Decision | ആന്ധ്രാപ്രദേശിൽ വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ
● 2023 ഒക്ടോബറിലെ ജഗൻമോഹൻ സർക്കാരിന്റെ ഉത്തരവാണ് ആന്ധ്രാ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്.
● ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അന്നത്തെ സർക്കാർ 11 അംഗ വഖഫ് ബോർഡ് രൂപീകരിച്ചിരുന്നു.
അമരാവതി: (KVARTHA) ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ടു. മുൻ വൈഎസ്ആർ കോൺഗ്രസ് സർക്കാർ നാമനിർദേശം ചെയ്ത വഖഫ് ബോർഡിനെതിരെയാണ് നടപടി സ്വീകരിച്ചത്. 2023 ഒക്ടോബറിലെ ജഗൻമോഹൻ സർക്കാരിന്റെ ഉത്തരവാണ് ആന്ധ്രാ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ വഖഫ് ബോർഡ് രൂപീകരിച്ചിരുന്നു. ഇവരിൽ മൂന്ന് പേർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബാക്കിയുള്ളവർ നാമനിർദേശം ചെയ്യപ്പെട്ടു. വഖഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ, 2023 നവംബർ ഒന്നിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി, സംസ്ഥാന വഖഫ് ബോർഡിൻ്റെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു.
ചെയർപേഴ്‌സണെ തിരഞ്ഞെടുക്കുന്നതിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് ദീർഘകാലമായി പ്രവർത്തനരഹിതമായിരുന്ന ബോർഡ്, 2024ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെയാണ് പിരിച്ചുവിട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മുൻ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചതായി ന്യൂനപക്ഷ ക്ഷേമ മന്ത്രി എൻ മുഹമ്മദ് ഫാറൂഖ് പ്രസ്താവനയിൽ അറിയിച്ചു.
സെപ്തംബറിൽ എൻഡിഎ സർക്കാർ ടിഡിപി നേതാവ് ശെയ്ഖ് അബ്ദുൽ അസീസിനെ ആന്ധ്രാപ്രദേശ് വഖഫ് ബോർഡ് ചെയർമാനായി നിയമിച്ചിരുന്നു. മുൻ സർക്കാർ രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിട്ടത് അബ്ദുൽ അസീസിൻ്റെ നേതൃത്വത്തിൽ പുതിയ ബോർഡ് രൂപീകരിക്കാൻ വഴിയൊരുക്കും. നെല്ലൂർ മുൻ മേയറായ അബ്ദുൽ അസീസ് നിലവിൽ നെല്ലൂർ പാർലമെൻ്റ് മണ്ഡലം ടിഡിപി പ്രസിഡൻ്റാണ്.
#AndhraPradesh #WakfBoard #ChandrababuNaidu #TDP #MinorityWelfare #Politics