Aditya-L1 | രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 ലക്ഷ്യംതൊട്ടു; ദൗത്യകാലാവധി 5 വര്‍ഷം

 


ബംഗ്ലൂരു: (KVARTHA) രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 ലക്ഷ്യംതൊട്ടു. നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷമാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പെടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.
Aditya-L1 | രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 ലക്ഷ്യംതൊട്ടു; ദൗത്യകാലാവധി 5 വര്‍ഷം
പേടകത്തിലെ പ്രൊപല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂടന്‍ ലിക്വിഡ് അപോജി മോടോര്‍ (LAM) എന്‍ജിനും എട്ട് 22 ന്യൂടന്‍ ത്രസ്റ്ററുകളുമാണുള്ളത്. ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.

സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്‍-1 വിക്ഷേപിച്ചത്. സെപ്റ്റംബര്‍ 19 നാണ് പേടകം ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം വിട്ട് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്.

125 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഏകദേശം 37 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചായിരുന്നു ഈ യാത്ര. സൗരപഠനമാണ് പ്രധാനലക്ഷ്യമെങ്കിലും സൗരയൂഥത്തേക്കുറിച്ചുള്ള സങ്കീര്‍ണമായ വിവരങ്ങളുടെ അനാവരണവും ആദിത്യയിലൂടെ സാധ്യമായേക്കുമെന്ന പ്രതീക്ഷ ഇസ്രോ പങ്കുവെച്ചിരുന്നു. പേടകത്തിലുള്ള ഇന്‍ഡ്യ സ്വന്തമായി വികസിപ്പിച്ച ഏഴു പേലോഡുകളില്‍ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം എല്‍ 1 പോയിന്റിനെക്കുറിച്ചും പഠിക്കും.

ബംഗ്ലൂുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആസ്ട്രോഫിസിക്സ് നിര്‍മിച്ച വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണഗ്രാഫ് (VELC), പുനെയിലെ ഇന്റര്‍- യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലിസ്‌കോപ് (SUIT), അഹ് മദാബാദിലെ ഫിസികല്‍ റിസര്‍ച് ലബോറടറിയില്‍ നിന്നുള്ള ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ടികിള്‍ എക്സ്പിരിമെന്റ് (ASPEX), തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നിന്നുള്ള പ്ലാസ്മ അനലൈസര്‍ പാകേജ് ഫോര്‍ ആദിത്യ (PAPA), ബംഗ്ലൂരുരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്നുള്ള സോഫ് റ്റ് എക്സ്റേ സ്പെക്ട്രോമീറ്ററായ സോളെക്‌സ്, ഹാര്‍ഡ് എക്സ്റേ സ്പെക്ട്രോമീറ്ററായ ഹീലിയോസ്(HEL1OS), ബംഗ്ലൂരുരുവിലെ ലബോറടറി ഫോര്‍ ഇലക്ട്രോ ഓപ്റ്റിക്സ് സിസ്റ്റംസ് വികസിപ്പിച്ച മാഗ്‌നറ്റോ മീറ്റര്‍ എന്നിവയാണ് ആദിത്യയിലെ പേലോഡുകള്‍.

കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്ലെയര്‍, ഫ്ളെയര്‍ ആക്ടിവിറ്റികള്‍, അവയുടെ സവിശേഷതകള്‍, ബഹിരാകാശ കാലാവസ്ഥ, കണികകളുടെ വ്യാപനത്തെ കുറിച്ചുള്ള പഠനം എന്നിവയുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഈ പേലോഡുകള്‍ക്ക് സാധിക്കും.

അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് സൂര്യനുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങള്‍ കണക്കാക്കാന്‍ ആദിത്യ-എല്‍ 1 പേടകത്തിന് സാധിക്കുമെന്ന് ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി. ഇന്‍ഡ്യക്ക് മാത്രമല്ല, ലോകത്തിന് മുഴുവന്‍ വളരെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കും. സൂര്യന്റെ ചലനാത്മകതയെക്കുറിച്ചും അത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കാന്‍ ആ വിവരങ്ങള്‍ വളരെ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Aditya-L1 in halo orbit: India's solar probe ready to Illuminate Sun's secrets, Bengaluru, News, Aditya-L1, Halo Orbit, Solar Probe, Sun's Secrets, Research, Study, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia