ദേഹം കുറിച്ചു.
വിമാനത്തിന്റെ നിഗൂഢത
വിമാനം കാണാതായതിന് പിന്നിലെ നിഗൂഢത നിരവധി സിദ്ധാന്തങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രബല അഭിപ്രായം. വിമാനത്തിന്റെ പൈലറ്റ് ആ വിമാനം ആ സ്ഥലത്ത് ഇടിച്ചിറക്കിയതാണെന്നാണ് വിൻസെന്റ് ലൈനും പറയുന്നത്. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുൻപ് പൈലറ്റ് അത്മഹത്യ ചെയ്തതാണ് എന്നുള്ള നിരവധി സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതുവരെ ഈ സിദ്ധാന്തങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വിമാനം അപ്രത്യക്ഷമാകുന്നതിന് മുൻപ് അതിന്റെ നിശ്ചിത പാതയിൽ നിന്ന് അപ്രതീക്ഷിതമായി തിരിഞ്ഞിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ നേതൃത്വം നൽകിയ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലിന് ശേഷവും, ഇന്ത്യൻ മഹാസമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്ത് വിമാനത്തിന്റെ ഒരു അടയാളവും കണ്ടെത്താൻ സാധിച്ചില്ല. ഉപഗ്രഹ വിവരങ്ങളുടെ വിശകലനമനുസരിച്ച്, വിമാനം പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയോ തകർന്നുവീണിരിക്കണം. എന്നിരുന്നാലും, രണ്ട് വ്യാപകമായ തിരച്ചിലുകൾ വിശേഷകരമായ ഫലങ്ങൾ ഉണ്ടാക്കിയില്ല.
2014 മുതൽ മഡഗാസ്കർ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആറ് രാജ്യങ്ങളിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങളായി കരുതുന്ന 33 കഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, എംഎച്ച് 370 ൽ നിന്നുള്ള മൂന്ന് ചിറകുകളുടെ ഭാഗങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത്. അമേരിക്കൻ റോബോട്ടിക്സ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റി 2018-ൽ ഏകദേശം 50,000 ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള ഒരു പ്രദേശം അന്തർജല വാഹനങ്ങൾ ഉപയോഗിച്ച് വ്യാപകമായി തിരച്ചില്‍ നടത്തി. എന്നിരുന്നാലും, തിരച്ചില്‍ ഫലം കണ്ടില്ല.
വിമാനം അപ്രത്യക്ഷമാകുന്നതിന് മുൻപ്, പൈലറ്റ് അതിനോട് സാമ്യമുള്ള പാതകൾ അദ്ദേഹത്തിന്റെ വീട്ടിൽ നിർമ്മിച്ച അത്യാധുനിക ഫ്ലൈറ്റ് സിമുലേറ്ററിൽ പരിശീലിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മലേഷ്യൻ പൊലീസ് പൈലറ്റിന്റെ അവസാന ദിവസങ്ങൾ അന്വേഷിച്ചതിന്റെ ഭാഗമായി, ന്യൂയോർക്ക് ടൈംസ് ഈ രഹസ്യ രേഖകൾ ആക്‌സസ് ചെയ്തു. എംഎച്ച് 370-ന്റെ അപ്രത്യക്ഷത ഒരു ആകസ്മിക അപകടമല്ല, മറിച്ച് ആസൂത്രിതമായ കൂട്ട ആത്മഹത്യയാണെന്ന സിദ്ധാന്തത്തെ പിന്തുണിക്കുന്ന നിർണായക തെളിവുകൾ ഇതിലുണ്ടെന്ന് പ്രസിദ്ധീകരണം പറയുന്നു. എന്നാൽ കാരണമോ, എവിടെയെന്നോ അറിയാതെ ഇന്നും ദുരൂഹമായി തുടരുകയാണ് മലേഷ്യൻ വിമാനവും അതിലെ യാത്രക്കാരും.