3800 വര്‍ഷം പഴക്കമുള്ള പുരാതനകാലത്തെ ശ്മശാനം; സ്ഥിരീകരിച്ചത് ഉത്ഖനനത്തിന്റെ ഭാഗമായി ലഭിച്ച വസ്തുക്കളുടെ കാലഗണനാപരിശോധനയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 23.02.2020) 2005-ലും പിന്നീട് 2018-ലും നടത്തിയ ഉത്ഖനനത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ സനോളിയില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കം. ഹാരപ്പന്‍ സംസ്‌കാരത്തിലെയും വേദകാലഘട്ടത്തിലെയും ജീവിതത്തിലേക്ക് വെളിച്ചം വീശി ഏറ്റവും പഴക്കമുള്ള ശ്മശാനംമാണ് കണ്ടെത്തിയത്. കാലഗണനാപരിശോധനയില്‍ സനോളിയിലേത് 3800 വര്‍ഷം പഴക്കമുള്ള സാംസ്‌കാരിക അടയാളമാണെന്നു സ്ഥിരീകരിച്ചതായി പുരാവസ്തു വിദഗ്ധര്‍ അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ശ്മശാനഭൂമിയാണ് ഇതെന്നും അദ്ദേഹം അറിയിച്ചു. കാലഗണനയനുസരിച്ച് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവസാനകാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ബി സി 1900 കാലഘട്ടത്തില്‍ 126 പേരെ സംസ്‌കരിച്ച വലിയൊരു സ്ഥലമാണ് ഉത്ഖനത്തില്‍ കണ്ടെടുത്തിട്ടുള്ളതെന്ന് പുരാവസ്തുവകുപ്പ് ജോയന്റ് ഡയറക്ടര്‍ എസ് കെ മഞ്ജുള്‍ പറഞ്ഞു.

പടിഞ്ഞാറന്‍ യു.പി.യിലെ ഭാഗ്പത്തിലാണ് സനോളി. ഇവിടെ 2005-06 വര്‍ഷത്തിലും പിന്നീട് 2018-ലുമായി രണ്ടു ഘട്ടങ്ങളിലായിരുന്നു ഉത്ഖനനം. ആദ്യം 116 പേരുടെ ശവക്കല്ലറയും പിന്നീട് പത്തു പേരുടേതും കണ്ടെത്തി. കാലഗണനാപരിശോധനയില്‍ ഇത് ബി.സി. 1900-ത്തിലേതാണെന്നും ഇപ്പോള്‍ സ്ഥിരീകരിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ വിവിധ സംസ്‌കാരങ്ങളുടെ താരതമ്യവും വിലയിരുത്തലും നടത്തി പുതിയ പഠനങ്ങള്‍ക്കൊരുങ്ങുകയാണ് പുരാവസ്തു വിദഗ്ധര്‍. ബി.സി. 1800 വരെയുള്ള കാലഘട്ടമാണ് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവസാനഘട്ടമെന്നു പൊതുവേ പറയപ്പെടുന്നുണ്ടെന്നും ബി.സി. 1900 ഈ കാലഗണനയില്‍തന്നെ ഉള്‍പ്പെടുത്താമെന്നും പുരാവസ്തു വിദഗ്ധര്‍ വ്യക്തമാക്കി.

അതേസമയം, വേദകാലഘട്ടവുമായി കണ്ണിചേര്‍ക്കാവുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും മഞ്ജുള്‍ അറിയിച്ചു. കാലുകളുള്ള ഒരു ശവപേടകത്തിനു പുറമെ, ആരാധനാതുല്യമായി കണക്കാക്കപ്പെടുന്ന തരത്തില്‍ എട്ടു രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ച മറ്റൊരു ശവപേടകവും കണ്ടെത്താന്‍ സാധിച്ചു.

3800 വര്‍ഷം പഴക്കമുള്ള പുരാതനകാലത്തെ ശ്മശാനം; സ്ഥിരീകരിച്ചത് ഉത്ഖനനത്തിന്റെ ഭാഗമായി ലഭിച്ച വസ്തുക്കളുടെ കാലഗണനാപരിശോധനയില്‍

മാത്രമല്ല ആളുകളെ സംസ്‌കരിച്ചിട്ടുള്ള സ്ഥലം മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. അതിനാല്‍ ഇത് ഏതുതരത്തിലുള്ള സാംസ്‌കാരികജീവിതത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നു സ്ഥിരീകരിക്കണമെങ്കില്‍ ഇനിയും ഉത്ഖനനം നടത്തണം. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവസാനകാലത്തേതെന്നു കണക്കാക്കാവുന്നതാണ് ഈ തെളിവുകള്‍. ഒരു സാമൂഹികജീവിതത്തിന്റെ ഭാഗമായുള്ള ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ വേദകാലഘട്ടത്തിനു മുമ്പുതന്നെ നിലനിന്നിരുന്നതായി വിശ്വസിക്കാന്‍ പാകത്തിലുള്ളതാണ് സനോളിയിലെ കണ്ടെത്തലുകളെന്നും അവര്‍ അഭിപ്രായപ്പെട്ടു. തദ്ദേശീയ ഗോത്രക്കാരനായ യോദ്ധാവിന്റേതാണ് അലങ്കരിച്ച ശവപേടകമെന്നു കരുതപ്പെടുന്നു.

Keywords:  News, National, India, New Delhi, Archaeological site, Tribes, 3800-year-old Antique Cemetery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia