Analysis | ഒരു വീടിന്റെ സൗന്ദര്യം സ്ത്രീയുടെ കൈകളിൽ, ഒരു സ്ത്രീയുടെ സൗന്ദര്യം പുരുഷന്റെ കൈകളിലും!
● വിശ്വാസം ഒരു ബന്ധത്തിന്റെ അടിസ്ഥാനം
● പരസ്പര ബഹുമാനം സന്തുഷ്ടമായ ദാമ്പത്യത്തിന് അനിവാര്യം
● തുറന്ന ആശയവിനിമയം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും
മിൻ്റാ സോണി
(KVARTHA) ഇന്ന് വളരെയേറെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് നാം കരുതുന്ന പല കുടുംബങ്ങളിലേയ്ക്കും കടന്നു ചെന്നാൽ പലപ്പോഴും ആ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്നത് ആണ് കാണുന്നത്. ഇപ്പോൾ ഭാര്യാ ഭർത്താക്കന്മാർ പുറമേ മാതൃകാ ദമ്പതികൾ എന്ന മുഖംമൂടിയിൽ നടക്കുമെങ്കിലും കുടുംബത്തിൽ സന്തോഷം ഇല്ലെന്നതാണ് സത്യം. വിവാഹമോചന കേസുകൾ ഇത്രയധികം വർദ്ധിച്ച ഒരു കാലഘട്ടവും ഒരിക്കലും ഉണ്ടായി കാണില്ല. ഇതിൻ്റെ പിന്നിൽ ഭാര്യയ്ക്ക് ഭർത്താവിനെയോ ഭർത്താവിന് ഭാര്യയെയോ വിശ്വാസമില്ല എന്നത് തന്നെ. പിന്നെ വലിയ ഈഗോയും.
ഞാൻ പറയുന്നതാണ് ശരിയെന്നുള്ള മനോഭാവം ഇരുവരിലും വിടർന്നു നിൽക്കുന്നു. അതിനാൽ തന്നെ കുടുംബ കലഹങ്ങളും പതിവാകുന്നു. കുടുംബത്തിൽ സ്വസ്ഥതയോ സമാധാനമോ ഇല്ല. എവിടെയും പ്രശ്നങ്ങൾ മാത്രം. എങ്ങനെ ഒരു കുടുംബം സ്വർഗ്ഗമാക്കാം. അതിന് ആദ്യം വേണ്ടത് ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പരസ്പര വിശ്വാസവും ബഹുമാനവുമാണ്. അതിന് നാം എന്ത് ചെയ്യണം. അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: ഫേസ്ബുക്കിൽ പുതിയതായി വന്ന ഫ്രണ്ട് റിക്വസ്റ്റ് കണ്ടപ്പോൾ ആദ്യം അത് ആരാണെന്ന് മനസ്സിലായില്ല. പിക്ച്ചർ നോക്കിയപ്പോൾ ഭാര്യയുടെയും ഭർത്താവിന്റെയും ചേർന്നു നിന്നുള്ള ഫോട്ടോ. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി രാവിലെ നടക്കാൻ പോകുമ്പോൾ കാണുന്ന യുവദമ്പതികൾ. പത്തു കിലോമീറ്റർ വട്ടത്തിൽ നടക്കുമ്പോൾ എവിടെയെങ്കിലും വെച്ചു അവർ എതിരെ നടന്നു വരുന്നത് കാണാം. ചിരിച്ചു ഉല്ലസിച്ചു അവർ നടന്നു വരുന്നത് കാണുമ്പോൾ ഞാൻ എന്റെ നടത്തതിന്റെ വേഗത കുറയ്ക്കും. അസൂയയോടെ അവരെ വീക്ഷിക്കും. അവർ ഒരു ചെറു പുഞ്ചിരി തൂകി എന്നെ കടന്നു പോകും.
റിക്വസ്റ്റ് അവരുടേത് എന്നറിഞ്ഞപ്പോൾ അസെപ്റ്റ് ചെയ്തു. എങ്കിലും ആകെ ഒരു സംശയം ഇത് ഭാര്യയുടെ ഐഡി ആണോ ഭർത്താവിന്റേത് ആണോ? ഭാര്യയുടേത് ആണെങ്കിൽ അവരുടെ പേര് അല്ലെ ആദ്യം വരേണ്ടത്. ഭർത്താവിന്റെ ആണെങ്കിൽ കൂടെ ഒരു സ്ത്രീയുടെ നാമത്തിന്റെ കാര്യം എന്താണ്? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. അടുത്ത ദിവസം ഞങ്ങൾ കൂട്ടിമുട്ടിയപ്പോൾ അവർ എന്റെ അരികിൽ എത്തിയപ്പോൾ നടത്തിന്റെ വേഗത കുറച്ചു. പോസ്റ്റുകൾ വായിച്ചു ട്ടോ? നന്നായിട്ടുണ്ട്. പറഞ്ഞത് ഭർത്താവ് ആണെങ്കിലും ഭാര്യയും നിറഞ്ഞ പുഞ്ചിരിയോടെ അത് ശരിവെച്ചു.
അപ്പോൾ രണ്ടു പേരും കൂടി ആണ് പോസ്റ്റ് വായിച്ചതെന്നു മനസ്സിലായി. അപ്പോൾ ഒരുകാര്യം മനസ്സിലായി ഈ അകൗണ്ട് രണ്ടു പേരും കൂടി ആണ് യൂസ് ചെയ്യുന്നത്. ഒരിക്കൽ ഒരു മരണവീട്ടിൽ പോയപ്പോൾ ആണ് അവർ അവിടെ നിൽക്കുന്നത് കണ്ടത്. എന്നെ കണ്ടപ്പോൾ രണ്ടുപേരും കൂടി അടുത്തേക്ക് വന്നു. ഇവർ എന്താ സയാമീസുകൾ ആണോ? ഞാൻ മനസ്സിൽ ഓർത്തു. പരിചയം പുതുക്കിയതിന് ശേഷം വീട് അടുത്താണ് വീട്ടിൽ കയറിയിട്ട് പോകാം എന്നു പറഞ്ഞു. ക്ഷണം നിരസിക്കാൻ തോന്നിയില്ല. ഒരു കൊച്ചു ഓടിട്ട വീട്. മുറ്റം നിറയെ ചെടികളും പൂക്കളും ജീവൻ തുടിച്ചു നിൽക്കുന്നു. അകത്തേക്ക് കയറിയപ്പോൾ ആ കൊച്ചു ഭവനം നല്ല വൃത്തിയോടും അടുക്കും ചിട്ടയോടും ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ശാന്തത തോന്നി.
അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു അവർ പകർന്നു നൽകിയ കാപ്പിയും കുടിച്ചു സന്തോഷത്തോടെ തിരിച്ചു പോന്നു. ഒരു ദേവാലയത്തിൽ സന്ദർശിച്ച പ്രതീതി. ഒരു വീടിന്റെ സൗന്ദര്യം സ്ത്രീയുടെ കൈകളിൽ ആണ്. ഓരോ ദിനവും അവൾ വീടിനെ സ്വന്തമെന്നു കരുതി പരിപാലിക്കുമ്പോൾ ആ വീടിനു ജീവൻ വെക്കുന്നു. ഒരു സ്ത്രീയുടെ സൗന്ദര്യം പുരുഷന്റെ കൈകളിൽ ആണ്. അവൻ തന്നോട് ചേർത്തു നിറുത്തി അവളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ അവൾ ആത്മവിശ്വാസത്തോടെ ജീവിക്കുന്നു.
ഭർത്താവിന്റെയും ഭാര്യയുടെയും ഇടയിൽ രഹസ്യത്തിന്റെ ആവശ്യമില്ല. ഫോൺ ലോക്ക് ചെയ്തു കെട്ടിപ്പൂട്ടി വെക്കുമ്പോൾ ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ ഒരു മതിൽക്കെട്ട് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. രണ്ടു പേരുടെയും ഫോണുകൾ പരസ്പരം ഉപയോഗിക്കാൻ തരത്തിൽ സ്വതന്ത്രമാക്കി വെക്കുമ്പോൾ അവിടെ ഒരു രഹസ്യ സ്വഭാവം ഇല്ലാതാകുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം പരസ്പര സ്നേഹവും വിശ്വാസവുമാണ്. മതിൽകെട്ടുകൾ ഇല്ലാതെ മനസ്സിനെ സ്വതന്ത്രമാക്കി വിട്ടാൽ ജീവിതം സന്തോഷകരവും മധുരതരവും ആകും’.
ഇതാണ് ആ കുറിപ്പ്. ഒരു വീടിന്റെ സൗന്ദര്യം സ്ത്രീയുടെ കൈകളിൽ ആണ്. അതുപോലെ ഒരു സ്ത്രീയുടെ സൗന്ദര്യം പുരുഷന്റെ കൈകളിലും എന്ന് ഈ കുറിപ്പിൽ പറയുന്ന കാര്യം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. ഇൻ്റർനെറ്റ് യുഗത്തിൻ്റെ ഈ കാലഘട്ടത്തിൽ പ്രത്യേകിച്ച് മൊബൈലിനെ പ്രണയിക്കുന്ന ഈ സമയത്ത് ഈ കുറിപ്പ് തീർച്ചയായും പ്രാധാന്യം അർഹിക്കുന്നു. ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ മതിൽക്കെട്ട് ആദ്യം പൊളിച്ചാൽ തന്നെ ഒരു കുടുംബം സ്വർഗ്ഗമാക്കാം. മതിൽക്കെട്ടുള്ള ഏത് കുടുംബവും നരകതുല്യമായിരിക്കും. അതാണ് മനുഷ്യൻ തിരിച്ചറിയേണ്ടത്. അല്ലാതെ എത്ര ശ്രമിച്ചാലും കുടുംബത്ത് സമാധാനം കൊണ്ടുവരാൻ പറ്റിയെന്ന് വരില്ല. ഭർത്താവിന്റെയും ഭാര്യയുടെയും ഇടയിൽ രഹസ്യത്തിന്റെ ആവശ്യമില്ല. എന്നത് തന്നെ വലിയൊരു സന്ദേശവും ഉൾക്കൊള്ളപ്പെടേണ്ടതുമാണ്.
ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുക. ഒരു സന്തുഷ്ട കുടുംബം നിർമ്മിക്കാൻ ഇത് അവരെ സഹായിക്കും.
#familygoals #marriagetips #relationshipadvice #happyhome #loveandrespect