താനെയില്‍ ദുരന്തങ്ങള്‍ക്ക് അറുതിയില്ല ; 3 നില കെട്ടിടം തകര്‍ന്ന് 11 മരണം,മരണസംഖ്യ ഉയരാന്‍ സാധ്യത

 


താനെ: (www.kvartha.com 04/08/2015) മഹാരാഷ്ട്രയിലെ താനെയില്‍ ദുരന്തങ്ങള്‍ക്ക് അറുതിയില്ല. മൂന്നുനില കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

താനെയിലെ ബകാബിന്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. അര നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു കെട്ടിടം. അഞ്ചു കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കാലപഴക്കം ചെന്നതിനാല്‍ കെട്ടിടത്തില്‍ നിന്ന് ഒഴിയണമെന്ന് നഗരസഭ ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും  ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല.

അപകടമുണ്ടായ ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പെട്ടു. വിവരമറിഞ്ഞെത്തിയ താനെ, കല്യാണ്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞദിവസം താനെക്കടുത്ത് ഇതിന് സമാനമായുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.


Keywords:  11 dead, several feared trapped after building collapses in Thane, Malayalees, Police, Natives, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia