Rescue Operation | സിറിയയിൽ കുടുങ്ങിക്കിടന്ന 75 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റി; അസദിന്റെ പതനത്തിന് ശേഷം ഇസ്രാഈൽ നടത്തിയത് 300 ലധികം വ്യോമാക്രമണങ്ങൾ
● ലെബനനിൽ നിന്നും ഇവരെ വാണിജ്യ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
● എമർജൻസി ഹെൽപ്പ് ലൈൻ നമ്പറും (+963 993385973) ഇമെയിലും (hoc(dot)damascus(at)mea(dot)gov(dot)in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
● ഇസ്രാഈൽ സിറിയൻ നാവികസേനയെ ആക്രമിച്ചതായി സ്ഥിരീകരിച്ചു.
ഡമാസ്കസ്: (KVARTHA) സിറിയയിലെ അസ്ഥിരമായ സാഹചര്യത്തെ തുടർന്ന് കുടുങ്ങിക്കിടന്ന 75 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ സെയ്ദ സൈനബിൽ കുടുങ്ങിയ ജമ്മു കശ്മീരിൽ നിന്നുള്ള 44 തീർഥാടകരും ഉൾപ്പെടുന്നു. ലെബനനിൽ നിന്നും ഇവരെ വാണിജ്യ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥനയും, അവരുടെ സുരക്ഷ സംബന്ധിച്ച ഇന്ത്യൻ സർക്കാരിന്റെ വിലയിരുത്തലും കണക്കിലെടുത്താണ് ഡമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ സംയുക്തമായി ഈ രക്ഷാപ്രവർത്തനം നടത്തിയത്. സിറിയയിൽ താമസിക്കുന്ന മറ്റ് ഇന്ത്യക്കാരോട് ദമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. കൂടാതെ, എമർജൻസി ഹെൽപ്പ് ലൈൻ നമ്പറും (+963 993385973) ഇമെയിലും (hoc(dot)damascus(at)mea(dot)gov(dot)in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച സിറിയയിലെ വിമതർ സർക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റ് ബശ്ശാറുൽ അസദ് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു. ഇപ്പോൾ സിറിയ വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഈ അസ്ഥിരമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ സർക്കാർ ഈ രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം, ഇസ്രാഈൽ സിറിയൻ നാവികസേനയെ ആക്രമിച്ചതായി സ്ഥിരീകരിച്ചു. സിറിയയിലെ അസദ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം സിറിയയുടെ സൈനിക ശക്തിയെ 'നിർവീര്യമാക്കാനാണ്' ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇസ്രാഈൽ അധികൃതർ അവകാശപ്പെട്ടു.
ഇസ്രായേൽ സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ, അൽ-ബൈദ, ലതാകിയ തുറമുഖങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന 15 കപ്പലുകളെ തിങ്കളാഴ്ച രാത്രി തങ്ങൾ ആക്രമിച്ചതായി പറയുന്നു. ഇസ്രായേൽ യുദ്ധവിമാനങ്ങൾ സിറിയയിലെ 350 ലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. വിമതർ അസദ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം, ഇസ്രായേൽ സിറിയയിൽ 310 ലധികം വ്യോമാക്രമണം നടത്തിയിട്ടുണ്ടെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആർ) പറഞ്ഞു.
#India #Syria #Rescue #Lebanon #Israel #Military