Scandal | മുട്ട പഫ്‌സിന് 3.62 കോടി രൂപ! ആന്ധ്രയിൽ സംഭവിക്കുന്നത്
ജഗനെ എതിർക്കുന്നവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തിന്റെ പാർട്ടിയെ ട്രോളാനും ഒരു ശക്തമായ ആയുധമായി മാറി ഇത്.
ഹൈദരാബാദ്: (KVARTHA) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും അദ്ദേഹത്തിന്റെ സംഘവും അധികാരം ദുരുപയോഗം ചെയ്ത് സർക്കാർ പണം സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്ന നിരവധി ആരോപണങ്ങൾ നേരിടുകയാണ്. 2019-2024 കാലയളവിൽ ഇറങ്ങിയ ഔദ്യോഗിക ഉത്തരവുകളും മറ്റും വെളിപ്പെടുത്തി ജഗൻ്റെ ഭരണകാലത്ത് കോടിക്കണക്കിന് രൂപയുടെ പണം അപഹരിച്ചുവെന്ന് അന്നത്തെ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
ഇപ്പോൾ ജഗൻ മോഹന് അധികാരം നഷ്ടപ്പെട്ടതോടെ, അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്ന കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവരികയാണ്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജഗന്റെ ഭരണകാലത്ത് 3.62 കോടി രൂപ ചിലവാക്കി മുട്ട പഫ്സ് വാങ്ങിയെന്നത്. അതായത് ഓരോ വർഷവും സർക്കാർ ശരാശരി 72 ലക്ഷം രൂപ ചെലവഴിച്ചു. ഇത് അർത്ഥമാക്കുന്നത് ദിവസേന 993 മുട്ട പഫ്സ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപയോഗിച്ചു അതുമല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ 18 ലക്ഷം പഫ്സ് കഴിച്ചുവെന്നാണെന്ന് ഭരണപക്ഷം ആരോപിക്കുന്നു.
വിപുലമായ സുരക്ഷാ വിന്യാസം, റുഷികൊണ്ട കൊട്ടാരം നിർമ്മാണം, ഹ്രസ്വ യാത്രകൾക്കും സ്വകാര്യ അവധിക്കുമായി പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ജഗൻ്റെ ഭരണകൂടത്തിന്റെ അമിത ചിലവിനെ ചൊല്ലി വലിയ വിവാദങ്ങൾ തുടരുകയാണ്. അതിനിടെയാണ് ഇപ്പോൾ 'മുട്ട പഫ്സ്' റിപ്പോർട്ടും ഒരു വലിയ വിവാദത്തിന് കാരണമായയത്. ജഗനെ എതിർക്കുന്നവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തിന്റെ പാർട്ടിയെ ട്രോളാനും ഒരു ശക്തമായ ആയുധമായി മാറി ഇത്.