Environment | തലയില്‍ ചെറിയൊരു 'നെല്‍കൃഷി പാടം'! പ്രയാഗ് രാജ് മഹാ കുംഭമേളയ്ക്കായി തയ്യാറെടുത്ത് അനജ് വാലെ ബാബ
● വിളകള്‍ക്ക് കൃത്യമായ വെള്ളവും വളവും നല്‍കുന്നു.
● എന്തെങ്കിലും കീടബാധയുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു.
● കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി വിളകള്‍ കൃഷി ചെയ്തു.
● ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്.
ലക്‌നൗ: (KVARTHA) ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് 12 വര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ഒരുങ്ങുന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനത്തിന് സന്ന്യാസിമാരും തീര്‍ഥാടകരും എത്തും. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് പ്രയാഗ് രാജില്‍ മഹാകുംഭമേള നടക്കുന്നത്. 45 കോടി ഭക്തരെത്തുമെന്ന് കണക്കാക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, പരിസ്ഥിതിയോടിണങ്ങി കുഭംമേളയ്ക്ക് തയ്യാറെടുക്കുന്ന ഒരു യോഗി ആണിപ്പോള്‍ കുഭംമേളയ്ക്ക് മുന്നോടിയായി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഉത്തര്പ്രദേശിലെ സോന്ഭദ്ര ജില്ലയില്‍ നിന്നുള്ള അമര്‍ജീത് എന്ന അനജ് വാലെ ബാബ എന്നയാളാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധനേടിയിരിക്കുന്നത്. കാരണം ഈ യോഗി തന്റെ തലമുടിക്ക് ഇടയില്‍ പ്രത്യേകം സജ്ജീകരിച്ച് നെല്ല് വളര്‍ത്തിയാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. പരിസ്ഥിതിയുടെ പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് ബാബ വിശദീകരിക്കുന്നു.
വെറുതെ കാഴ്ചക്കാര്‍ക്ക് വേണ്ടിയുള്ള കൃഷിയല്ല ബാബയുടേത്. എല്ലാ ദിവസവും അദ്ദേഹം വിളകള്‍ക്ക് കൃത്യമായ വെള്ളവും വളവും നല്‍കുകയും അവയ്ക്ക് എന്തെങ്കിലും കീടബാധയുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
തലയില്‍ ഒരു ചെറുപാടം കൊണ്ട് നടക്കുന്നത് പോലെ നെറ്റിയോടൊപ്പം ചേര്‍ന്ന് കാവിത്തുണി കെട്ടി അതിനുള്ളിലാണ് അദ്ദേഹത്തിന്റെ കൃഷി. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി വിളകളാണ് ബാബ തന്റെ തലയില്‍ കൃഷി ചെയ്തിട്ടുള്ളത്. ഗോതമ്പ്, ചെറുധാന്യങ്ങള്‍, കടല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കാര്‍ഷിക വിളകള്‍. എന്തായാലും അനജ് വാലെ ബാബയുടെ രൂപം മേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രശസ്തമായിരിക്കുകയാണ്.
അദ്ദേഹത്തെ ഒന്ന് കാണാനായി പോലും ഭക്തര്‍ പ്രദേശത്ത് തിരക്ക് കൂട്ടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കില ഘട്ടിനടുത്താണ് തന്നെ കാണാനെത്തുന്നവരെ ബാബ സ്വീകരിക്കുന്നത്. മഹാ കുംഭമേള അവസാനിച്ചാല്‍ ബാബ സോന്‍ഭദ്രയിലേക്ക് മടങ്ങിപ്പോകും. അവിടെ തന്റെ പാരിസ്ഥിതിക അറിവുകള്‍ ജനങ്ങളുമായി പങ്കുവയ്ക്കും. അദ്ദേഹം പരിസ്ഥിതി അവബോധത്തിന്റെ ജീവിക്കുന്ന പ്രതീകമാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കുടെ അഭിപ്രായം.
#KumbhMela #India #Environment #Sadhu #OrganicFarming #Viral #Unique #Spiritual