Resignation | അജിത് പവാറിന് വന്‍ തിരിച്ചടി നല്‍കി എന്‍സിപിയില്‍ നിന്ന് 4 മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചു; 'ശരദ് പവാറിനൊപ്പം ചേര്‍ന്നേക്കും'
മുംബൈ: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അജിത് പവാറിന് വന്‍ തിരിച്ചടി നല്‍കി എന്‍സിപി യില്‍നിന്ന് നാല് മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചു. മഹാരാഷ്ട്രയിലെ പിംപരി ചിംച് വഡില്‍ നിന്നുള്ള നേതാക്കളാണ് രാജിവെച്ചത്. അജിത് പവാറിനാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്.
ഇവര്‍ അടുത്തയാഴ്ച ആദ്യം ശരദ് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. എന്‍സിപിയുടെ പിംപരി ചിംച് വഡ് ഘടക അധ്യക്ഷന്‍ അജിത് ഗവ് ഹാനെ, പിംപരി ചിംച് വഡ് വിദ്യാര്‍ഥി വിഭാഗം തലവന്‍ യഷ് സാനെ, രാഹുല്‍ ഭോസലെ, പങ്കജ് ഭലേകര്‍ എന്നിവരാണ് രാജിവച്ചത്.
തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം അജിത് വിഭാഗത്തില്‍ വലിയ മാറ്റങ്ങളുണ്ടായിരിക്കുകയാണ്. പല പ്രമുഖരും എന്‍സിപി വിടുന്നുണ്ട്. ചില നേതാക്കന്മാര്‍ അജിത് പവാര്‍ പക്ഷത്തുനിന്ന് കൊഴിഞ്ഞുപോകുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നേരത്തെ ശക്തമായിരുന്നു. ഇപ്പോഴത്തെ സംഭവം അതിനെ സാധൂകരിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് ഫലത്തോടെ യഥാര്‍ഥ എന്‍സിപി ആരാണെന്ന സംശയത്തിനും ഉത്തരം ലഭിച്ചിരുന്നു. അതേസമയം തന്റെ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന നേതാക്കളെ എടുക്കില്ലെന്നും എന്നാല്‍ പാര്‍ടിയുടെ പ്രതിച്ഛായയെ മുറിവേല്‍പ്പിക്കാത്തവരെ ഉള്‍ക്കൊള്ളുമെന്നും കഴിഞ്ഞമാസം ശരദ് പവാര്‍ പറഞ്ഞിരുന്നു. എന്‍സിപിയില്‍ പിളര്‍പ്പുണ്ടാക്കുകയും, പിന്നീട് ശരത് പവാറിനെതിരെ അടക്കം മോശമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തവരെ ലക്ഷ്യമിട്ടാണ് പവാര്‍ പരാമര്‍ശം നടത്തിയതെന്നാണ് സൂചന.
2023-ല്‍ അജിത് പവാറിന്റെ നീക്കമാണ് എന്‍സിപിയുടെ പിളര്‍പ്പിന് വഴിവെച്ചത്. ശരദ് പവാറും സംഘവും പ്രതിപക്ഷത്ത് തുടരുകയും അജിത് പവാര്‍, ഏക് നാഥ് ഷിന്‍ഡെ സര്‍കാരിന്റെ ഭാഗമാവുകയുമായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ചുവെങ്കിലും ഒരേയൊരു സീറ്റില്‍-റായ് ഗഢില്‍ മാത്രമായിരുന്നു അജിത് പവാറിന്റെ പാര്‍ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.