World News | യുദ്ധം മുതൽ കോടതി വിധി വരെ; 2022ൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച സുപ്രധാന സംഭവങ്ങളിലേക്ക് തിരിഞ്ഞുനോട്ടം

 


ന്യൂഡെൽഹി: (www.kvartha.com) 2022-ൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച അനവധി സംഭവങ്ങൾ നടന്നു. യുദ്ധത്തോടൊപ്പം, അക്രമവും പീഡനവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ലോകമെമ്പാടും തലക്കെട്ടുകൾ സൃഷ്ടിച്ചു. ഇറാനിൽ നടന്ന പ്രതിഷേധങ്ങളായാലും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണമായാലും ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയായാലും. ലോകമെമ്പാടും ചർച്ചാ വിഷയമായി.    
         
World News | യുദ്ധം മുതൽ കോടതി വിധി വരെ; 2022ൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച സുപ്രധാന സംഭവങ്ങളിലേക്ക് തിരിഞ്ഞുനോട്ടം

റഷ്യ-യുക്രൈൻ യുദ്ധം

2022-ൽ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ചു. ഫെബ്രുവരി 24 ന് റഷ്യ യുക്രൈനെ ആക്രമിച്ചു. റഷ്യയുടെ ആക്രമണത്തിൽ യുക്രൈനിലെ പല നഗരങ്ങളും തകർന്നു. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വേറിട്ടതായിരുന്നു. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ വിമർശിക്കുന്ന പ്രമേയം വരുമ്പോഴെല്ലാം ഇന്ത്യ ഒഴിഞ്ഞുനിന്നു. മാത്രമല്ല, ഇന്ത്യാ ഗവൺമെന്റ് ഒരിക്കൽ പോലും റഷ്യയെ വിമർശിച്ചില്ല. അതുപോലെ തന്നെ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറുകയും ചെയ്തു.

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം

മഹ്‌സ അമിനിയുടെ മരണത്തിന് ശേഷമാണ് ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധം ആരംഭിച്ചത്. 22 കാരിയായ അമിനിയെ സപ്തംബർ 13 ന് സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നായിരുന്നു ആരോപണം. പൊലീസ് കസ്റ്റഡിയിലെടുത്ത അമിനി ആശുപത്രിയിൽ മരിച്ചതിനെ തുടർന്ന് 140 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും പ്രതിഷേധങ്ങൾ വ്യാപിച്ചു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ ധാരാളം സ്ത്രീകൾ ചേർന്നു, പ്രതിസന്ധി ഭരണകൂടത്തിന് വെല്ലുവിളിയായി. ഹിജാബിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകൾ മുടി മുറിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തു. ഒടുവിൽ സദാചാര പൊലീസ് നിർത്തലാക്കുന്നതിലേക്ക് കാര്യങ്ങളെത്തി.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം

അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തു. അതിനുശേഷം അഫ്ഗാനിസ്ഥാനിൽ തുടങ്ങിയ കുടിയേറ്റം ഇന്നും തുടരുകയാണ്. 2022ൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിലേക്കായിരുന്നു ലോകമെമ്പാടുമുള്ള ജനങ്ങളുടെ കണ്ണ്. താലിബാൻ അധികാരത്തിൽ വന്നതു മുതൽ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്, പോഷകാഹാരക്കുറവ് വർധിക്കുന്നു, കുടിയേറ്റവും ആഭ്യന്തര കുടിയൊഴിപ്പിക്കലും തുടരുന്നു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി

2022-ൽ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയി. 2022 ജൂണിൽ, അന്നത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്തിന് അവശ്യ സാധനങ്ങൾക്ക് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പാർലമെന്റിൽ പറഞ്ഞു. ഇതിന് പിന്നാലെ ശ്രീലങ്കയിൽ വൻ പ്രതിഷേധം ഉയർന്നു. സാധാരണക്കാർ തെരുവിലിറങ്ങി. പ്രസിഡന്റിന് രാജിവെച്ചൊഴിയേണ്ടി വന്നു.

കാനഡയുടെ പുതിയ കുടിയേറ്റ നയം

കാനഡയിലെ പുതിയ കുടിയേറ്റ നയത്തിന് ശേഷം രാജ്യത്തെ തൊഴിലാളി ക്ഷാമം ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് വരുത്താൻ കാനഡ പദ്ധതിയിടുന്നു. പുതിയ ലക്ഷ്യം അനുസരിച്ച്, 2025 ഓടെ കാനഡ പ്രതിവർഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യും. ഈ നയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം തൊഴിലാളികളുടെ വലിയ ക്ഷാമമാണ്. പുതിയ ഇമിഗ്രേഷൻ നയം ആവശ്യമായ തൊഴിൽ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള കൂടുതൽ സ്ഥിര താമസക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുന്നു. 2023-ൽ 4.65 ലക്ഷം പേർ പുറത്തുനിന്നും കാനഡയിലേക്ക് വരുമെന്നും 2025-ൽ ഇത് അഞ്ച് ലക്ഷമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.

അമേരിക്കയിൽ ഗർഭച്ഛിദ്ര നിരോധനം

2022 ജൂണിൽ, ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നൽകുന്ന വിധി യുഎസ് സുപ്രീം കോടതി റദ്ദാക്കിയത് വലിയ ചർച്ചയായി. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്സസ് വേഡ്’ സുപ്രധാന വിധിയാണ് സുപ്രീം കോടതി തിരുത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഈ വിധി ശരിയല്ലെന്ന് പറഞ്ഞു. മുൻ പ്രസിഡന്റ് ബരാക് ഒബാമയും സുപ്രീം കോടതിയുടെ വിധിയെ വിമർശിച്ചു.

Keywords: Biggest News Stories Of 2022, New Delhi, News,Top-Headlines, Latest-News, National, Iran, Srilanka, America, Canada, Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia