Bomb Blast | റെയില്‍വേ ട്രാകില്‍ ബോംബ് പൊട്ടിത്തെറിച്ചു; 7 വയസുകാരന് ദാരുണാന്ത്യം
ഭട്പാര: (www.kvartha.com) പശ്ചിമ ബംഗാളിലെ നോര്‍ത് 24 പര്‍ഗാനാസ് ജില്ലയില്‍ റെയില്‍വേ ട്രാകില്‍ ബോംബ് പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ഏഴുവയസുള്ള കുട്ടി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ കൊല്‍കതയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാക്കിനാര, ജഗദ്ദല്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഭട്പാറയിലെ റെയില്‍വേ ട്രാകിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പന്താണെന്ന് കരുതി വഴിയരികില്‍ നിന്നും ലഭിച്ച പാകറ്റുമായി കുട്ടി തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് പാകറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. റെയില്‍വേ ട്രാകില്‍ സ്‌ഫോടനമുണ്ടാക്കാനായി ആരോ ബോംബ് വച്ചതായിരുന്നു.
തുടര്‍ന്ന് മൂന്ന് കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Police, Bomb Blast, Death, Injured, 7-year-old boy died in blast on railway tracks near Kolkata.