Waterlogged | കനത്ത മഴ: ഡെല്‍ഹിയില്‍ ചുവപ്പ് ജാഗ്രത; അമ്മയും കുഞ്ഞും അടക്കം 7 പേര്‍ മരിച്ചു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
മണിക്കൂറുകള്‍ വൈകിയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സര്‍കാര്‍
കുളുവില്‍ പാര്‍വതി നദി കരകവിഞ്ഞു.
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ രൂക്ഷം.
ന്യൂഡെല്‍ഹി: (KVARTHA) മഴക്കെടുതിയില്‍ (Rain Disaster) അമ്മയും കുഞ്ഞും അടക്കം ഏഴ് പേര്‍ മരിച്ചു. ഡെല്‍ഹിയില്‍ (New Delhi) രണ്ട് പേരും ഗുരുഗ്രാമില്‍ (Gurugram) മൂന്ന് പേരും ഗ്രേറ്റര്‍ നോയിഡയില്‍ (Greater Noida) രണ്ട് പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തിനിടയില്‍ (Waterlogged) ഓടയില്‍ വീണ് മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലെ ഖോഡ കോളനിയിലെ 22 വയസ്സുള്ള അമ്മയും രണ്ടര വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്.
അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് (Indian Meteorological Department) വ്യാഴാഴ്ചയും (01.08.2024) സംസ്ഥാനത്ത് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സര്‍കാര്‍ വ്യക്തമാക്കി.
വടക്കന്‍ ഡെല്‍ഹിയിലെ സബ്ജി മണ്ഡിയില്‍ വീട് തകര്‍ന്നും വസന്ത് കുഞ്ചില്‍ മതിലിടിഞ്ഞും രണ്ടുപേര്‍ക്ക് പരുക്കേറ്റു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ടി ഹൗസ്, നിഗം ബോധ് ഘട്ട്, റാം ബാഗ്, കുത്തബ് മിനാര്‍ മെട്രോ സ്റ്റേഷന് മുന്‍ വശം, പ്രസ്‌ക്ലബ് തുടങ്ങിയ റോഡുകള്‍ വെള്ളത്തിനടിയിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡെല്‍ഹിഎന്‍സിആര്‍ മേഖലയില്‍ മഴ ശക്തമായത്. മഴ വിമാന സര്‍വീസുകളെയും ബാധിച്ചു. മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡെല്‍ഹി ഗവര്‍ണര്‍ വിനയ് സക്‌സേന നിര്‍ദേശം നല്‍കി.
കുളുവില്‍ പാര്‍വതി നദി കരകവിഞ്ഞു. നദിയുടെ തീരങ്ങളിലുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്.