ജയലളിതയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയുമായി സിനിമാ ലോകവും; നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍, തമിഴ്‌നാട്ടില്‍ അതീവ സുരക്ഷ

 


ചെന്നൈ: (www.kvartha.com 05.12.2016) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ സിനിമാ ലോകവും. ട്വിറ്ററിലൂടെയാണ് സിനിമാ താരങ്ങള്‍ മുഖ്യമന്ത്രിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആശംസകള്‍ നേര്‍ന്നത്.

ജയലളിതയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയുമായി സിനിമാ ലോകവും; നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍, തമിഴ്‌നാട്ടില്‍ അതീവ സുരക്ഷ

സിനിമാ താരങ്ങളായ ഗൗതമി, ഹേമ മാലിനി, റിഷി കപൂര്‍, പരേഷ് രവാള്‍ തുടങ്ങിയവര്‍ ജയലളിതയുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ചു. തന്റെ കാണപ്പെട്ട ദൈവമായ അമ്മ പൂര്‍ണ ആരോഗ്യവതിയായി തിരികെ വരുന്നതിനു പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്ന് ഗൗതമി ട്വിറ്ററില്‍ കുറിച്ചപ്പോള്‍ താന്‍ ആദ്യമായി ജയലളിതയെ കണ്ടത് ഓര്‍മ്മിപ്പിച്ചായിരുന്നു റിഷി കപൂറിന്റെ ട്വീറ്റ്. തമിഴ്‌നാടിന്റ അമ്മയായ ജയലളിത തന്റെ പൊരുതുന്ന മനസുമായി തിരികെ വരുമെന്ന് ഹേമമാലിനിയും പറഞ്ഞു.

സെപ്തംബര്‍ 22നാണ് കടുത്ത പനിയും നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവര്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്നും സൂചനകളുണ്ടായിരുന്നു. ഇതിനിടയിലാണ് ജയലളിതയ്ക്ക് വീണ്ടും ഹൃദയാഘാതം ഉണ്ടായിരിക്കുന്നത്.

അതിനിടെ ഐ.സി.യുവില്‍ കഴിയുന്ന ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ഇ.സി.എം.ഒ എന്ന യന്ത്രത്തിന്റെ സഹായത്തിലാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ജയലളിതയെന്നും പത്രകുറിപ്പില്‍ പറയുന്നു.

മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായവും ജയലളിതയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ ചികില്‍സയിലും നിരീക്ഷണത്തിലും കഴിയുകയാണു ജയലളിതയെന്നും അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 2000ത്തോളം പോലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.

മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞു പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ വച്ച് തമിഴ്‌നാട് മന്ത്രിസഭയുടെ അടിയന്തര യോഗവും ചേര്‍ന്നിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആശുപത്രി അധികൃതരുമായും സംസാരിച്ചു. ജയയുടെ ആരോഗ്യത്തിനായി ജനങ്ങള്‍ പ്രാര്‍ഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു.

ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ അണ്ണാ ഡിഎംകെ അറിയിച്ചിരുന്നു. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചുവെന്നും ജയലളിത പൂര്‍ണമായും അസുഖത്തില്‍ നിന്നും മോചിതയായെന്നുമായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്.


Also Read:
എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു

Keywords:   Amma still very critical, says Apollo Hospital's latest health bulletin; Tamil Nadu on high alert, chennai, Prime Minister, Narendra Modi, Twitter, Doctor, Chief Minister, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia