Criticism | എയർ ഇന്ത്യ 9000 ജീവനക്കാരെ നിയമിച്ചിട്ടെന്ത് കാര്യം? നല്ല സർവീസ് കൊടുത്തിരുന്നെങ്കിൽ ലോകത്തിലെ തന്നെ മികച്ച വിമാനകമ്പനിയായി മാറുമായിരുന്നു

 
air indias mass hiring amidst service complaints
air indias mass hiring amidst service complaints

Photo Credit: Facebook / Air India

● എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്.
● കമ്പനി അന്താരാഷ്ട്ര വിപണി വിഹിതം വർധിപ്പിച്ചു.
● ജീവനക്കാരുടെ ശരാശരി പ്രായം കുറച്ചു.
● സമയക്രമം പാലിക്കാത്തതടക്കം പ്രശ്നങ്ങൾ ഏറെ.

കെ ആർ ജോസഫ് 

(KVARTHA) എയർ ഇന്ത്യ 9000 ജീവനക്കാരെ നിയമിച്ചിട്ടെന്ത് കാര്യം? നല്ല സർവീസ് കൊടുത്തിരുന്നെങ്കിൽ ലോകത്തിലെ തന്നെ മികച്ച വിമാനകമ്പനിയായി മാറിയേനെ. സമയത്തിന് പോവാനും വരാനും മാത്രം ഇത് വരെ പഠിച്ചില്ല. പുതിയ വിമാനങ്ങളും നല്ല സർവീസും കൃത്യനിഷ്ഠയും പാലിച്ചിരുന്നെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനകമ്പനിയായി മാറിയനെ എയർ ഇന്ത്യ. ലോകത്ത് ചിതറി കിടക്കുന്ന ഇന്ത്യൻ പ്രവാസികൾ മതി ഇതിനെ വിജയിപ്പിക്കാൻ. പക്ഷേ എന്തു ചെയ്യാൻ, എയർ ഇന്ത്യ ഇതു മനുസിലാക്കുന്നില്ല. എയർ ഇന്ത്യ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നിയമിച്ചത് 9000 ജീവനക്കാരെ എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇതിൻ്റെ സർവീസും ചർച്ചയാകുന്നത്.

air indias mass hiring amidst service complaints

5000 ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ള കണക്കാണ് ഇത്. കൂടാതെ ജീവനക്കാരുടെ ശരാശരി പ്രായം 54 വയസ്സിൽ നിന്ന് 35 വയസ്സായി കുറഞ്ഞതായി എയർ ഇന്ത്യ ചീഫ് കാംബെൽ വിൽസൺ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്‍റെ പക്കലെത്തിയോടെ എയര്‍ ഇന്ത്യയിൽ നിരവധി പരിഷ്കാരങ്ങളാണ് വന്നത്. ഇതിന്റെ ഭാഗമായി എയർലൈനിൻ്റെ ആഭ്യന്തര വിപണി വിഹിതം 2023 സാമ്പത്തിക വർഷത്തിൽ നിന്നും 2024 ലെത്തിയപ്പോൾ 27 ശതമാനം ഉയർന്നു. കൂടാതെ കമ്പനിയുടെ അന്താരാഷ്ട്ര വിപണി വിഹിതം 21 ശതമാനത്തിൽ നിന്ന് 24 ശതമാനമായി ഉയർന്നതായി കാംബെൽ വിൽസൺ പറഞ്ഞു.

ടാറ്റ സണ്‍സിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ടാറ്റ ഗ്രൂപ്പിന്‍റെ എയര്‍ലൈന്‍ ബിസിനസിന്‍റെ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തെ 15,414 കോടി രൂപയില്‍ നിന്ന് 6,337 കോടി രൂപയായി കുറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് (വിസ്താര), എഐഎക്സ് കണക്ട് (എയര്‍ ഏഷ്യ ഇന്ത്യ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2022ലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വാങ്ങിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന ഏകീകൃത വരുമാനമായ 51,365 കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24% കൂടുതലാണിത്. 

കമ്പനിയുടെ ലഭ്യമായ സീറ്റ് കിലോമീറ്റര്‍ കപ്പാസിറ്റി 105 ബില്യണായി വര്‍ധിച്ചു. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 85% ആയും ഉയര്‍ന്നു. വിസ്താര ബ്രാന്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് വരുമാനം 29% വളര്‍ച്ചയോടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15,191 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1,394 കോടി രൂപയില്‍ നിന്ന് 581 കോടി രൂപയായി കുറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പങ്ക് വച്ച കണക്കുകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 28.8% എയര്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ്.  

2027 ആകുമ്പോഴേക്കും  ആഭ്യന്തര വിപണിയുടെ 30% പിടിച്ചെടുക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ പരിഷ്ക്കാരങ്ങൾ കൊണ്ട്  വിമാനയാത്രക്കാർക്ക് മുൻപത്തെ അപേക്ഷിച്ച് വല്ല ഗുണവും ഉണ്ടായിട്ടുണ്ടോ. ഈ വാർത്തയ്ക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി അഭിപ്രായങ്ങൾ ഉയർന്നുവന്നു. ഷുക്കൂർ എന്ന ഉപയോക്താവിന്റെ പോസ്റ്റും ശ്രദ്ധേയമായി. അദ്ദേഹം 30 വർഷത്തിലധികമായി എയർ ഇന്ത്യയിൽ യാത്ര ചെയ്ത ഒരാളാണ്. 

ഷുക്കൂറിന്റെ കുറിപ്പിൽ പറയുന്നത്: ഇന്ന് ഇന്ത്യയിൽ സർവീസ് നടത്തുന്ന വിമാന കമ്പനികളിൽ ഏറ്റവും നിരുത്തരവാ​ദപരമായും മോശം സർവീസുള്ളതുമായ ഒരേയൊരു വിമാന കമ്പനി എയർ ഇന്ത്യ മാത്രമാണ്. ടാറ്റാ ഏറ്റെടുക്കുന്നതിന് മുമ്പ് സമയകൃത്യം പാലിക്കുന്നതിൽ പ്രശ്നങ്ങൾ കുറച്ചു ഉണ്ടായിരുന്നെങ്കിലും ഇതുപോലെ സർവീസ് ഒരു മുന്നറിയിപ്പുമില്ലാതെ ക്യാൻസൽ ചെയ്യുന്ന ഒരു അനുഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അത്യാവശ്യം ഫ്ലൈറ്റിൽ കയറിക്കഴിഞ്ഞാൽ ഒരു ലഘു ഭക്ഷണം എങ്കിലും മുൻപ് കിട്ടാറുണ്ടായിരുന്നു. 

ഒരു ഗൾഫുകാരന് അത്യാവശ്യം നാട്ടിൽ വരുമ്പോൾ കൊണ്ടുവരാൻ പറ്റിയ ഒരു ലഗേജ് അനുമതിയും ഉണ്ടായിരുന്നു അതും നേർ പകുതിയാക്കി വെട്ടി കുറച്ചു. സർവീസുകൾ ചിലപ്പോൾ അനന്തമായി വൈകിപ്പിക്കുന്നു, ഒരു മുന്നറിയിപ്പുമില്ലാതെ ട്രിപ്പ് തന്നെ ക്യാൻസൽ ചെയ്യുന്നു, ടാറ്റ ഏറ്റെടുത്തതിൽ പിന്നെ എയർ ഇന്ത്യ വളരെ മോശമായ രീതിയിലേക്ക് കൂപ്പ് കുത്തി എന്ന് പറയുന്നതാകും ഉചിതം. 30 വർഷത്തിലധികം എയർ ഇന്ത്യയിൽ യാത്ര ചെയ്ത ഒരാളാണ് ഞാൻ അനുഭവത്തിൽ നിന്നും പറയുന്നതാണ്'. 

ശരിക്കും സത്യസന്ധമായ വസ്തുതയാണ് ഈ പോസ്റ്റിലുള്ളത്. മാത്രമല്ല, സമയത്തിന് പോവാനും വരാനും മാത്രം ഇത് വരെ പഠിച്ചില്ല എന്നതും ശ്രദ്ധിക്കപ്പേടേണ്ടതാണ്. എന്ത് പരിഷ്‌കാരം ഉണ്ടെന്ന് പറഞ്ഞാലും എയർ ഇന്ത്യയ്ക്ക് കാര്യമായ ഒരു മാറ്റവും വന്നില്ലെന്ന് സാരം. ഇന്ന് പോകേണ്ട വിമാനം ഇന്ന് പോയാൽ പോയി അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞിട്ട്. അതും ഭാഗ്യ നിർഭാഗ്യം പോലിരിക്കും. ഇങ്ങനെ ചൂണ്ടിക്കാട്ടുന്നതും പ്രവാസിമലയാളികൾ തന്നെയാണെന്ന് ഓർക്കണം. 

ഇന്ന് പോകാനുള്ളവർക്ക് നാളത്തേക്ക് ബോർഡിംഗ് പാസ് കൊടുക്കുന്നു, കറക്റ്റ് സമയത്ത് സാങ്കേതിക കാരണം പറഞ്ഞ് യാത്രക്കാരെ കഷ്ടപ്പെടുത്തുന്നു, ജോലിക്കാരില്ലന്ന മോശം പ്രകടനം നടത്തി യാത്രക്കാരെ കഷ്ടപ്പെടുത്തുന്നു, സത്യം പറയാമല്ലോ ഇതിലേറെ നല്ലത് വേറെ വല്ല പണിയാകും ഈ കമ്പനിക്ക്, ഇങ്ങനെ വരുന്ന പരിഹാസങ്ങളും ഏറെ. എന്തായാലും എയർ ഇന്ത്യ എന്നത് നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് സമം എന്ന് ആരെങ്കിലും പറഞ്ഞാലും അവരെ കളിയാക്കേണ്ട കാര്യമുണ്ടോ? ആരൊക്കെ ഇവയുടെ തലപ്പത്ത് വന്നാലും രക്ഷപ്പെടില്ലെന്ന് ചുരുക്കം.

#AirIndia #aviation #customerservice #TataGroup #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia