Controversy | സ്റ്റേജ് ഷോക്കിടെ കോഴിയുടെ കഴുത്തറുത്ത് രക്തം കുടിച്ചെന്ന സംഭവത്തില്‍ ആര്‍ട്ടിസ്റ്റിനെതിരെ കേസ്
● സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
● പരാതി നല്‍കിയത് മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ
● കേസെടുത്തത് ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 325, സെക്ഷന്‍ 11 പ്രകാരം
ഇറ്റാനഗര്‍: (KVARTHA) സ്റ്റേജ് ഷോക്കിടെ കോഴിയുടെ കഴുത്തറുത്ത് രക്തം കുടിച്ചെന്ന സംഭവത്തില്‍ ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്തു. അരുണാചല്‍ പ്രദേശ് പൊലീസ് ആണ് സ്റ്റേജ് ആര്‍ട്ടിസ്റ്റായ കോന്‍ വായ് സോണിനെതിരെ കേസെടുത്തത്. ഒക്ടോബര്‍ 27നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെ മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ് മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സോണിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 325, സെക്ഷന്‍ 11 പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ക്ഷമാപണവുമായി സോണ്‍ രംഗത്തെത്തി. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും യാതൊരുവിധത്തിലുള്ള പങ്കും ഇക്കാര്യത്തില്‍ ഇല്ലെന്നും അറിയിച്ച് പരിപാടിയുടെ സംഘാടകര്‍ എസ് പിക്ക് കത്തയച്ചു.
മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും അവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കണമെന്നുമാണ് സംഭവത്തില്‍ പെറ്റയുടെ പ്രതികരണം. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് മനുഷ്യരോടും ക്രൂരത കാണിക്കാന്‍ ഒരു മടിയും ഉണ്ടാകില്ലെന്നും ഇവര്‍ കൊടിയ കുറ്റവാളികളാണെന്നും പെറ്റ പറയുന്നു.
മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ആക്രമണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങി മറ്റ് പല കുറ്റകൃത്യങ്ങളും ചെയ്യാനുള്ള സാധ്യത മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് റിസര്‍ച്ച് ആന്‍ഡ് ക്രിമിനോളജി ഇന്റര്‍നാഷണല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ടെന്നും പെറ്റ ചൂണ്ടിക്കാട്ടുന്നു.
#AnimalRights, #ArtistControversy, #ArunachalPradesh, #PETA, #StageShow, #ViralVideo