Legacy | കുഞ്ഞുണ്ണിമാഷ് വിട വാങ്ങിയിട്ട് 19 വർഷം; കുഞ്ഞു വരികളിലെ ജീവിത ദർശനം 

 
Kunjunni Mash, Malayalam poet, children's poet, literature for kids, short poems
Kunjunni Mash, Malayalam poet, children's poet, literature for kids, short poems

Photo Credit: Website/ Malayalam Kavithakal

● കുഞ്ഞുണ്ണിമാഷ്, കുട്ടികൾക്ക് വേണ്ടി ലളിതമായ ഭാഷയിൽ കവിതകൾ എഴുതി.
● കവിതകൾ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.
● കുട്ടികൾക്ക് വേണ്ടിയുള്ള സാഹിത്യ പംക്തികൾ അദ്ദേഹം കൈകാര്യം ചെയ്തു.

(KVARTHA) ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി, ബാലസാഹിത്യ മേഖലയിൽ  തന്റേതായ നിരവധി സംഭാവനകൾ നൽകി സാഹിത്യ ആസ്വാദകരുടെ പ്രത്യേകിച്ച് കുട്ടികളുടെ പ്രിയ കവിയായി ജീവിച്ച കുഞ്ഞുണ്ണി മാഷ് വിടവാങ്ങിയിട്ട് മാർച്ച് 26ന് 19 വർഷം. കാച്ചി കുറുക്കിയ വരികളിലൂടെ തനിക്ക് നൽകാനുള്ള ശക്തമായ സാമൂഹിക സന്ദേശം കുട്ടികൾക്ക് പോലും മനസ്സിലാകുന്ന ഭാഷയിൽ പറയാനുള്ള കഴിവാണ് കുഞ്ഞുണ്ണി മാഷുടെ പ്രത്യേകത. 

ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് കവി ശ്രദ്ധേയനാകുന്നത് ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. കുട്ടിക്കാലം മുതലേ കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപഹാസ്യ കൃതികളിൽ വല്ലാതെ ആകൃഷ്ടനായ കുഞ്ഞുണ്ണി തന്റെ ജീവിതത്തിലും അതേ ശൈലി സ്വീകരിക്കുകയായിരുന്നു.  

ചെറു പ്രായത്തിൽ തന്നെ സ്വന്തം തുള്ളൽ കവിതകൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. 

എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ ഉയർന്നുവരുന്ന സാഹിത്യകാരന്മാർക്കെന്നും മാർഗദർശിയായിരുന്നു. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. നമ്പൂരി ഫലിതങ്ങൾ എന്ന പേരിൽ അദ്ദേഹം എഴുതിയ പുസ്തകം  കുട്ടികളെ ഏറ്റവും ആകർഷിച്ച ഒന്നാണ്. വളരെ കുറിയ മനുഷ്യനായ മാഷിനെ ചിലർ തമാശയാക്കിയപ്പോൾ  അതിനു നൽകിയ കാച്ചി കുറുക്കിയ മറുപടി പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്നത് പിന്നീട് ഒരു ശൈലി തന്നെയായി മാറുകയുണ്ടായി. 

തൃശ്ശൂർ ജില്ലയിലെ വലപ്പാട്ട് 1927 മെയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. പക്ഷേ തട്ടകമായി തെരഞ്ഞെടുത്തത് കോഴിക്കോട് ആയിരുന്നു. വലപ്പാടുള്ള അതിയാരത്തു വീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു. കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന മലർവാടി എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ കുഞ്ഞുണ്ണി മാഷും കുട്ടിയോളും എന്ന പേരിൽ 17 വർഷം കുട്ടികൾക്കായുള്ള സാഹിത്യ പംക്തി മാഷ് കൈകാര്യം ചെയ്തിരുന്നു. 

ഒരു വലിയ തലമുറയെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ മാഷ് ഗുരുനാഥനായി പ്രവർത്തിച്ചു. സാഹിത്യകാരൻ എന്നതിലുപരി നല്ലൊരു ചിത്രകാരൻ കൂടിയിരുന്നു കുഞ്ഞുണ്ണി മാഷ്. നിരവധി ചിത്രങ്ങൾ വരച്ചതായി പറയുന്നുണ്ടെങ്കിലും അവയിൽ ബഹുഭൂരിപക്ഷവും കുട്ടികൾക്ക് തന്നെ സമ്മാനമായി നൽകിയതിനാൽ കൃത്യമായ നീക്കിയിരിപ്പ് ഇല്ല. നിരവധി പുരസ്കാരങ്ങൾ ലഭിച്ച കുഞ്ഞുണ്ണി മാഷ്  കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-ന് അന്തരിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Kunjunni Mash, a beloved children's poet and philosopher, passed away 19 years ago. His short poems and simple language continue to inspire generations.

#KunjuunniMaash #PoetryForChildren #MalayalamLiterature #ShortPoems #PhilosophyInPoetry #Kuttiyollu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia