സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവതിനും പത്‌നി മധുലിക റാവതിനും ആദരവോടെ വിടചൊല്ലി രാജ്യം; സംസ്‌കരിച്ചത് ഒരേ ചിതയില്‍; തീകൊളുത്തിയത് മക്കളായ കൃതികയും തരിണിയും

 


ന്യൂഡെല്‍ഹി: (www.kvartha.com 10.12.2021) കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവതിനും പത്‌നി മധുലിക റാവതിനും ആദരവോടെ വിടചൊല്ലി രാജ്യം. ബ്രാര്‍ സ്‌ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് 17 ഗണ്‍ സലൂടോടെ ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ നടത്തി. മൃതദേഹങ്ങള്‍ വിലാപയാത്രയായാണു ബ്രാര്‍ സ്‌ക്വയറിലേക്കെത്തിച്ചത്.

രാവിലെ മുതലാണ് ബിപിന്‍ റാവതിന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കൂടിയതോടെ പൊതുദര്‍ശനം നീണ്ടുപോയി.

3.30 മുതല്‍ നാലുമണി വരെ ബ്രാര്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വിവിഐപികള്‍ അന്ത്യാഭിവാദ്യം അര്‍പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ബ്രാര്‍ സ്‌ക്വയറിലെത്തി അന്ത്യാഞ്ജലി അര്‍പിച്ചു. മതപരമായ ചടങ്ങുകള്‍ക്കായി വൈകിട്ട് 4.45 ഓടെ മൃതദേഹങ്ങള്‍ ഒരേ ചിതയിലേക്കെടുത്തു. മക്കളായ കൃതികയും തരിണിയും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.

17 ഗണ്‍ സലൂട് നല്‍കി സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. എണ്ണൂറോളം സേനാ ഉദ്യോഗസ്ഥരാണ് സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകാനെത്തിയത്. ബ്രിഗേഡിയര്‍ റാങ്കിലുള്ള 12 ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. 'ഭാരത് മാതാ കീ ജയ്' വിളികളുമായി ആയിരങ്ങളാണ് ബ്രാര്‍ സ്‌ക്വയറിന് സമീപം തടിച്ചു കൂടിയത്.

ബിപിന്‍ റാവത് തന്റെ കര്‍മമണ്ഡലത്തില്‍ ഏറിയ പങ്കും ചെലവഴിച്ച സ്ഥലമാണ് ഡെല്‍ഹി. തെരുവീഥികളിലൂടെ സൈനിക മേധാവിയുടെ ചേതനയറ്റ ശരീരം കടന്നുപോകുന്നത് താങ്ങാനാവാതെ പലരും വിങ്ങിപ്പൊട്ടി. ത്രിവര്‍ണ പതാക വീശിയുള്ള 'ജയ് ഹിന്ദ്,' 'അമര്‍ രഹേ' വിളികളാല്‍ മുഖരിതമായിരുന്നു വഴികള്‍. വാഹനത്തിനൊപ്പം ആള്‍ക്കൂട്ടം ഓടുകയായിരുന്നു

ശ്രീലങ്ക, ഭൂടാന്‍, നേപാള്‍, ബന്‍ഗ്ലാദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാരും വിദേശ നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവതിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പിച്ചു.

ഇന്‍ഡ്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് ബിപിന്‍ റാവത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് ചുമതലയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഊടിക്കു സമീപമുള്ള കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ബിപിന്‍ റാവതും ഭാര്യയും ഉള്‍പെടെ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വാറന്റ് ഓഫിസര്‍ എ പ്രദീപും ഉള്‍പെടുന്നു.
 
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവതിനും പത്‌നി മധുലിക റാവതിനും ആദരവോടെ വിടചൊല്ലി രാജ്യം; സംസ്‌കരിച്ചത് ഒരേ ചിതയില്‍; തീകൊളുത്തിയത് മക്കളായ കൃതികയും തരിണിയും

പരിക്കേറ്റ ഗ്രൂപ് കാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ബെന്‍ഗ്ലൂറുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. 80 ശതമാനം പൊള്ളലേറ്റ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് ഒരു നല്ല ലക്ഷണമായാണ് കാണുന്നതെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

Keywords:  17-gun salute for Gen Bipin Rawat as daughters perform last-rites, New Delhi, News, Helicopter Collision, Dead Body, Funeral, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia