Allegation | നിയമ പാലകര്‍ തന്നെ കണ്ണടച്ചാല്‍ എന്തുചെയ്യും? 'ലൈസന്‍സ് ഇല്ലാതെ  കാറോടിച്ച് ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയ യുവാവ് 30 മിനുട്ടിനുള്ളില്‍ ജാമ്യം ലഭിച്ച് പുറത്തേക്ക്'

 
Driver without license Died biker, gets bail in 30 minutes
Driver without license Died biker, gets bail in 30 minutes

Photo Credit: X / IANS

● അക്ഷത് ഗാര്‍ഗ് എന്ന 23-കാരനാണ് മരിച്ചത്
● ഇടിച്ചത് കുല്‍ദീപ് ഠാക്കൂര്‍ എന്നയാള്‍ ഓടിച്ചിരുന്ന വാഹനം

ന്യൂഡെല്‍ഹി: (KVARTHA) ലൈസന്‍സ് ഇല്ലാതെ വണ്‍വേയില്‍ എതിര്‍ദിശയില്‍ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ പിടിയിലായ യുവാവിനെ 30 മിനുട്ടിനുള്ളില്‍ തന്നെ ജാമ്യം നല്‍കി പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. സംഭവം വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. 

ഡെല്‍ഹിക്കടുത്ത ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അക്ഷത് ഗാര്‍ഗ് എന്ന 23-കാരനാണ് മഹിന്ദ്ര എക്സ്.യു.വി വാഹനമിടിച്ച് ദാരുണമായി  മരിച്ചത്. കുല്‍ദീപ് ഠാക്കൂര്‍ എന്നയാള്‍ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചത്. ഗുരുഗ്രാം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും 30 മിനുട്ടിനുള്ളില്‍ തന്നെ ജാമ്യം നല്‍കി വിട്ടയച്ചുവെന്നുള്ള റിപ്പോര്‍ട്ടുകല്‍ പുറത്തുവരുന്നുണ്ട്. 


സംഭവത്തെ കുറിച്ച് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം ഇങ്ങനെ:


ബിജെപി സ്റ്റിക്കര്‍ പതിച്ച മഹിന്ദ്ര എക്സ്.യു.വി വാഹനമാണ് കുല്‍ദീപ് ഠാക്കൂര്‍ ഓടിച്ചിരുന്നത്. ഒരേ ദിശയില്‍ മാത്രം വാഹനമോടിക്കാന്‍ അനുവാദമുള്ള ഗോള്‍ഫ് കോഴ്സ് റോഡിലൂടെ അക്ഷത് ഗാര്‍ഗും സുഹൃത്തുക്കളും ബൈക്കുകളില്‍ സഞ്ചരിക്കവെ, എതിര്‍ദിശയില്‍ വളവു തിരിഞ്ഞെത്തിയ BR07BE5797 എന്ന നമ്പറിലുള്ള വാഹനം അക്ഷതിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ അക്ഷത് വായുവില്‍ ഉയര്‍ന്ന് എസ്.യു.വിയുടെ പിറകുവശത്ത് ചെന്നു വീണു. സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിച്ച് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കുല്‍ദീപ് ഠാക്കൂര്‍ ഓടിച്ച വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. സംഭവസ്ഥലത്തെത്തിയ ഗുരുഗ്രാം പൊലീസ് എസ്.യു.വി ഓടിച്ചിരുന്ന കുല്‍ദീപ് ഠാക്കൂറിനെ അറസ്റ്റ് ചെയ്തെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഇയാളെ മദ്യപാന പരിശോധനയ്ക്കു വിധേയമാക്കുകയോ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുകയോ ചെയ്തില്ലെന്നാണ് ആരോപണം. അക്ഷതിന്റെ ബൈക്കിനു പിന്നില്‍ പിന്തുടര്‍ന്നിരുന്ന ഒരു സുഹൃത്ത് തന്റെ ബൈക്കില്‍ സ്ഥാപിച്ച ഗോപ്രോ ക്യാമറയില്‍ നിന്നുള്ള ദൃശ്യം പൊലീസിനെ കാണിച്ചെങ്കിലും ഇത് കോപ്പി ചെയ്യാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

ബിഹാര്‍ രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ബോണറ്റില്‍ ബിജെപി സ്റ്റിക്കര്‍ ഉണ്ടായിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉള്ളതുകൊണ്ടാണ് ഇയാള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കുല്‍ദീപ് ഠാക്കൂറിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ഡി എല്‍ എഫ് എസിപി വികാസ് കൗശിക് പറഞ്ഞു. 

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പല്‍വാല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഗൗരവ് ഗൗതമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റിക്കറാണ് എസ് യുവിയില്‍ പതിച്ചിരുന്നത്. ജാമ്യത്തിലിറങ്ങിയ കുല്‍ദീപ് ഠാക്കൂര്‍ പഴയ തിയതിയിലുള്ള ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്താന്‍ ശ്രമിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ഗുരുഗ്രാമിനടുത്ത ഘിതോര്‍നിയില്‍ പബ്ലിക് റിലേഷന്‍സ്, പരസ്യ സ്ഥാപനം നടത്തുന്നയാളാണ് അപകടമുണ്ടാക്കിയ കുല്‍ദീപ് ഠാക്കൂര്‍. മാത്രമല്ല, ഇയാളുടെ സ്ഥാപനം ബിജെപിയെ അനുകൂലിക്കുന്ന 'ഏക് വിചാര്‍ ഭാജ്പാ സര്‍ക്കാര്‍' എന്ന ഫേസ് ബുക്ക് പേജും നടത്തുന്നുണ്ട്. എന്‍ഡിഎ ഘടകകക്ഷിയായിരുന്ന ജന്‍നായക് ജനതാ പാര്‍ട്ടി (JJP) നേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്കു വേണ്ടി പ്രചാരണം നടത്തുന്ന 'ബാത് തോ ഠീക് ഹേ' എന്ന പേജും ഇവര്‍ക്കുണ്ട്. 2019 മുതല്‍ 2024 വരെ എന്‍ഡിഎ ഘടകക്ഷിയായിരുന്ന ജെജെപി ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്.

#GurugramAccident, #JusticeForAkshet, #PoliticalInfluence, #RoadSafety, #HitAndRun, #PoliceAction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia