Advice | വായ്പ ഊരാക്കുരുക്കാവില്ല! ലോണുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 
Tips to Manage Loans and Avoid Financial Stress
Tips to Manage Loans and Avoid Financial Stress

Photo Credit: Website/ Paytm

● ലോണുകൾ എടുക്കുന്നത് മുമ്പ് നന്നായി ആലോചിക്കുക.
● അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കുക.
● സമ്പാദ്യം പ്രധാനമാണ്.
● സെക്കൻഡ് ഹാൻഡ് വസ്തുക്കൾ പരിഗണിക്കുക.

കെ ആർ ജോസഫ്

(KVARTHA) ഇന്ന് എന്തിനും ഏതിനും ലോണുകൾക്ക് പുറകെ പരക്കം പായുന്നവരാണ് പലരും. ആധാരവും മറ്റും ഈടുവെച്ച് ലോണുകൾ എടുക്കുന്നവർ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നു. ലോണുകൾക്ക് വേണ്ടി ബാങ്കിനെയോ മറ്റ് സ്വകാര്യ സ്ഥാപനങ്ങലെയോ ആശ്രയിച്ചു നടക്കുമ്പോൾ നാം മനസ്സിലാക്കുന്നില്ല പിന്നീട് അത് ഊരാക്കുടുക്ക് ആവുമെന്ന്. ആധാരമൊക്കെ പണയപ്പെടുത്തി തിരിച്ചടയ്ക്കാൻ പറ്റാതെ പലിശയും പലിശയ്ക്കുമുകളിലും ഒക്കെയായി വീടും വസ്തും ഒക്കെ ജപ്തിചെയ്ത് ആത്മഹത്യ ചെയ്തവരുടെ കഥകളൊക്കെ മാധ്യമങ്ങളിലൂടെയും മറ്റും നിരവധിയായി നാം കാണാറും കേൾക്കാറുമൊക്കെ ഉള്ളതാണ്.

എന്നാലും ലോണുകൾക്ക് പുറകെ ഓടുന്നതിൽ ഇന്ന് ഇവിടെ ആർക്കും യാതൊരുവിധ പഞ്ഞവുമില്ല എന്നതാണ് സത്യം. ഈ ലോണുകൾ എടുക്കുന്നത് അത്രയും സീരിയസ് ആയിട്ടുള്ള കാര്യത്തിനാണോ എന്ന് ചിന്തിച്ചിട്ട് പോരെ പുറകെ നടക്കാൻ. വെറുതെ എന്തിന് മനസമാധാനവും ജീവിതവും നഷ്ടപ്പെടുത്തുന്നു. ഇതിലേയ്ക്ക് വെളിച്ചം വീഴുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. എഴുതിയ ആൾ തൻ്റെ അനുഭവത്തിലൂടെ വിവരിക്കുന്ന ലോണുകൾ ഊരാക്കുരുക്കാവാതിരിക്കാനുള്ള കാരണങ്ങൾ.

കുറിപ്പിൽ പറയുന്നത്: ദിവസവും എത്ര വാർത്തകൾ ആണ് കാണുന്നത്, കടം കാരണം ആത്മഹത്യ ചെയ്തു കടം കാരണം വീട് ജപ്‌തി ചെയ്തു, ജപ്‌തി ചെയ്ത വീട്ടിൽ നിന്ന് ഇറക്കി വിട്ടു, എല്ലാം കണ്ണ് നീര് വാർത്ത തന്നെ. ഇതിനൊക്കെ കാരണക്കാർ ഒരു പരിധിവരെ നാം തന്നെയല്ലേ. അനുഭവത്തിൽ എനിക്ക് മനസ്സിലാക്കാൻ പറ്റിയ ചില നിർദ്ദേശം നിങ്ങളോടു പങ്കുവെക്കാം. മുഴുവനും എനിക്ക് പാലിക്കാൻ പറ്റിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. വീട് എടുക്കുമ്പോൾ എനിക്ക് പറ്റിയ മണ്ടത്തരത്തിന്റെ തിരുത്തലുകൾ കൂടിയാണ് ഇ കുറിപ്പ്. വേറെ ഒരാൾക്ക് പറ്റാതിരിക്കട്ടെ.

നമുക്ക് താമസിക്കാൻ എത്രയാണോ സ്ഥലം അത്യാവശ്യമുള്ളത് അത്ര വലിപ്പമുള്ള വീട് മാത്രം എടുക്കുക. ഓരോ സ്‌ക്വയർ ഫീറ്റ് കൂടുമ്പോഴും ചുരുങ്ങിയത് 3500 രൂപ വർധിക്കും. പിന്നെ എല്ലാവർഷവും അത് പരിപാലിക്കാൻ വരുന്ന ചിലവ്... ഇനി മുകളിൽ എടുക്കാൻ താല്പര്യം ഉണ്ട് എങ്കിൽ അത് മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാൻ പറ്റുന്ന തരത്തിൽ ഡിസൈൻ ചെയ്താൽ ഒരു വരുമാന മാർഗം ആവും. തുണി ആറിയിടാൻ മുകളിൽ എടുക്കേണ്ട ആവശ്യം ഇല്ല. ഉണക്കുന്ന മെഷീൻ ഉണ്ട് നിങ്ങളുടെ കയ്യിൽ വില കൂടിയ സ്ഥലം ഉണ്ട്. പക്ഷെ, വീട് എടുക്കാൻ കയ്യിൽ പൈസ ഇല്ല. എങ്കിൽ ലോണിന് ആശ്രയിക്കുന്നതിനു മുന്നേ വില കൂടിയ സ്ഥലം വിൽപ്പന നടത്തി വില കുറഞ്ഞ സ്ഥലം വാങ്ങി അവിടെ വീട് വച്ചാൽ ലോണ് ബാധ്യത കുറക്കാൻ ആവും.

Tips to Manage Loans and Avoid Financial Stress

പലരും ബന്ധുവീട് അടുത്താണ്, ജനിച്ച നാട്ടിൽ എന്നുള്ള സെന്റി കാരണം വിലകൂടിയ സ്ഥലത്തു വീട് വെച്ച് അത് നിഷ്ക്രിയ ആസ്തി ആക്കും. ഇന്ന് എല്ലാവരുടെ കയ്യിലും വാഹനം ഉള്ള കാലത്തു ദൂരം ഒരു വിഷയമാക്കേണ്ട കാര്യമില്ല. ബന്ധം അതുപോലെ നിൽക്കാൻ കുറച്ചു ദൂരമാണ് നല്ലത്. നമ്മുടെ കയ്യിൽ കാശ് ഉണ്ടെങ്കിൽ എല്ലാരും നമ്മളെ തേടി വരും. ഇനി കാശ് ഇല്ല എങ്കിൽ വീട്ടു വളപ്പിൽ ഉള്ള ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കില്ല എന്റെ ഒരു ബന്ധു കുടുംബക്കാർ ഉള്ള സ്ഥലത്തു തന്നെ വീട് വേണം എന്ന് പറഞ്ഞു അവരുടെ നല്ല സ്ഥലം വിൽപ്പന നടത്തി. മോഹവില നൽകി. വീടിനു അടുത്തു ലോണ് എടുത്തു വീടുവെച്ചു. ഇപ്പോൾ ലോണ് തിരിച്ചടക്കാൻ ആവാതെ വീട് വിൽക്കാൻ വെച്ചിരിക്കുകയാണ്.

മിക്ക വീടും ടെറസ് ആണ് ഇപ്പോൾ. ഉള്ള അവസ്ഥ എന്നത് ലീക്ക് കാരണം അതിന്റെ മേലെ ഷീറ്റോ ഓടോ ഇടേണ്ടി വരുന്നു. വലിയ തുകയാണ് അതിനു വേണ്ടി ചിലവാക്കുന്നത്. ആദ്യമേ ഓട് ഇട്ടാൽ ചിലവ് കുറക്കാൻ ആവും. ഉള്ളിലെ ഭംഗി പോവാതിരിക്കാൻ ജിപ്സം ചെയ്താൽ മതി. അതുപോലെ ചിലവ് കുറഞ്ഞ പല മെത്തേഡുകളും ഉണ്ട്. മരത്തിനു പകരം ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാം പരീക്ഷിക്കാം. ലോകോസ്റ്റിൽ എങ്ങനെ വീട് എടുക്കാം എന്നതിനെ കുറിച്ച് നല്ല ബോധ്യം ഉണ്ടാവണം. എടുത്തു ചാടി ചെയ്താൽ ഒരുപാട് പൈസ കൂടുതൽ ആവും. നല്ല പ്ലാനിങ് തുടക്കത്തിലേ വേണം. ഒന്നുകിൽ വീട് എടുക്കുന്ന ആൾ അല്ലെങ്കിൽ നമുക്ക് വിശ്വസിക്കാൻ പറ്റിയ ആൾ നിർബന്ധമായും സ്ഥിരമായി സൈറ്റിൽ വേണം അല്ലെങ്കിൽ പണി ഉറപ്പാണ്.

20 ലക്ഷം ലോണ് എടുത്താൽ അടവ് തെറ്റാതെ ഇരുന്നാൽ തിരിച്ചടക്കേണ്ടി വരുന്നത് 40 ലക്ഷം ആണ്. തെറ്റിയാൽ പിന്നെയും കൂടും. പേഴ്സണൽ ലോണുകൾ ആണെങ്കിൽ പലിശ പിന്നെയും കൂടും. ഇതൊക്കെ അടച്ചു തീരാൻ എത്ര കാലം പണിയെടുക്കണം. പണിയെടുക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ അപകടമോ മാരകമായ രോഗമോ ജോലി നഷ്ടമോ വന്നാൽ പിന്നെ എല്ലാം പോവും കൂടെ മാനവും . മനസമാധാനം ഇല്ലാതെ വലിയ വീട്ടിൽ നിൽക്കണോ അതോ സമാധാനത്തോടെ ചെറിയ വീട്ടിൽ നിൽക്കണോ അത് നിങ്ങളുടെ തീരുമാനം ആണ്. ചെറിയ തുകകൾ ആണെങ്കിൽ നമുക്ക് എന്തേലും പറ്റിയാൽ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കും. വലിയ തുക ആണെങ്കിൽ അങ്ങനെ തന്നെ വേണം എന്നെ നാട്ടുകാർ പറയു.

അപ്പോഴും ഒരു ചോദ്യം ഉണ്ട് സാധാരണക്കാർക്ക് ലോണ് ഇല്ലാതെ വീട് ആവുമോ എന്ന്. വീട് എടുക്കാൻ താമസിക്കുന്തോറും എടുക്കാൻ ഉള്ള ചിലവ് കൂടില്ല എന്ന്, ഇതും സത്യമാണ്. മുകളിൽ പറഞ്ഞപോലെ വിലകൂടിയ ഭൂമി വിട്ടു വിലകുറഞ്ഞ ഭൂമിയിലേക്ക് മാറി കുറച്ചു ഫണ്ട് കണ്ടത്താം. ഗോൾഡ് ഉണ്ട് എങ്കിൽ അത് വിൽപ്പന നടത്തി അങ്ങനെയും കുറച്ചു കണ്ടത്തുക. പിന്നെ കുറി വലിയ ബാധ്യത ഇല്ലാത്ത വഴിയാണ്. നല്ല സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ട് എങ്കിൽ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കി കൂടെ നിൽക്കുന്നവർ ആണെങ്കിൽ കൈ വായ്‌പ്പയും സ്വീകരിക്കാവുന്ന ഓപ്‌ഷൻ ആണ്. പൈസ ഉള്ളവർ അല്ലെങ്കിൽ അതിനു വഴി ഉള്ളവർ മാക്സിമം ആഡംബരം ആയി തന്നെ എടുക്കുക. അത് കണ്ടു ആന തൂറുന്നത് പോലെ ആട് തൂറാൻ ശ്രമിച്ചാൽ മൂട് കീറിപ്പോവും എന്നത് ഓർത്താൽ നന്ന്.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് വണ്ടിയുടെ ലോണുകൾ. നല്ല കണ്ടീഷൻ ഉള്ള സെക്കൻഹാൻഡ്‌ വണ്ടികൾ പകുതിയിൽ കുറഞ്ഞ വിലക്ക് ലഭിക്കുമ്പോൾ പൊങ്ങച്ചം കാണിക്കാൻ ഷോറുമിൽ പോയി പുതിയത് വാങ്ങുന്നത് പലിശ എത്ര വരും എന്ന് നോക്കിയിട്ടുണ്ടോ. ഉള്ളവർ പുതിയത് തന്നെ വാങ്ങണം, ഇല്ലാത്തവർ വാങ്ങുമ്പോൾ ചോരുന്നത് അവരുടെ സമ്പാദ്യമാണ്. വേറെ ഒരു കാര്യമാണ് ഗാഡ്‌ജെറ്റുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആവശ്യമുണ്ട് എങ്കിലും ഇല്ലെങ്കിലും ഇന്ന് വാങ്ങുകയാണ്. ഫോൺ ഒക്കെ ആളെ കാണിക്കാൻ ഏറ്റവും ടോപ്പ് തന്നെ വാങ്ങിക്കുന്നു.

മാർക്കറ്റിൽ ഇറങ്ങി 6 മാസം കഴിഞ്ഞ 40% അധികം ഇതൊക്കെ വില കുറഞ്ഞു കിട്ടും. ഇതിനെ കൊണ്ട് വരുമാനം ഉണ്ടാക്കുന്നവർക്ക് ലാഭം ആണ്, അല്ലാത്തവർക്ക് നഷ്ടവും. വെറുതെ എളുപ്പത്തിൽ കിട്ടുന്നു എന്ന് വിചാരിച്ചു വേഗം വാങ്ങുന്നു. എല്ലാവരും ഒരു കാര്യം ഓർക്കുക ഒരു കമ്പനിയും നമ്മളെ നന്നാക്കാൻ കാശ് തരില്ല. മുകളിൽ പറഞ്ഞതൊക്കെ കാര്യമായ വിഷമങ്ങൾ ഒന്നും ഇല്ല എങ്കിൽ ഒരു വിധം ഒപ്പിച്ചു പോവുമെങ്കിലും നമ്മുടെ കയ്യിൽ കരുതലായി ഒന്നും കാണില്ല. ഒരസുഖം വന്നാൽ പ്രായമായി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നാൽ സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കില്ല.

കണ്ടാൽ മാന്യതയുള്ള എത്ര ആളുകളാണ് ആത്മാഭിമാനം പണയം വെച്ച് സഹായ അഭ്യർത്ഥനയുമായി നമുക്ക് ഇടയിലേക്ക് വരുന്നത്. അവരുടെ നല്ല പ്രായത്തിൽ ഇതൊന്നും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. ഐഫോണിനു പകരം സാംസങ് വാങ്ങിയാൽ 6 മാസത്തെ ഷുഗറിനും പ്രഷറിനും ഉള്ള മരുന്ന് വാങ്ങാം. പുതിയ കാറിനു പകരം സെക്കൻഹാൻഡ്‌ വാങ്ങിയ ഒരു മൂന്നു കൊല്ലം കാൻസറിനുള്ള മരുന്ന് വാങ്ങാൻ ഉള്ള കാശ് സേവ് ചെയ്യാം.

വീട് ചെറുതാക്കിയാൽ അഞ്ചോപത്തോ വർഷം ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നാലും റേഷൻ അരി വാങ്ങി പട്ടിണി ഇല്ലാതെ കഴിഞ്ഞു പോവാം. മാനം കപ്പൽ കേറിയാൽ പിന്നെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നത് തന്നെയാണ്. അതുകൊണ്ടു ചിലവ് കുറച്ചു സേവിങ്സ് കൂട്ടിയാൽ അവരവർക്ക് നല്ലത്. നമ്മൾ ജീവിക്കേണ്ടത് മറ്റുള്ളവരെ നോക്കിയല്ല നമുക്ക് എങ്ങനെ ആവുന്നു അതുപോലെ ജീവിക്കുക ദുരഭിമാനം വെടിയുക മരിക്കുമ്പോൾ നാം ഒന്നും കൊണ്ടുപോവില്ല എന്ന് കൂടി ഓർക്കുക, ചിന്താഗതി മൂഞ്ചിയ ജീവിതം ആവാതിരിക്കട്ടെ'

ഇതാണ് ആ പോസ്റ്റ്. ലോണുകൾക്ക് പുറകെ പായുന്നവർ ആവശ്യവും അത്യാവശ്യവും വേർതിരിച്ച് മനസ്സിലാക്കി ലോൺ എടുക്കാൻ ശ്രദ്ധിക്കുക. വലിയ കാര്യമില്ലാത്ത വിഷയങ്ങൾ ആണെങ്കിൽ ലോണുകൾ എടുക്കുന്നതിൽ നിന്ന് പിന്തിരിയുക. എടുത്തു ചാടി ലോണുകൾ എടുക്കുന്നത് വലിയ അപകടത്തിലേയ്ക്കാവും നമ്മെ നയിക്കുക. എല്ലാം കണ്ടറിഞ്ഞ് ലോൺ പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ തയ്യാറാകുക.

#FinanceTips #LoanAdvice #DebtFree #Savings #PersonalFinance #LoanManagement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia