ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ് : 24 പേര്‍ കുറ്റക്കാര്‍, ശിക്ഷ തിങ്കളാഴ്ച

 


അഹമ്മദാബാദ്: (www.kvartha.com 02.06.2016) ഗുജറാത്ത് കലാപത്തിനിടയില്‍ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി. കേസില്‍ ആകെ 66 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ പ്രധാന പ്രതിയും അസര്‍വ സീറ്റിലെ ബി.ജെ.പി കോര്‍പ്പറേറ്ററുമായ ബിപിന്‍ പട്ടേല്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.ഏര്‍ദ എന്നിവരടക്കം 36 പേരെ കോടതി വെറുതെ വിട്ടു.

11 പേര്‍ക്കെതിരെയുള്ള കൊലക്കുറ്റം ശരിവച്ചു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ജഡ്ജി പി.ബി.ദേശായ് ആണ് വിധി പ്രസ്താവിച്ചത്. 2002ലെ ഗുജാറത്ത് കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 28നാണ് ഗുല്‍ബെര്‍ഗ് കൂട്ടക്കൊല അരങ്ങേറിയത്. അക്രമത്തില്‍ 69 പേര്‍ കൊല്ലപ്പെടുകയും 31 പേരെ കാണാതാവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് എംപിയായിരുന്ന എഹ്‌സാന്‍ ജാഫ്രി ഈ അക്രമത്തിനിടെ ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതെല്‍വാദ് നേതൃത്വം നല്‍കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) ആണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയിലെത്തിയത്. സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആര്‍ .കെ.രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കലാപത്തിന്റെ ഇരകളായ 570 സാക്ഷികളെ കോടതി വിസ്തരിച്ചു.  ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്. ഏറ്റവും വലിയ കൂട്ടക്കുരുതി അഹമ്മദാബാദ് നഗരത്തിനുള്ളിലെ നരോദ പാട്യയിലായിരുന്നു. 126 പേരെയാണ് ഇവിടെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ 2012 ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ മുന്‍ മന്ത്രി മായാ കോട്‌നാനി അടക്കം 32 പേരെ ശിക്ഷിച്ചിരുന്നു. കേസിലെ പ്രതികളില്‍ ഒമ്പതു പേര്‍ 14 വര്‍ഷമായി ജയിലിലാണ്. മറ്റുള്ളവര്‍ പലപ്പോഴായി ജാമ്യം ലഭിച്ച് പുറത്തിറങ്ങി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 126 പേരെ ഇതിനകം തന്നെ ശിക്ഷിച്ചിട്ടുണ്ട്. അതേസമയം, ഗുല്‍ബര്‍ഗ് സംഭവവുമായി ബന്ധപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ നല്‍കിയ കേസില്‍ അന്വേഷണം തുടരുകയാണ്. ഗുല്‍ബര്‍ഗ് അടക്കമുള്ള മുന്നൂറോളം കേസുകളില്‍ സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണു സാകിയ ആവശ്യപ്പെട്ടത്. ആര്‍.കെ.രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയ കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്.
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ് : 24 പേര്‍ കുറ്റക്കാര്‍, ശിക്ഷ തിങ്കളാഴ്ച

Also Read:
കുണിയയില്‍ ലോറിയും ടവേരയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

Keywords:  24 Guilty Of Gulbarg Massacre, Where Ehsan Jafri Was Killed: 10 Facts, Bail, Ahmedabad, Supreme Court of India, Police, Congress, BJP, Jail, Clash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia