Binoy Kodiyeri | ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം തടഞ്ഞ് ബോംബൈ ഹൈകോടതി; ക്രമിനല്‍ കേസെന്ന് വാദം
Jul 9, 2022, 09:59 IST
മുംബൈ: (www.kvartha.com) ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം ബോംബൈ ഹൈകോടതി തടഞ്ഞു . ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്നും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഇത് ക്രിമിനല്‍ കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍ ആര്‍ ഭോര്‍കര്‍ എന്നിവര്‍ വ്യക്തമാക്കി. ബലാത്സംഗം ഉള്‍പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോടതിയില്‍ സമര്‍പിച്ച ഒത്തുതീര്‍പ്പു കരാറില്‍ (കണ്‍സെന്റ് ടേംസ്) തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വസ്തുതകള്‍ പരിഗണിച്ച് ഹൈകോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്.
രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതി മുമ്പാകെ വ്യക്തമാക്കി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടര്‍ എസ് ആര്‍ ഷിന്ദേയോട് ഇക്കാര്യത്തില്‍ വിശദീകരണം തിരക്കിയപ്പോള്‍ വിവാഹിതരാണെന്നാണ് അവര്‍ ഹൈകോടതിയില്‍ വ്യക്തമാക്കിയത്. വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍ക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വ്യക്തമാക്കി.
ബാര്‍ നര്‍ത്തകിയായിരുന്ന യുവതി മൂന്നുവര്‍ഷംമുമ്പ് നല്‍കിയ കേസ് കള്ളക്കേസായിരുന്നുവെന്നാണ് ബിനോയി കോടതിയില്‍ ഇതുവരെ വാദിച്ചത്. ഹൈകോടതിയല്‍ സമര്‍പിച്ച ഡി എന്‍ എ പരിശോധനാ റിപോര്‍ട ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈകോടതിയില്‍ എത്തിയത്.
Keywords: Binoy Kodiyeri case: Bombay High Court blocked settlement attempt, Mumbai, News, Trending, Molestation, High Court, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.