Career Growth | കരിയറിൽ വളർച്ചയ്ക്കും മികച്ച ശമ്പളത്തിനും സഹായിക്കുന്ന 8 ഭാഷകൾ; അവസരങ്ങള്‍ നിരവധി
ന്യൂഡെൽഹി:(KVARTHA) ലോകം (World) കൂടുതൽ പരസ്പര ബന്ധിതമാകുന്ന സമയത്ത്, ബഹുഭാഷാ വൈദഗ്ധ്യം (Multilingual skills) കരിയർ വളർച്ചയ്ക്കും (Career growth) വ്യക്തിപരമായ വികസനത്തിനും അത്യന്താപേക്ഷിതമാണ്. കരിയറിൽ മുന്നേറാൻ ബഹുഭാഷാ വൈദഗ്ധ്യം നിങ്ങളെ സഹായിക്കും. അന്താരാഷ്ട്ര തലത്തിൽ ഉദ്യോഗം (Job) നേടാനും മികച്ച ഉപരിപഠന (Higher education) സാധ്യതകൾ നേടാനും ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ചൈന, ജപ്പാൻ പോലുള്ള രാജ്യങ്ങളിലും അതത് രാജ്യത്തിന്റെ ഭാഷാപ്രാവീണ്യം വളരെ പ്രധാനമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ മികച്ച അവസരങ്ങൾ (Opportunities) ലഭിക്കാൻ ഭാഷാ പ്രാവീണ്യം നിർബന്ധമാണ്. നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനും കരിയർ വളർച്ചയ്ക്കും സഹായിക്കുന്ന എട്ട് ഭാഷകളെ അറിയാം. ഈ വിദേശ ഭാഷ പഠിക്കുക വഴി നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.
1. മൻഡാരിൻ (Mandarin)
മൻഡാരിൻ എന്ന പേരിലാണ് ചൈനീസ് ഭാഷ അറിയപ്പെടുന്നത്. ചൈനയുടെ വളർച്ചയെ തുടർന്ന് അവിടത്തെ ജോലി സാധ്യതകളും ഏറെ വർധിച്ചിരിക്കുന്നു. മൻഡാരിൻ ഭാഷയിൽ പ്രാവീണ്യം നേടുന്നത് ബിസിനസ്, നിർമ്മാണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ മികച്ച അവസരങ്ങൾ നൽകും.
2. സ്പാനിഷ് (Spanish)
ലോകത്തിൽ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷകളിലൊന്നായ സ്പാനിഷ് അമേരിക്കയിലും യുഎസിലും വ്യാപാര രംഗത്ത് വളരെ പ്രാധാന്യമുള്ളതാണ്. ടൂറിസം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പാനിഷ് ഭാഷ വലിയ നേട്ടമാണ്.
3. ജർമ്മൻ (German)
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള ജർമ്മനിയിൽ എൻജിനീയറിംഗ്, ഓട്ടോമൊബൈൽ, ധനകാര്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ജർമ്മൻ ഭാഷ അത്യാവശ്യമാണ്. പരസ്യം, മാധ്യമം, ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യാനും സഹായിക്കും. യൂറോപ്പിൽ ജർമനി, ഓസ്ട്രിയ, ബെൽജിയം, ലക്‌സംബർഗ്, ലീഷ്‌ടെൻസ്റ്റിൻ തുടങ്ങിയ ആറു രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ കൂടിയാണിത്.
4. ഫ്രഞ്ച് (French)
അഞ്ച് ഭൂഖണ്ഡങ്ങളിലായി ഏകദേശം 300 ദശലക്ഷം ആളുകൾ സംസാരിക്കുന്ന ഫ്രഞ്ച് ഭാഷ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷകളിൽ ഒന്നാണ്. ഫ്രഞ്ച് ഭാഷ രാജ്യാന്തര സംഘടനകൾ, നയതന്ത്രതന്ത്രം, ഫാഷൻ, രുചി കലകൾ എന്നിവയിൽ പ്രധാനമാണ്. ഫ്രാൻസിൽ ഉപരിപഠനത്തിനും തൊഴിലിനും ഫ്രഞ്ച് അറിഞ്ഞിരിക്കണം.
എയ്‌റോനോട്ടിക്, ടെലികമ്യൂണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, റീട്ടെയിൽ, എംബസി, ടൂറിസം മേഖലകളിലും തൊഴിലവസരമുണ്ട്. പാരീസ് ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായി കണക്കാക്കപ്പെടുന്നു, ഫ്രഞ്ച് ഫാഷൻ വ്യവസായത്തിൽ വലിയ സ്വാധീനമുണ്ട്. ഫാഷൻ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രഞ്ച് ഭാഷ അറിവ് വളരെ പ്രധാനമാണ്.
5. അറബിക് (Arabic)
മധ്യപൂർവ ദേശത്തെ വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളിൽ അറബിക് ഭാഷ അത്യന്താപേക്ഷിതമാണ്. എണ്ണ, നിർമ്മാണം, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഭാഷ വലിയ നേട്ടമായിരിക്കും. ഗൾഫിൽ നിരവധി കമ്പനികൾ അറബി സംസാരിക്കുന്ന ജീവനക്കാരെ തേടുന്നു. അറബി ഭാഷാ വൈദഗ്ധ്യം നിങ്ങളുടെ തൊഴിൽ വിപണിയിലെ മൂല്യം വർദ്ധിപ്പിക്കുകയും മികച്ച ശമ്പളവും ആനുകൂല്യങ്ങളും നേടാൻ സഹായിക്കുകയും ചെയ്യും.
6. ജാപ്പനീസ് (Japanese)
ടെക്നോളജി, ഓട്ടോമൊബൈൽ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ലോകനേതാവ് എന്ന നിലയിൽ ജപ്പാൻ അറിയപ്പെടുന്നു. ജാപ്പനീസ് ഭാഷയിൽ പ്രാവീണ്യം നേടുന്നത് ഇത്തരം മേഖലകളിൽ മികച്ച ജോലി സാധ്യതകൾ നൽകും. ജാപ്പനീസ് ഭാഷ അറിയാവുന്ന ജീവനക്കാർക്ക് സാധാരണയായി ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നു. പ്രത്യേകിച്ചും ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ.
7. കൊറിയൻ (Korean)
കൊറിയൻ തരംഗം ലോകമെമ്പാടും വ്യാപിച്ചതോടെ കൊറിയൻ ഭാഷയുടെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്നു. വിനോദം, ഐടി, കാർഷിക രംഗം എന്നിവയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഭാഷ ഗുണകരമാണ്. കൊറിയൻ ഭാഷാ വൈദഗ്ദ്ധ്യമുള്ള ജീവനക്കാർക്ക് സാധാരണയായി മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നു.
8. പോർച്ചുഗീസ് (Portuguese)
ലോകമെമ്പാടുമായി 260 ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ഒരു പ്രധാന ഭാഷയാണ് പോർച്ചുഗീസ്. ബ്രസീൽ, പോർച്ചുഗൽ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഏറെ പ്രചാരത്തിലുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൂറിസം വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ പോർച്ചുഗീസ് സംസാരിക്കുന്നവർക്ക് ഉയർന്ന ഡിമാൻഡുണ്ട്. ഈ ഭാഷാ വൈദഗ്ധ്യം നിങ്ങളെ രാജ്യാന്തര തലത്തിൽ മത്സരാധിഷ്ഠിതനാക്കുകയും ലോകമെമ്പാടുമുള്ള തൊഴിൽ അവസരങ്ങൾ തുറക്കുകയും ചെയ്യും