Assembly Election | രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമിഷന്‍; ജമ്മുകശ്മീരില്‍ 3 ഘട്ടങ്ങളില്‍, ഹരിയാനയില്‍ ഒറ്റഘട്ടം, വോട്ടെണ്ണല്‍ ഒക്ടോബര്‍ 4 ന്
ന്യൂഡെല്‍ഹി: (KVARTHA) രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമിഷന്‍. ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്ര സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 26നും അവസാനിക്കും.
സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 2014ന് ശേഷം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 10 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ തിരിഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. 90 മണ്ഡലങ്ങളാണുള്ളത്. ആദ്യഘട്ടം സെപ്റ്റംബര്‍ 18 നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.
ജമ്മുവില്‍ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവര്‍ക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ വ്യക്തമാക്കി. 11, 838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടര്‍മാരാണുള്ളത്.
പത്ത് വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഹരിയാനയില്‍ ഏറ്റവും ഒടുവില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കലിന് ബിജെപി ശ്രമിച്ചത്. മനോഹര്‍ലാല്‍ ഖട്ടാറിന് പകരം നയാബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കി. ലോക് ദളിന്റെ തട്ടകത്തില്‍ നേതാവില്ലാതെ മോദി തരംഗത്തിലാണ് 2014 ല്‍ ബിജെപി അധികാരം പിടിച്ചത്. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരത്തേയും കര്‍ഷകപ്രക്ഷോഭത്തേയും നേരിട്ട് 2019 ല്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയിലാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്.
കര്‍ഷകരോഷം തിരിച്ചറിഞ്ഞ് ജെജെപി സര്‍ക്കാരിനുള്ള പിന്തുണ അടുത്തിടെ പിന്‍വലിച്ചെങ്കിലും ദുഷ്യന്തിന്റെ പാര്‍ട്ടിയെ പിളര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ സഭയില്‍ വിശ്വാസം വീണ്ടെടുത്തത്. ഭരണം തിരിച്ചുപിടിക്കാന്‍ സുവര്‍ണാവസരമായി കരുതുന്ന കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളി പാര്‍ട്ടിക്കുള്ളിലെ ഹൂഡ-ഷെല്‍ജ ചേരികളുടെ തമ്മിലടിയാണ്. ജാട്ടുകളുടെ ബിജെപിയോടുള്ള അനിഷ്ടവും കര്‍ഷകരോഷവും ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഇത്തവണ
ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കാലാവധി 2025 ജനുവരിയില്‍ അവസാനിക്കും.
വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി. രാഹുല്‍ഗാന്ധി വയനാട് ലോക് സഭാ സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പു വേണ്ടിവരുന്നത്. പ്രിയങ്ക ഗാന്ധിയാണു കോണ്‍ഗ്രസിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്ന് കെ രാധാകൃഷ്ണന്‍ ജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതിനോടൊപ്പം പാലക്കാട് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഷാഫി പറമ്പില്‍ എംഎല്‍എ വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
#IndianElections #StateElections #Voting #Democracy #Politics