Ram Mandir | രാമക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തതോടെ ദർശനത്തിനായി വൻ ഭക്തജനപ്രവാഹം; താത്കാലികാലമായി അടച്ച ക്ഷേത്ര വാതിലുകൾ വീണ്ടും തുറന്നു

 


അയോധ്യ: (KVARTHA) അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് വൻ ഭക്തജനപ്രവാഹം. തിരക്കിനെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി അടച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോൾ ഭക്തർക്കായി വീണ്ടും തുറന്നിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഒരു ദിവസത്തിന് ശേഷം ദർശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ക്ഷേത്ര മാനേജ്‌മെന്റ് നിർബന്ധിതമാവുകയായിരുന്നു.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഭരണകൂടവും പൊലീസും പ്രവേശനം താൽക്കാലികമായി അടയ്ക്കുകയും ക്ഷേത്രത്തിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ദേശീയപാതകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഇതുവഴി വരുന്ന വാഹനങ്ങൾ തൽക്കാലം നിർത്തിയിട്ടിരിക്കുകയാണ്. പുലർച്ചെ മൂന്ന് മണി മുതൽ ഭക്തർ ക്യൂവിൽ നിൽക്കുന്നുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ വീണ്ടും തുറക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു. വൻ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിൽ പ്രവേശനത്തിനും പുറത്തേക്കും വെവ്വേറെ കവാടങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ, ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. തിരക്കിനെ തുടർന്ന് സ്ത്രീ ഭക്തർക്കായി പ്രത്യേക വഴി ഒരുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.  

Ram Mandir | രാമക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തതോടെ ദർശനത്തിനായി വൻ ഭക്തജനപ്രവാഹം; താത്കാലികാലമായി അടച്ച ക്ഷേത്ര വാതിലുകൾ വീണ്ടും തുറന്നു

രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രതിഷ്ഠയ്ക്കുശേഷം ചൊവ്വാഴ്ചയാണ് ക്ഷേത്രം സാധാരണക്കാർക്കായി തുറന്നുകൊടുത്തത്. പുലർച്ചെ മൂന്ന് മുതൽ ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നപ്പോൾ തന്നെ ആദ്യം അകത്തേക്ക് കയറാൻ ആളുകൾക്കിടയിൽ മത്സരം നടന്നു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ രാമക്ഷേത്രത്തിൽ ആദ്യമായി ആരതി നടത്തി. ദർശനത്തിനായി ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സരയൂ നദിയിൽ മുങ്ങിക്കുളിക്കാനും നിരവധി ആളുകൾ എത്തിയിട്ടുണ്ട്.
ക്ഷേത്ര സമുച്ചയത്തിലേക്കുള്ള പ്രവേശനം പ്രതീക്ഷിച്ച് നാട്ടുകാരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരും തിങ്കളാഴ്ച വൈകിയും രാമക്ഷേത്ര പാതയിലെ പ്രധാന കവാടത്തിന് സമീപം തടിച്ച് കൂടിയിരുന്നു. ജനക്കൂട്ടത്തോട് പ്രതികരിച്ച പൊലീസ് ചൊവ്വാഴ്ച മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അറിയിച്ചിരുന്നു. ശ്രീരാംലല്ലയുടെ ദർശനം ആഗ്രഹിക്കുന്ന ഭക്തർക്ക് പ്രത്യേക സമയ സ്ലോട്ടുകൾക്കായി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. രാവിലെ ഏഴ് മുതൽ 11:30 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴ് മണി വരെയുമാണ് ദർശനത്തിന് സാധിക്കുക. രാവിലെ 6:30-ന് ജാഗ്രൻ/ശൃംഗാർ, വൈകീട്ട് 7:30-ന് സന്ധ്യ ആരതി എന്നിവ ഉൾപ്പെടെയുള്ള 'ആരതി' സമയങ്ങൾ ഭക്തർക്കായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 'ആരതി'യുടെ പാസുകൾ ഓഫ്‌ലൈനായും ഓൺലൈനായും ലഭിക്കും. ഓഫ്‌ലൈൻ പാസുകൾ ശ്രീരാമ ജന്മഭൂമിയിലെ ക്യാമ്പ് ഓഫീസിൽ ലഭ്യമാണ്, സാധുവായ സർക്കാർ ഐഡന്റിറ്റി രേഖ ആവശ്യമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:29നാണ് ശ്രീരാമന്റെ 'പ്രാണപ്രതിഷ്ഠ' ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ, വ്യവസായികൾ, സിനിമാ സെലിബ്രിറ്റികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Keywords: News, National, Ayodhya Ram Mandir, Temple, Pran Pratishtha Ceremony, Ayodhya Ram Mandir Entry Reopens


  < - START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia