Arrested | 'മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം'; ക്രിമിനല്‍ കേസ് പ്രതിയെ വനിതാ ഓഫീസര്‍ കാലില്‍ വെടിവച്ച് പിടികൂടി
Feb 23, 2023, 08:55 IST
ചെന്നൈ: (www.kvartha.com) മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വനിതാ ഓഫീസര്‍ കാലില്‍ വെടിവച്ച് പിടികൂടി. പ്രതിയുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റതായി റിപോര്‍ട്. വെടിയേറ്റ ബന്ദു സൂര്യയും പരുക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ അമാനുദ്ദീന്‍, കോണ്‍സ്റ്റബിള്‍ ശരവണന് എന്നിവരും കില്‍പോക് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് അയനാവരം പൊലീസ് പറയുന്നത്: സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യ ബുധനാഴ്ച രാവിലെ സ്റ്റേഷന് പരിധിയില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവച്ചിട്ടത്.
രണ്ട് ദിവസം മുമ്പ് ചെന്നൈ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഗൗതം, അജിത്, ബന്ദു സൂര്യ എന്നിവരെ അയനാവരം ഭാഗത്തുവച്ച് എ എസ് ഐ ശങ്കറിന്റെ നേതൃത്വത്തിലുള്ള ബീറ്റ് പൊലീസ് പുലര്‍ചെ നാല് മണിക്ക് തടഞ്ഞിരുന്നു. ഈ സമയം, ശങ്കറിനെ ഇരുമ്പുവടി കൊണ്ട് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചശേഷം മൂവരും ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗൗതം, അജിത് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. മൂന്നാമന് ബന്ദു സൂര്യ തിരുവള്ളൂരിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ബുധനാഴ്ച അതിരാവിലെ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി അയനാവരം ആര് ടി ഓഫീസിന് സമീപം വച്ച് ബന്ദു സൂര്യ മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടു. ഇതിനായി വാഹനം നിര്‍ത്തി ഇറക്കിയപ്പോള്‍ വഴിയോരത്തെ കരിമ്പ് ജ്യൂസ് സെന്ററിലെ കരിമ്പിന് കെട്ടുകള്‍ക്കിടയില്‍ നിന്ന് കത്തിയെടുത്ത് പൊടുന്നനെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ച്, ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അയനാവരം അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ മീന റിവോള്‍വറെടുത്ത് പ്രതിയുടെ കാലില്‍ നിറയൊഴിക്കുകയായിരുന്നു.
വധശ്രമം, മൊബൈല്‍ മോഷണം, ബൈകിലെത്തി മാലപറിക്കല്‍ എന്നിവയുള്‍പെടെ 14 കേസുകളില്‍ പ്രതിയാണ് ബന്ദു സൂര്യയെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,National,India,chennai,Tamilnadu,Police men,police-station,Accused,Local-News,Shot,Escaped,hospital,Treatment,Injured, Accused Tries To Flee After ‘Attacking’ Policemen In TN, Shot At And Captured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.