Inauguration | ആസ്റ്റർ വോളന്റിയേഴ്‌സിൻ്റെ 50-ാം മൊബൈൽ ക്ലിനിക്ക് ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്തു; ഉത്തരേന്ത്യയിലും പ്രവർത്തനമേഖല വിപുലീകരിച്ച് പുതിയ കാൽവയ്പ്പ്
● വിദൂര പ്രദേശങ്ങളിൽ ടെലിമെഡിസിൻ സേവനങ്ങളും ലഭ്യമാകും.
● ആസ്റ്റർ വോളന്റിയേഴ്‌സ് 12 വർഷത്തിനിടെ 50 മൊബൈൽ ക്ലിനിക്കുകൾ സ്ഥാപിച്ചു
● 7 വർഷത്തിനിടെ 56 ലക്ഷം പേർക്ക് സൗജന്യ ചികിത്സ നൽകി
● 2025ൽ ഉത്തരേന്ത്യയിൽ 10 പുതിയ യൂണിറ്റുകൾ തുടങ്ങാൻ പദ്ധതിയുണ്ട്
ന്യൂഡൽഹി: (KVARTHA) ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ നിർവഹിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലും കർണാടകയിലെ കലബുറഗിയിലുമായി രണ്ട് പുതിയ ക്ലിനിക്കുകളാണ് ആരംഭിച്ചിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള ഈ സഞ്ചരിക്കുന്ന ക്ലിനിക്കുകൾ, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ടെലിമെഡിസിൻ സേവനങ്ങളും നൽകും. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇന്റർനെറ്റിലൂടെയും ഫോണിലൂടെയും ലഭ്യമാകും.
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ പുതിയ മൊബൈൽ ക്ലിനിക്കുകൾ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, കോർപ്പറേറ്റ് ഗവർണൻസ് മേധാവി ടി.ജെ. വിൽസൺ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ ലോൺ ടെന്നീസ് അസോസിയേഷൻ വൈസ് പ്രസിഡന്റും ഡൽഹി പ്രസിഡന്റ് ഓഫ് മിക്സഡ് മാർഷൽ ആർട്‌സുമായ പ്രബൽ പ്രതാപ് സിംഗ് തോമർ പദ്ധതിയെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലും മറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഗുണമേന്മയുള്ള ചികിത്സ എത്തിക്കുക എന്നതാണ് ആസ്റ്റർ വോളന്റിയേഴ്‌സിൻ്റെ ലക്ഷ്യം.
മൊബൈൽ ക്ലിനിക്കുകളുടെ സവിശേഷതകൾ
അശോക് ലെയ്‌ലാൻഡിൻ്റെ ഏഴ് മീറ്റർ മിത്ര് വാഹനത്തിലാണ് പുതിയ മൊബൈൽ ക്ലിനിക്കുകൾ ഒരുക്കിയിരിക്കുന്നത്. രോഗികൾക്കുള്ള കാത്തിരിപ്പ് സ്ഥലം, രജിസ്‌ട്രേഷൻ ഡെസ്‌ക്, ലബോറട്ടറി, മരുന്നുകൾ സൂക്ഷിക്കാനുള്ള റെഫ്രിജറേറ്റർ, ഡോക്ടർക്കുള്ള പ്രത്യേക മുറി എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആരോഗ്യ ബോധവൽക്കരണത്തിനുള്ള സ്‌ക്രീൻ, പുറത്തേക്ക് തണൽ വിരിക്കാനുള്ള സംവിധാനം, എയർ കണ്ടീഷനിംഗ്, അണുബാധ തടയുന്നതിനുള്ള സംവിധാനം, വൈഫൈ, ജിപിഎസ് എന്നിവയും ഇതിൻ്റെ പ്രത്യേകതകളാണ്. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും അശോക് ലെയ്‌ലാൻഡും ചേർന്നുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഉപരാഷ്ട്രപതിയുടെ പ്രശംസയും കാഴ്ചപ്പാടുകളും
ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കിടയിൽ ആരോഗ്യസംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ ഈ മൊബൈൽ ക്ലിനിക്കുകൾ വലിയ പങ്കുവഹിക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ പറഞ്ഞു. പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത മേഖലകളിൽ അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതി സ്തുത്യർഹവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും ഉപരാഷ്ടപതി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കകത്തും പുറത്തും ചികിത്സാസൗകര്യങ്ങൾ കൂടുതൽ വിശാലമാക്കുന്നതിൽ ആസ്റ്റർ വോളന്റിയേഴ്സിന്റെ ശ്രമങ്ങൾ നിർണായകമാകും. എത്ര അകലെയുള്ളവർക്കും ഉന്നതനിലവാരമുള്ള ചികിത്സ നൽകുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കഴിയുമെന്ന് ആസ്റ്റർ വോളന്റിയേഴ്‌സ് തെളിയിക്കുകയാണ്. പദ്ധതിയുടെ ദീർഘവീക്ഷണത്തെയും ഉദ്ദേശലക്ഷ്യത്തിലെ നന്മയെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
അതിനൂതന സാങ്കേതികവിദ്യയിലൂടെയും സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ മാർഗങ്ങളിലൂടെയും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ് ഈ പദ്ധതിയെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
വ്യക്തിഗത ശ്രദ്ധയിലൂന്നിക്കൊണ്ട് വിവിധ ജനവിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ നിതാന്തപരിശ്രമത്തിന്റെ ഭാഗമാണ് ഈ മൊബൈൽ ക്ലിനിക്കുകൾ. വരുംനാളുകളിൽ ഈ പദ്ധതി കൂടുതൽ വിശാലമാക്കുമെന്നും ഉത്തരേന്ത്യയിലെ വിദൂരഗ്രാമങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ വോളന്റിയേഴ്‌സിൻ്റെ പ്രവർത്തനങ്ങൾ
അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും സൗജന്യ ചികിത്സാസഹായവും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും ആസ്റ്റർ വോളന്റിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസസ് (എവിഎംഎംഎസ്) പ്രവർത്തിക്കുന്നു. 12 വർഷത്തിനിടെ ആസ്റ്റർ വോളന്റിയേഴ്‌സ് അമ്പതാമത് മൊബൈൽ ക്ലിനിക്ക് എന്ന നേട്ടം കൈവരിച്ചു. ഇന്ത്യക്ക് പുറമെ പശ്ചിമേഷ്യ, ആഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലും ഇവർക്ക് സാന്നിധ്യമുണ്ട്.
നിലവിൽ കേരളം, തമിഴ്‌നാട്, കർണാടകം, തെലുങ്കാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡിഷ, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി ആകെ 31 മൊബൈൽ ക്ലിനിക്കുകളാണ് ഇന്ത്യയിൽ ആസ്റ്റർ വോളന്റിയേഴ്‌സ് നടത്തിവരുന്നത്. ഗുജറാത്തിലും ആന്ധ്ര പ്രദേശിലും കൂടി ഉടൻ പുതിയ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങും.
2025 ൽ ഉത്തരേന്ത്യയിൽ 10 പുതിയ യൂണിറ്റുകൾ തുടങ്ങാനും പദ്ധതിയുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടെ 56 ലക്ഷം പേർക്ക് ആസ്റ്റർ വോളന്റിയേഴ്‌സിൻ്റെ സേവനം ലഭിച്ചു. 75,000 ൽ അധികം സന്നദ്ധ പ്രവർത്തകരും ഇവർക്കൊപ്പമുണ്ട്.
#AsterVolunteers #MobileClinic #Healthcare #RuralHealth #Telemedicine #SocialService