Cloudburst | സികിമില്‍ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ 23 സൈനികരെ കാണാതായി; പശ്ചിമ ബംഗാളില്‍ നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

 


ഗാങ്‌ടോക്: (KVARTHA) സികിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായതായി റിപോര്‍ട്. വടക്കന്‍ സികിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. കാണായവര്‍ക്കുവേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചു.

Cloudburst | സികിമില്‍ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ 23 സൈനികരെ കാണാതായി; പശ്ചിമ ബംഗാളില്‍ നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയും തുറന്നുവിട്ടതിനേത്തുടര്‍ന്ന് നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയുമായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പുയര്‍ന്നു. ബുധനാഴ്ച ലാചെന്‍ താഴ്വരയിലാണ് സംഭവം. പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പെടെ വെള്ളത്തിനടിയിലായി.
 
സിങ്താമിന് സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദുരന്തത്തിന്റെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.

കഴിഞ്ഞ രാത്രി മുഴുവന്‍ സികിമില്‍ കനത്ത മഴയായിരുന്നു. ലൊനാക് തടാകത്തിന് മുകളില്‍ മേഘവിസ്‌ഫോടനം സംഭവിച്ചതോടെ തടാകം കവിഞ്ഞൊഴുകുകയും ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരുകയുമായിരുന്നു. ടീസ്റ്റ നദി സികിമിലൂടെയും പശ്ചിമ ബംഗാളിലൂടെയും ഒഴുകി ബംഗ്ലാദേശില്‍ പ്രവേശിക്കുന്നു.

എന്താണ് മേഘസ്‌ഫോടനം?

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്‌ഫോടനം (Cloudburst) എന്ന് ഒറ്റവാക്കില്‍ നിര്‍വചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

മേഘസ്‌ഫോടനത്തിനു കാരണമെന്ത്? വിദഗ്ധര്‍ പറയുന്നതെന്ത്?

മേഘങ്ങളില്‍ തന്നെ വലിപ്പ - ചെറുപ്പമുള്ളവയുണ്ട്. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയ ഇനമായ 'കുമുലോ നിംബസ്' എന്ന മഴമേഘങ്ങളാണ്, അക്ഷരാര്‍ഥത്തില്‍ മേഘസ്‌ഫോടനമുണ്ടാക്കുന്നത്. എന്നാല്‍, എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്‌ഫോടനമുണ്ടാക്കുന്നില്ല. മേഘസ്‌ഫോടനത്തിന് കാരണമാകുന്ന മേഘങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും.

ഈര്‍പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ്, മേഘങ്ങള്‍ രൂപപ്പെടുന്നത്. അവയില്‍ തന്നെ സവിശേഷ സ്വഭാവമുള്ള കുമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍, അന്തരീക്ഷത്തിന്റെ താഴേത്തട്ടില്‍ നിന്നാരംഭിച്ച് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവയെത്തുന്നു. ഇങ്ങനെയുണ്ടാകുന്ന കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്‌ഫോടനത്തിന് കാരണം.

ഇവയ്ക്കുള്ളില്‍, ശക്തിയേറിയ ഒരു വായുപ്രവാഹം ചാംക്രമണരീതിയില്‍ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് വേഗത്തില്‍ എത്തുന്ന കുമുലോ നിംബസ് മേഘങ്ങള്‍ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകള്‍ കാരണം പതിവിലും ഉയര്‍ന്ന അളവില്‍ അന്തരീക്ഷ ഈര്‍പം വഹിച്ചേക്കാം.

ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതല്‍ -60 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതുകാരണം ഈര്‍പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു. ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങള്‍ ഭൂഗുരുത്വാകര്‍ഷണത്തില്‍ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങള്‍, കൂടുതല്‍ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോള്‍ അന്തരീക്ഷതാപനില ഉയര്‍ന്നതായതിനാല്‍ മഞ്ഞുകണങ്ങള്‍ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയില്‍ പതിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Keywords: News, National, National-News, Malayalam-News, Sikkim News, Gangtok News, River, Teesta, Cloudburst, Soldiers Missing, Flash Flood, Army Personnel, Lhonak Lake, West Bengal, Bangladesh, 23 Soldiers Missing After Cloudburst Triggers Flash Flood In Sikkim.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia