Kurisumala | കുരിശിന്‍റെ വഴിയെ: വാഗമണിലെ കുരിശുമലയുടെ വിശേഷങ്ങൾ; ആത്മീയാനുഭൂതിയും പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും പകരുന്ന ഇടം

 


ഇടുക്കി: (KVARTHA) യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും അനുസ്മരിച്ച് ദുഃഖവെള്ളി കടന്നുവരികയാണ്. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയുടെ ഓര്‍മപുതുക്കലിനായി ദേവാലയങ്ങളുടെയും ക്രിസ്തീയ സംഘടനകളുടെയും നേതൃത്വത്തില്‍ ഈ ദിവസം കുരിശിന്‍റെ വഴി സംഘടിപ്പിക്കുന്നു. കേരളത്തിൽ തീർഥാടന കേന്ദ്രങ്ങളായ കുരിശുമല, മലയാറ്റൂർ,‍ വയനാട് ചുരം തുടങ്ങിയ ഇടങ്ങളിൽ വലിയ കുരിശും ചുമന്നു കാൽനടയായി മല കയറുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.

Kurisumala | കുരിശിന്‍റെ വഴിയെ: വാഗമണിലെ കുരിശുമലയുടെ വിശേഷങ്ങൾ; ആത്മീയാനുഭൂതിയും പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും പകരുന്ന ഇടം

വാഗമൺ കുരിശുമല

കേരളത്തിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനും തീർഥാടന കേന്ദ്രവുമാണ് വാഗമൺ കുരിശുമല. പാലാ രൂപതയുടെ കീഴിലുള്ള വാഗമൺ പള്ളിയുടെ ഭാഗമാണ് ഇത്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി വിശ്വാസികൾ ഈ മല താണ്ടുകയാണ്. കോട്ടയത്തുനിന്ന് പാലാ വഴി ഈരാറ്റുപേട്ടയിലെത്തി തീക്കോയി-വാഗമൺ റൂട്ടിൽ വഴിക്കടവിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ കുരിശുമലയുടെ അടിവാരമായ കല്ലില്ല കവലയിലെത്താം. കുമളി, കട്ടപ്പന ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് ഏലൂപ്പാറ, വാഗമൺ വഴി വഴിക്കടവ് വഴി കുരിശുമലയിലെത്താവുന്നതാണ്. പാലായിൽ നിന്നും 37.7 കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്നും 24.6 കിലോമീറ്ററും വാഗമണ്ണിൽ നിന്നും 3.9 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 39.9 കിലോമീറ്ററും ദൂരമുണ്ട്

ചരിത്രം

നൂറ്റാണ്ടുകളായി കാഴ്ചയിൽ പെടാതെ കിടന്ന വാഗമണിന് വലിയ ചരിത്രമില്ല. ബ്രിട്ടീഷുകാർക്ക് ഇവിടെ തോട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, 1926-ൽ വാൾട്ടർ ഡങ്കനും കമ്പനിയും ഇവിടെ തേയിലത്തോട്ടങ്ങൾ ആരംഭിച്ചപ്പോഴാണ് വാഗമൺ പ്രസിദ്ധമായത്. 1930-കളിൽ ഈ പ്രദേശത്ത് കൂടുതൽ തേയിലത്തോട്ടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1950 കളിൽ, കുരിശുമല ആശ്രമം സ്ഥാപിക്കപ്പെട്ടതോടെയാണ് വാഗമൺ പ്രസിദ്ധമാവാൻ തുടങ്ങിയത്. കോട്ടയത്തെയും ഇടുക്കിയെയും അതിർത്തി പങ്കിടുന്ന ഈ ഉയരം താണ്ടിയാൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനും കഴിയും.

1956-ൽ, അന്നത്തെ തിരുവല്ല ബിഷപ്പായിരുന്ന സഖറിയാസ് മാർ അത്താനാസിയോസ്, ബെൽജിയത്തിലെ സ്കോർമോണ്ട് ആബിയിൽ നിന്നുള്ള പുരോഹിതനായ ഫ്രാൻസിസ് മഹിയുവിനെ ആശ്രമം ആരംഭിക്കുന്നതിനായി കേരളത്തിലേക്ക് ക്ഷണിച്ചു. വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിലെത്തിയ ഗാന്ധിജിയുടെ ആശയങ്ങളിലും വാക്കുകളിലും ആകൃഷ്ടനായാണ് ഫ്രാൻസീസ് മഹിയു ഇന്ത്യയിലെത്തിയത്. പിന്നീട് ബീഡ്‌ ഗ്രിഫിത്‌സ്‌ എന്ന ഇംഗ്ലീഷുകാരനും അദ്ദേഹത്തോടൊപ്പം ചേർന്നു.

1956 ഡിസംബർ ഒന്നിന് മഹിയുവും ഗ്രിഫിത്ത്സും അടിത്തറ പാകി. സിസ്റ്റേഴ്‌സിയന്‍ എന്ന സന്യാസീ സംഘത്തിലെ അംഗങ്ങളാണ് ഇവിടെയുള്ളവർ. ഫാദർ എന്ന പേരിലാണ് അഭിസംബോധന ചെയ്യുന്നത്. താല്പര്യമുള്ളവർക്ക് ആശ്രമത്തിൽ താമസിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പശു ഫാം ആണ് ഇവിടെ മറ്റൊരു ആകർഷണം. വിദേശ ഇനമായ ഫ്രീഷ്യൻ പശുക്കളെയാണ് വളർത്തുന്നത്. പുലർച്ചെ മൂന്നേമുക്കാലോടെയാണ് ആശ്രമത്തിലെ ഒരു ദിവസം ആരംഭിക്കുന്നത്. സന്ദർശകർക്ക് രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Keywords: News, Kerala, Idukki, Vagamon, Kurisumala, Palm Sunday, Easter, Christian Festival, Good Friday, All About Kurisumala at Vagamon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia