Bail Plea Rejected | പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിനെ ചോദ്യംചെയ്യാന്‍ അനുമതി; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
Jul 6, 2022, 15:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കോരള ഹൈകോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടാണിത്. വിജയ് ബാബുവിനെ തുടര്‍ന്നും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി അനുമതി നല്‍കി. അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്ന് കോടതി വിജയ് ബാബുവിനോട് നിര്‍ദേശിച്ചു.
ജാമ്യ വ്യവസ്ഥകളില്‍ സുപ്രീം കോടതി മാറ്റം വരുത്തി. ഇതുപ്രകാരം, വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാന്‍ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും വിലക്കുണ്ട്.
ജൂണ്‍ 27 മുതല്‍ മുതല്‍ ജൂലായ് മൂന്ന് വരെയാണ് വിജയ് ബാബുവിനെ ചോദ്യംചെയ്യാന്‍ ഹൈകോടതി അനുമതി നല്‍കിയത്. എന്നാല്‍ ഈ സമയപരിധി സുപ്രീം കോടതി നീക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനോ പാടില്ല.
പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതികള്‍ക്ക് വ്യത്യസ്ത നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. പ്രതിയെ സമ്മര്‍ദം ചെലുത്താനുള്ളതല്ല അറസ്റ്റ്, നിയമ വ്യവസ്ഥയില്‍നിന്ന് പ്രതി ഒളിച്ചോടാതിരിക്കാന്‍ വേണ്ടിയാണ് അറസ്റ്റെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജയ് ബാബു കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചെന്ന് സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഫോണിലെ പല സന്ദേശങ്ങളും മായ്ച്ച് കളഞ്ഞെന്നും സര്‍കാര്‍ ആരോപിച്ചു. എന്നാല്‍ വിജയ് ബാബു മാത്രമല്ല, അതിജീവിതയും ഫോണിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരികെ ലഭിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അതിജീവിത ഇപ്പോഴും സന്ദേശങ്ങള്‍ അയക്കുന്നതായി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍ അതിജീവിതയുടെ അഭിഭാഷകര്‍ ഇത് നിഷേധിച്ചു. സമൂഹത്തില്‍ പരിഹാസപാത്രം ആക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിജീവിതയുടെ അഭിഭാഷകര്‍ ആരോപിച്ചു. വാടകയ്ക്ക് എടുക്കുന്നവരെ ഉപയോഗിച്ച് പ്രതികള്‍ അപമാനകരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ പരാതി നല്‍കാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കൗന്‍സല്‍ സി കെ ശശി എന്നിവര്‍ ഹാജരായി. അതിജീവിതയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, രാകേന്ദ് ബസന്ത് എന്നിവരും ഹാജരായി. വിജയ് ബാബുവിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ, അഭിഭാഷക ബീന മാധവന്‍ എന്നിവരാണ് ഹാജരായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.