History | 'ഔറംഗസേബിന്റെ ജീവിതവും ഖബറും ലാളിത്യം എടുത്തുകാട്ടുന്നു, ചരിത്ര സ്മാരകത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ ശക്തികളുടെ കടമ'; ശ്രദ്ധേയമായി ഫേസ്‌ബുക് പോസ്റ്റ്

 
The simple tomb of Aurangzeb
The simple tomb of Aurangzeb

Photo Credit: Facebook/ Jayarajan C N

● സൂഫി സന്യാസി ശൈഖ് സൈനുദ്ദീൻ ഷിറാസിയുടെ ദേവാലയ മുറ്റത്താണ് ശവകുടീരം.
●  ശവകുടീരം ഔറംഗസേബിന്റെ സൂഫിസത്തോടുള്ള താല്പര്യം കാണിക്കുന്നു.
● ഔറംഗസേബിന്റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യം വളർന്നു.
● ഔറംഗസേബിന്റെ മതപരമായ നയങ്ങൾ ചരിത്രകാരന്മാർക്കിടയിൽ ചർച്ചാവിഷയമാണ്.

(KVARTHA) മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഖബർ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഔറംഗസേബിന്റെ ഖബറിടത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിവാദങ്ങളും ചർച്ച ചെയ്യുന്ന എഴുത്തുകാരൻ സി എൻ ജയരാജന്റെ ഫേസ്‌ബുക് പോസ്റ്റ് ശ്രദ്ധേയമായി.

ഷാജഹാൻ പണികഴിപ്പിച്ച താജ്മഹൽ, ഹുമയൂണിന്റെ ശവകുടീരം എന്നിവയിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ ശവകുടീരമാണ് ഔറംഗസേബിന്റേത് എന്ന് അദ്ദേഹം പറയുന്നു. താഴികക്കുടമോ മറ്റ് സങ്കീർണമായ നിർമ്മിതികളോ ഇല്ലാത്ത വെറും മാർബിളിൽ തീർത്ത ഒരു തുറന്ന ശവകുടീരമാണിത്. ആഡംബര സ്മാരകങ്ങളെ നിരുത്സാഹപ്പെടുത്തിയ ഇസ്ലാമിക നിയമത്തിന്റെ കർശനമായ വ്യാഖ്യാനവുമായി ഈ ലാളിത്യം പൊരുത്തപ്പെടുന്നു. തന്റെ ശവസംസ്കാരം ലളിതമായിരിക്കണമെന്നും തൊപ്പികൾ തുന്നിയും മതഗ്രന്ഥങ്ങൾ പകർത്തിയും സമ്പാദിച്ച പണം കൊണ്ട് മാത്രം നടത്തണമെന്നും, സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിക്കരുതെന്നും അദ്ദേഹം നിർദേശിച്ചതായി പറയപ്പെടുന്നു.

ഔറംഗാബാദിന് സമീപമുള്ള ഖുൽദാബാദ് എന്ന ചെറിയ പട്ടണത്തിലെ സൂഫി സന്യാസി ശൈഖ് സൈനുദ്ദീൻ ഷിറാസിയുടെ ദേവാലയത്തിന്റെ മുറ്റത്താണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക നയങ്ങൾക്കിടയിലും സൂഫിസത്തോടുള്ള ഔറംഗസേബിന്റെ വ്യക്തിപരമായ ഭക്തിയും ഒരു പുണ്യ വ്യക്തിയുടെ സമീപം അടക്കം ചെയ്യാനുള്ള ആഗ്രഹവും ഈ തെരഞ്ഞെടുപ്പിനെ പ്രതിഫലിപ്പിക്കുന്നു. 'സന്യാസിമാരുടെ താഴ്വര' എന്നറിയപ്പെടുന്ന ഖുൽദാബാദിൽ നിരവധി സൂഫി സന്യാസിമാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തീർത്തും ലളിതമായ ശവകുടീരത്തിന്റെ സംരക്ഷണത്തിനായി 20-ാം നൂറ്റാണ്ടിൽ ഹൈദരാബാദിലെ നിസാം പിന്നീട് ചേർത്ത ഒരു ലളിതമായ ലാറ്റിസ് സ്ക്രീൻ (ജാലി) ശവകുടീരത്തിന് ചുറ്റുമുണ്ട്.

ഔറംഗസേബിന്റെ കാലഘട്ടം അക്ബറുടെയും മറ്റും കാലത്തെ അപേക്ഷിച്ച് മതപരമായ അസഹിഷ്ണുതയുടേതാണെന്ന് ചരിത്രകാരന്മാർ പറയുന്നു. മറുവശത്ത് ഹിന്ദുക്കൾക്കും അമ്പലങ്ങൾക്കും സഹായം ചെയ്തതും ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന നിർദ്ദേശം കൊടുത്തതുമായ ചരിത്രങ്ങളും ഉണ്ട്. ഔറംഗസേബിന്റെ ചരിത്രത്തിലെ പല മത അസഹിഷ്ണുതകളും കൊളോണിയൽ ചരിത്രകാരന്മാർ പെരുപ്പിച്ച് കാണിച്ചതാണ് എന്ന് ചില ഇന്ത്യൻ ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആക്രമണങ്ങൾ പലപ്പോഴും രാഷ്ട്രീയപരമായിരുന്നുവെന്നും മതവൈരപരമായിരുന്നില്ലെന്നും വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്.

സങ്കീർണമായ വ്യക്തിത്വമായിരുന്നു ഔറംഗസേബ്. ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനും സംവദിക്കാനും ഒരുപാട് കാര്യങ്ങൾ പ്രദാനം ചെയ്ത വ്യക്തിത്വം. ഇന്ത്യയുടെ എൺപത് ശതമാനത്തോളം മുഗൾ സാമ്രാജ്യം എത്തുന്നത് ഔറംഗസേബിന്റെ കാലത്തായിരുന്നു. ബ്രിട്ടീഷുകാർ സകലതും കടത്തിക്കൊണ്ടു പോകുന്നതിന് മുമ്പ് ആഗോള ജി.ഡി.പിയുടെ നാലിലൊന്ന് ഇന്ത്യയിൽ നിന്നായിരുന്നു. അതിനാൽ തന്നെ ഇത്തരം സങ്കീർണമായ ചരിത്ര മുഹൂർത്തങ്ങളെ പഠനങ്ങളും സംവാദങ്ങളും ആസ്വാദനങ്ങളുമാക്കി മാറ്റാൻ ആ ശവകുടീരം അവിടെ നിലനിൽക്കേണ്ടതുണ്ട്. സംഘഫാസിസ്റ്റുകൾ ഈ അമൂല്യമായ ചരിത്ര സ്മാരകത്തിന് നേരെ ഉയർത്തുന്ന ഭീഷണിയെ ചെറുക്കേണ്ടത് ജനാധിപത്യ പുരോഗമന ശക്തികളുടെ ഉത്തരവാദിത്തമാണെന്നും ജയരാജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

'ചിത്രത്തിൽ കാണുന്നത് ഔറംഗസീബിന്റെ ശവ കുടീരമാണ്...

ഈ ശവ കുടീരം അവിടെ നിന്ന് നീക്കണമെന്ന്, അഥവാ തകർത്തു കളയണമെന്ന് മഹാരാഷ്ട്രയിലെ ബജ്രംഗ് ദൾ അടക്കമുള്ള സംഘപരിവാരങ്ങൾ ആവശ്യമുയർത്താൻ തുടങ്ങിയിട്ടുണ്ട്. ഇത് എവിടെ ചെന്ന് അവസാനിക്കും എന്നറിയില്ല.

ചില കാര്യങ്ങൾ ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് വായനക്കാർ അറിഞ്ഞിരിക്കേണ്ടതുണ്ട്...

ഷാജഹാൻ പണികഴിപ്പിച്ച താജ്മഹൽ അല്ലെങ്കിൽ ഹുമയൂണിന്റെ ശവകുടീരം പോലുള്ള മുൻഗാമികളുടെ ആഡംബര ശവകുടീരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഔറംഗസേബിന്റെ വിശ്രമസ്ഥലം വളരെ ലളിതമാണ്. താഴികക്കുടമോ മറ്റ് സങ്കീർണ്ണമായ നിർമ്മിതികളോ ഇല്ലാത്ത വെറും മാർബിളിൽ നിർമ്മിച്ച ഒരു തുറന്ന ശവകുടീരമാണ് ഇത്.

ആഡംബര സ്മാരകങ്ങളെ നിരുത്സാഹപ്പെടുത്തിയ ഇസ്ലാമിക നിയമത്തിന്റെ കർശനമായ വ്യാഖ്യാനവുമായി ഈ ലാളിത്യം പൊരുത്തപ്പെടുന്നു. തന്റെ ശവസംസ്കാരം ലളിതമായിരിക്കണമെന്നും തൊപ്പികൾ തുന്നിയും മതഗ്രന്ഥങ്ങൾ പകർത്തിയും സമ്പാദിച്ച പണം കൊണ്ട് മാത്രം നടത്തണമെന്നും, സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചതായി പറയപ്പെടുന്നു.

ഔറംഗാബാദിന് സമീപമുള്ള ഖുൽദാബാദ് എന്ന ചെറിയ പട്ടണത്തിലെ സൂഫി സന്യാസി ശൈഖ് സൈനുദ്ദീൻ ഷിറാസിയുടെ ദേവാലയത്തിന്റെ മുറ്റത്താണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക നയങ്ങൾക്കിടയിലും സൂഫിസത്തോടുള്ള ഔറംഗസേബിന്റെ വ്യക്തിപരമായ ഭക്തിയും ഒരു പുണ്യ വ്യക്തിയുടെ സമീപം അടക്കം ചെയ്യാനുള്ള ആഗ്രഹവും ഈ തെരഞ്ഞെടുപ്പിനെ പ്രതിഫലിപ്പിക്കുന്നു.

'സന്യാസിമാരുടെ താഴ്വര' എന്നറിയപ്പെടുന്ന ഖുൽദാബാദിൽ നിരവധി സൂഫി സന്യാസിമാരുടെ ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തീർത്തും ലളിതമായ ശവ കുടീരത്തിന്റെ സംരക്ഷണത്തിനായി 20-ആം നൂറ്റാണ്ടിൽ ഹൈദരാബാദിലെ നിസാം പിന്നീട് ചേർത്ത ഒരു ലളിതമായ ലാറ്റിസ് സ്ക്രീൻ (ജാലി) ശവകുടീരത്തിന് ചുറ്റുമുണ്ട്. യഥാർത്ഥത്തിൽ, ഇത് ഒരു ചെറിയ ശിലാഫലകം മാത്രം ഉള്ള വളരെ ലളിതമായ ഒന്നായിരുന്നു.

വിലയേറിയ കല്ലുകൾ, സങ്കീർണ്ണമായ കൊത്തുപണികൾ, പൂന്തോട്ടങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച ആഡംബര ശവകുടീരങ്ങൾ നിർമ്മിക്കുന്ന മുഗൾ പാരമ്പര്യത്തിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്.

ഇസ്ലാമിക പാരമ്പര്യമനുസരിച്ച് ലളിതമായ ശവസംസ്കാരം നടത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് ഔറംഗസേബിന്റെ ശരീരം നേരിട്ട് മണ്ണിൽ അടക്കം ചെയ്യുകയും അതിനു മുകളിൽ നേരിയ മാർബിൾ പാളി വിരിക്കുകയും ചെയ്തു. 'ഞാൻ ഒറ്റയ്ക്ക് വന്നു, ഒരു അപരിചിതനായി പോകുന്നു' എന്ന് അദ്ദേഹം പറഞ്ഞതായി പറയപ്പെടുന്നു, ഇത് ലൗകികമായ ആഡംബരങ്ങളിൽ നിന്നുള്ള വേർപെടലിനെ ഊന്നിപ്പറയുന്നു.

ഔറംഗസേബിന്റെ ശവകുടീരം അദ്ദേഹത്തിന്റെ സങ്കീർണ്ണമായ സ്വഭാവത്തെ ഉൾക്കൊള്ളുന്നുണ്ട്. കാരണം, ഭക്തി, മിതത്വം, സൈനിക മോഹങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഭരണാധികാരിയാണ് ഔറംഗസേബ്. അക്ബറെയും തന്റെ മുൻകാല തലമുറകളെയും അപേക്ഷിച്ച് അദ്ദേഹത്തിന്റെ കൂടുതലായുള്ള സ്വേച്ഛാധിപത്യത്തിനും മതപരമായ അസഹിഷ്ണുതയും വിഖ്യാതമാണ്. മരണത്തിൽ മുഗൾ ആഡംബരത്തെ അദ്ദേഹം നിരസിച്ചത് ജീവിതകാലത്ത് കൂടുതൽ കർശനമായ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഭരണം നടപ്പിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്.

മുഗൾ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യാ ഉന്നതിയിൽ നിന്നുള്ള ഒരു മാറ്റത്തെ ശവകുടീരം അടയാളപ്പെടുത്തുന്നു. ഔറംഗസേബിന് ശേഷം, സാമ്രാജ്യം സാമ്പത്തികമായും രാഷ്ട്രീയമായും തകർച്ച നേരിട്ടു, തുടർന്നുള്ള ഭരണാധികാരികളാരും മുൻ ചക്രവർത്തിമാരുടെ തോതിൽ സ്മാരകങ്ങൾ നിർമ്മിച്ചില്ല. അതിനാൽ അദ്ദേഹത്തിന്റെ ശവകുടീരം ഈ മാറ്റത്തിന്റെ സൂക്ഷ്മമായ ചരിത്രപരമായ നാഴികക്കല്ലായി വർത്തിക്കുന്നു.

ഔറംഗസേബിന്റെ കാലഘട്ടം ഏവർക്കും അറിയാവുന്നതു പോലെ അക്ബറുടെയും മറ്റും കാലത്തെ അപേക്ഷിച്ച് മതപരമായ അസഹിഷ്ണുതയുടേതാണെന്ന് ചരിത്രക്രാരന്മാർ പറയുന്നുണ്ട്. അതിന് കൃത്യമായ ദൃഷ്ടാന്തങ്ങളായി പറയുന്നത്, അമുസ്ലീങ്ങൾക്കുള്ള നികുതിയായിരുന്ന, അക്ബർ നിർത്തലാക്കിയിരുന്ന, ജസിയ തിരിച്ചു കൊണ്ടു വന്നതും കാശിയിലെയും മഥുരയിലെയും ഹിന്ദുക്ഷേത്രങ്ങൾ തകർത്തതും ചിലയിടങ്ങളിൽ ഹോളി നിരോധിച്ചതും സിഖ് ഗുരു ആയിരുന്ന ഗുരു തേജ് ബഹാദൂറിനെ വധിച്ചതും മുതൽ ഷിയാ മുസ്ലീങ്ങളെയും സൂഫികളെയും വരെ ആക്രമിച്ചതും ഇതിൽ പെടുന്നുണ്ട്. മറുവശത്ത് ഹിന്ദുക്കൾക്കും അമ്പലങ്ങൾക്കും സഹായം ചെയ്തതും ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന നി‍ർദ്ദേശം കൊടുത്തതും ഒക്കെയായിട്ടുള്ള ചരിത്രങ്ങളും ഉണ്ട്.

ഔറംഗസീബിന്റെ ചരിത്രത്തിലെ പല മത അസഹിഷ്ണുതകളും തകർത്തിട്ടുള്ള അമ്പലങ്ങളുടെ എണ്ണവുമടക്കം കൊളോണിയൽ ചരിത്രകാരന്മാർ പെരുപ്പിച്ച് കാണിച്ചതാണ് എന്ന് ചില ഇന്ത്യൻ ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആക്രമണങ്ങൾ പലപ്പോഴും രാഷ്ട്രീയമായിരുന്നെന്നും മത വൈരപരമല്ലായിരുന്നുവെന്നും വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്...

ഒരു കാര്യം വ്യക്തമാണ്. സങ്കീർണ്ണമായ വ്യക്തിത്വമായിരുന്നു ഔറംഗസേബ്. ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനും സംവദിക്കാനും ഒരു പാട് കാര്യങ്ങൾ പ്രദാനം ചെയ്ത വ്യക്തിത്വം.

ഇന്ത്യയുടെ എൺപത് ശതമാനത്തോളം മുഗൾ സാമ്രാജ്യം എത്തുന്നത് ഔറംഗസീബിന്റെ കാലത്തായിരുന്നു. ബ്രിട്ടീഷുകാർ സകലതും കടത്തിക്കൊണ്ടു പോകുന്നതിന് മുമ്പ് ആഗോള ജി‍ഡിപിയുടെ നാലിലൊന്ന് ഇന്ത്യയിൽ നിന്നായിരുന്നു. യൂറോപ്പും ചൈനയും ഒക്കെ പിന്നിലായിരുന്നു...

അതിനാൽ തന്നെ ഇത്തരം സങ്കീർണ്ണമായ ചരിത്ര മുഹൂർത്തങ്ങളെ പഠനങ്ങളും സംവാദങ്ങളും ആസ്വാദനങ്ങളും ആക്കി മാറ്റാൻ ആ ശവകുടീരം അവിടെ നിലനിൽക്കേണ്ടതുണ്ട്.

സംഘഫാസിസ്റ്റുകൾ, കൊളോണിയൽ പാദസേവയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവർ ഈ അമൂല്യമായ ചരിത്ര സ്മാരകത്തിന് നേരെ ഉയ‍‍ർത്തുന്ന ഭീഷണിയെ ചെറുക്കേണ്ടത് ജനാധിപത്യ പുരോഗമന ശക്തികളുടെ ഉത്തരവാദിത്തമാണ്'

Amidst demands from Hindu right-wing groups to remove Mughal emperor Aurangzeb's tomb, writer C.N. Jayarajan's Facebook post highlights the tomb's simplicity, contrasting it with the grandeur of other Mughal structures like the Taj Mahal. He points out Aurangzeb's preference for a simple burial in line with Islamic law, funded by his own earnings. Located in Khuldabad near a Sufi shrine, the tomb reflects his personal devotion to Sufism. Jayarajan emphasizes Aurangzeb's complex legacy and the historical significance of the tomb, urging democratic forces to protect it from threats.

#Aurangzeb #History #India #MughalEmpire #Secularism #HistoricalMonument

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia