Commemoration | ദയാനന്ദ സരസ്വതി മൺ മറഞ്ഞിട്ട് 141 വർഷങ്ങൾ; അന്ധവിശ്വാസങ്ങൾക്കെതിരെ പടപൊരുതിയ സാമൂഹ്യ പരിഷ്കർത്താവ്
● അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ പ്രചാരണം നടത്തി.
● സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടി.
● ആര്യസമാജം സ്ഥാപിച്ചു.
നവോദിത്ത് ബാബു
(KVARTHA) ജാതിമത വ്യവസ്ഥകളും സാമൂഹ്യ അനാചാരങ്ങളും അന്ധവിശ്വാസങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ ജനതക്ക് ദിശാബോധം പകർന്ന സാമൂഹ്യ പരിഷ്കർത്താവാണ് സ്വാമി ദയാനന്ദ സരസ്വതി. 1824 ഫെബ്രുവരി 12ന് കത്തിയവാറിലെ മോർവിൽ ഗ്രാമത്തിൽ പൂർണ ദൈവവിശ്വാസികളുടെ കുടുംബത്തിൽ ധനുരാശിയിലെ മൂലം നക്ഷത്രത്തിൽ ജനിച്ച മൂൽ ശങ്കർ അസാധാരണ ധിഷണ ശേഷിയുള്ള ഒരു കുട്ടിയായിരുന്നു. തനിക്ക് വിശ്വാസം വരാത്ത ഏതിനേയും തനിക്ക് തൃപ്തികരമായ മറുപടി കിട്ടുന്നത് വരെ ചോദ്യം ചെയ്യുക എന്നത് ബാലന്റെ ശീലമായിരുന്നു.
പൂർണമായ വ്രതാനുഷ്ഠാനവും ഉപവാസവുമായി ശിവാരാധന നടത്തിയ സ്വന്തം കുടുംബത്തിന്റെ ഭാഗമായി മൂൽശങ്കർ എന്ന ബാലനും സജീവമായി പങ്കെടുത്തിരുന്നു. ഒരിക്കൽ ഒരു ശിവരാത്രി നാളിൽ ശിവ വിഗ്രഹത്തിനു മുമ്പിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ഒരു എലി നിവേദ്യ ഭക്ഷണങ്ങൾ കഴിക്കുന്നതും ശിവന്റെ വിഗ്രഹത്തിൽ കൂടി ഓടിക്കളിക്കുന്നതും കണ്ട ബാലന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു. ഈ വിശ്വാസപ്രമാണങ്ങളെല്ലാം തെറ്റാണ് എന്ന ബോധ്യം വന്നു. കേവലം ഒരു എലിക്ക് ചവിട്ടി മെതിക്കാൻ പറ്റുന്നതാണ് എങ്കിൽ വിഗ്രഹത്തിന് ആത്മീയ പ്രാധാന്യം നൽകേണ്ടതില്ല എന്ന ബോധം ആ പിഞ്ചുമനസ്സിൽ തറച്ചു.
ചോദ്യങ്ങൾ ഉന്നയിച്ചു. തൃപ്തികമായ മറുപടി എവിടെ നിന്നും ലഭിച്ചില്ല. വിവാഹം കഴിച്ചാൽ മകന്റെ സ്വഭാവം മാറും എന്ന് കരുതിയ രക്ഷിതാക്കൾ അതിന് ഒരുക്കം കൂട്ടുമ്പോൾ അതിൽ നിന്നും വഴിമാറി തന്റെ ചോദ്യത്തിനുള്ള ഉത്തരം തേടി 21-ാം വയസിൽ ആ യുവാവ് ഇറങ്ങി. കോളറ ബാധിച്ച് സഹോദരിയും അമ്മാവനും മരിച്ചതും ആ കുട്ടിയെ ദൈവവിശ്വാസത്തിൽ നിന്ന് മാറ്റി ചിന്തിപ്പിച്ചു. രണ്ടു ദശകം നീണ്ട യാത്രയ്ക്കിടെ സ്വാമി വൃജനന്ദ എന്ന ഗുരുവിനെ കണ്ടെത്തി. അന്വേഷണങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടി. രണ്ടുവർഷത്തിലേറെ ശിഷ്യനായി കൂടെക്കൂടി. തിരിച്ചുവന്ന് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കുക എന്ന ലക്ഷ്യത്തോടെ ആര്യ സമാജം സ്ഥാപിച്ചു.
തന്റെ സിദ്ധാന്തങ്ങൾ സത്യാർത്ഥ പ്രകാശം എന്ന ഗ്രന്ഥത്തിലുടെ ലോകത്തിന് മുമ്പാകെ എത്തിക്കാനും സ്വാമിക്ക് സാധിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയും, സതി ആചാരത്തിനെതിരായും, ശൈശവ വിവാഹത്തിനെതിരായും സമാജം വളരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തി. വേദങ്ങളിൽ പറയാത്ത പല കാര്യങ്ങളും ആണ് ഉന്നത കുലജാതർ നടത്തുന്നത് എന്ന് ബോധ്യമായതിനാൽ വേദങ്ങളിലേക്ക് മടങ്ങാൻ സ്വാമി ആഹ്വാനം ചെയ്യുകയുണ്ടായി. ഇന്ത്യയിൽ വിഘടിച്ചു നിന്ന ജനങ്ങളിൽ സ്വാതന്ത്ര്യബോധം വളർത്തുവാനായി ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം അവരുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തതും സ്വാമിയാണ്.
പിന്നീട് ബാലഗംഗാധര തിലകൻ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന് വിളിച്ചത് സ്വാമിയുടെ ഈ വാചകത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടാണ്. സ്വാതന്ത്ര്യസമര പോരാട്ട വീഥിയിലെ മിതവാദികളും തീവ്രവാദികളും ഭഗത് സിംഗ് മുതൽ സർദാർ പട്ടേൽ വരെ സ്വാമി ദയാനന്ദ സരസ്വതിയുടെ വാക്കുകളിൽ ആകൃഷ്ടനായിരുന്നു എന്നത് ആ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടുന്ന ഒന്നാണ്. വ്യത്യസ്ത രീതിയിലുള്ള അവരുടെ പദ്ധതികൾ കോർത്തിണക്കാൻ സ്വാമിയുടെ ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
തന്റെ മനക്കരുത്ത് കൊണ്ട് മരണത്തെ അതിജീവിക്കാൻ നിരവധി തവണ സ്വാമിക്ക് സാധിച്ചിട്ടുണ്ട്.
ബോധം കെടുത്തി ഗംഗാനദിയുടെ ആഴത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴും പ്രാണയാമം എന്ന തന്റെ കഴിവുകൊണ്ട് തിരിച്ചു വരാൻ സാധിച്ചു. തികച്ചും ചതിയിൽ പെട്ടായിരുന്നു സ്വാമിയുടെ അന്ത്യം. ജോധ്പൂർ കൊട്ടാരത്തിൽ ജസ്വന്ത് സിംഗ് രാജാവ് ക്ഷണിച്ചുവരുത്തി. അവിടെയുണ്ടായ നാനി ജാൻ എന്ന നർത്തകിയുടെ ചില നടപടികളിൽ സ്വാമി ചോദ്യം ചെയ്തതിൽ ഉണ്ടായ പ്രതിഷേധം കാരണം കൊട്ടാരം പാചകക്കാരനെ ഈ നർത്തകി വിലക്കെടുക്കുകയും സ്വാമിയുടെ ഭക്ഷണത്തിൽ ചെറിയ കുപ്പിച്ചില്ലുകൾ നിറക്കുകയും അറിയാതെ വയറിൽ കയറിയ ഭക്ഷണം ശരീരത്തിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും ചികിത്സ കിട്ടാതെ സ്വാമി മരണപ്പെടുകയും ആണ് ഉണ്ടായത്.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടന്ന ഇന്ത്യൻ ജനതയ്ക്ക് ആത്മബോധം പകർന്ന നേരായ വഴി കാണിച്ച സ്വാമി ദയാനന്ദ സരസ്വതിയുടെ 141-ാമത് ചരമ വാർഷിക ദിനമാണ് ഒക്ടോബർ 30 ബുധനാഴ്ച.
#DayanandaSaraswati #AryaSamaj #SocialReformer #India #Hinduism #Vedic #WomenRights #CasteSystem