Political parties | രാഷ്ട്രീയ പാർട്ടികൾ സ്ത്രീ വിരുദ്ധ പാർട്ടികൾ ആകുന്നോ? ഇക്കാര്യത്തിൽ എല്ലാവരും ഒന്നാണ്!
May 3, 2024, 23:26 IST
/ ഡോണൽ മുവാറ്റുപുഴ
(KVARTHA) ഭരണം നിലനിർത്താൻ ഏത് ചീഞ്ഞ ആളുകളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്ന ഒരു രാഷ്ട്രീയ അവസ്ഥയാണ്, സംസ്‌കാരമാണ് ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന് കേന്ദ്ര, സംസ്ഥാന ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. അധികാരത്തിന് വേണ്ടി ആരുമായും ആരും കൂട്ടുകെട്ട് ഉണ്ടാക്കുന്നു. ഏത് വൃത്തികെട്ടവനെയും മഹത്വവത്ക്കരിക്കാനും ഇവിടെ ആളുകളുണ്ട്. അങ്ങനെ വരുമ്പോൾ നമ്മുടെ രാജ്യം എങ്ങനെ നന്നാകും. ഇത് വലിയൊരു അപകടമാണ്, പ്രതിസന്ധിയാണ്. വികസനമുരടിപ്പ് മാത്രമാകും ഫലം. ഇപ്പോൾ കർണ്ണാടകയിൽ ബി.ജെ.പി യെ തൂത്തെറിഞ്ഞ് കോൺഗ്രസ് അധികാരത്തിൽ വന്നിരിക്കുകയാണ്. പിന്നാലെയായിരുന്നു ലോക്സഭാ ഇലക്ഷൻ. കഴിഞ്ഞ തവണ നല്ലൊരു ശതമാനം ലോക് സഭാ സീറ്റുകളും ബി.ജെ.പി യാണ് അവിടെ കരസ്ഥമാക്കിയത്.
ഇനി ഇദ്ദേഹത്തെ ഒന്ന് അറിയാം. ഈ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സെക്ഷ്വൽ സ്‌കാമാണ് എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്ക് എതിരെ ഉണ്ടായിരിക്കുന്നത്. 2976 വീഡിയോകൾ, 200 സ്ത്രീകളുമായുള്ള വീഡിയോകൾ. അതിൽ ഭൂരിഭാഗവും സമ്മതം കൂടാതെ ബലാത്സംഗം ചെയ്യുന്ന വീഡിയോകൾ, സ്ഥലമാറ്റം ആവശ്യത്തിന് വന്ന വനിത പോലീസ് ഉദ്യോഗസ്ഥ മുതൽ വീട്ടുവേലക്കാരി വരെ ഇരയായി. പ്രായമായ വീട്ടുവേലക്കാരിയെ കയറി പിടിച്ചപ്പോൾ അവർ പറയുന്നുണ്ട്, 'മോനെ ഞാൻ നിന്റെ അച്ഛനും, അപ്പൂപ്പനും ഒക്കെ ഭക്ഷണം വിളമ്പിയ ആളാണ്, എന്നെ വെറുതെ വിടണം'. എന്നിട്ടും ബലാത്സംഗം ചെയ്തു എന്ന് മാത്രമല്ല എല്ലാം മൊബൈലിൽ പകർത്തി സൂക്ഷിച്ചു വച്ച് ബ്ലാക്‌മെയ്ൽ കൂടി ചെയ്യുന്നു.
വോട്ടിംഗ് കഴിഞ്ഞ് പോലീസ് വീട്ടിൽ എത്തുന്നതിനു മുൻപ് സ്വകാര്യ വിമാനത്തിൽ ഇയാൾ ജർമനിക്ക് മുങ്ങിയെന്നാണ് വിവരം. ദേശീയ വനിതാ കമ്മീഷനോ അതിന്റെ അധ്യക്ഷക്കോ വിഷയം അറിഞ്ഞ മട്ടില്ല. ബേട്ടി ബച്ചാവോ, നാരി ശക്തി എന്ന് വിളമ്പുന്ന, കെട്ടുതാലിയെക്കുറിച്ചു മുതലക്കണ്ണീരൊഴുക്കുന്ന നരേന്ദ്ര മോദി നാളിതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചു കണ്ടുമില്ല. ദേശീയ മാധ്യമങ്ങൾ പോലും ഈ വിഷയം ഒതുക്കിയതുപോലെയുണ്ട്. നേരത്തെ ഗുസ്തി ഫെഡറേഷൻ നേതാവായ മറ്റൊരു കാമ വീരനെ സംരക്ഷിക്കുന്നത് നമ്മൾ കണ്ടതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ പാർട്ടിയായി ബിജെപി മാറുകയാണോ എന്ന് പോലും പ്രതിപക്ഷം ആരോപിക്കുന്നു.
ഇത്തരക്കാരെ ആരായാലും സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ സമൂഹ മനസാക്ഷി ഉണരേണ്ടതുണ്ട്. നമ്മൾ ശബ്ദം ഉയർത്തികൊണ്ടേയിരിക്കുക, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക, ഇന്ത്യയെ തിരിച്ചുപിടിക്കാൻ. അത് മാത്രമാണ് ഇതിനുള്ള ഏക പോംവഴി. മാധ്യമങ്ങളിൽ പോലും ഇപ്പോൾ ജനങ്ങൾക്ക് വിശ്വാസമില്ലാതായിരിക്കുന്നു എന്ന് വേണം പറയാൻ. ആരോ ഇട്ടുകൊടുക്കുന്ന തുട്ടുകൾക്ക് മുന്നിൽ അവർ യഥാർത്ഥ വസ്തുത പുറത്തെത്തിക്കുന്നുണ്ടോ? നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻ്റെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് വേണം പറയാൻ.
ഇപ്പോൾ സോഷ്യൽ മീഡിയ മാത്രമാണ് ഏക ആശ്രയം. മുൻപ് കോൺഗ്രസും അധികാരം സ്ഥാപിക്കാൻ കർണ്ണാടകയിൽ രേവണ്ണയുടെ പാർട്ടിയുമായി സംഖ്യം ചേർന്നത് മറക്കാവുന്നതല്ല. അധികാരത്തിന് വേണ്ടി ഏത് വൃത്തികെട്ടവനുമായും കുട്ടുചേരുന്നതും ഏത് വൃത്തികെട്ടവനും അധികാരത്തിൽ എത്തുന്നതും അവസാനിച്ചേ തീരു. അത് ഇന്ത്യാ മഹാരാജ്യത്തെ അപകടത്തിൽ കൊണ്ട് ചെന്നെത്തിക്കും. ഭാവിയിൽ അത് വലിയൊരു ദുരന്തമായി മാറുകയും ചെയ്യും. ഇതിനെതിരെ, ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഒരോ പൗരനും പ്രതികരിച്ചുകൊണ്ടേയിരിക്കണം.
Keywords: News, News-Malayalam-News, National, Politics, Are political parties anti-women parties?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.