ബിര്‍ഭം അക്രമക്കേസ്: ഇരകളെ ജീവനോടെ ചുട്ടുകൊന്നതായി പോസ്റ്റ്‌മോര്‍ടെം റിപോര്‍ട്; കൊലപാതകത്തില്‍ ടിഎംസി രാംപൂര്‍ഹട് ബ്ലോക് പ്രസിഡന്റ് അറസ്റ്റില്‍

 


കൊല്‍കത: (www.kvartha.com 24.03.2022) പശ്ചിമബന്‍ഗാളിലെ ബിര്‍ഭും ജില്ലയിലെ അഗ്നിക്കിരയാക്കിയ വീടുകളില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ടെം റിപോര്‍ട് പുറത്തുവന്നു. എട്ടു പേരെയും ജീവനോടെ തീവെച്ച് കൊന്നതാണെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. ബോഗ്തുയി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

കൂട്ടക്കൊലയ്ക്ക് മുമ്പ് ഇരകളെ ക്രൂരമായി മര്‍ദിച്ചതായും കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ചെ അജ്ഞാതര്‍ തീയിട്ടതായി ആരോപിക്കപ്പെടുന്ന വീടുകള്‍ക്കുള്ളില്‍ നിന്നും കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് പോസ്റ്റുമോര്‍ടം ചെയ്തത്. ഇരകളെ ആദ്യം ക്രൂരമായി മര്‍ദിക്കുകയും പിന്നീട് ജീവനോടെ കത്തിക്കുകയും ചെയ്തതായി രാംപൂര്‍ഹട് ആശുപത്രിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്യുന്നു.

അക്രമത്തില്‍ സ്വമേധയാ കേസ് എടുത്ത കൊല്‍കത ഹൈകോടതി, കുറ്റകൃത്യം നടന്ന സ്ഥലത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കാനും സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും സംസ്ഥാന സര്‍കാരിനോട് നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടതാണ് അക്രമത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
ആക്രമണത്തില്‍ ശക്തമായ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നിരവധി പൊലീസ് ഉദ്യോഗസ്ഥരെയും പ്രാദേശിക പാര്‍ടി പ്രവര്‍ത്തകരെയും സ്ഥലം മാറ്റിയിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി, അവര്‍ വരുന്ന ഹെലികോപ്റ്റര്‍ ഇറങ്ങുന്ന ഹെലിപാഡിന് ചുറ്റും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സന്ദര്‍ശന വേളയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ രാംപൂര്‍ഹടില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ബിര്‍ഭം അക്രമക്കേസ്: ഇരകളെ ജീവനോടെ ചുട്ടുകൊന്നതായി പോസ്റ്റ്‌മോര്‍ടെം റിപോര്‍ട്; കൊലപാതകത്തില്‍ ടിഎംസി രാംപൂര്‍ഹട് ബ്ലോക് പ്രസിഡന്റ് അറസ്റ്റില്‍
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ചിരുന്നു.

ബോഗ്ടൂയി സന്ദര്‍ശിക്കുന്നതിന് മുമ്പ് പൊലീസ് ഡയറക്ടര്‍ ജെനറല്‍ മനോജ് മാളവ്യ ഉള്‍പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പരിക്കേറ്റവരെ കാണാന്‍ അവര്‍ രാംപൂര്‍ഹട് ആശുപത്രിയും സന്ദര്‍ശിച്ചേക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയും ബിജെപിയുടെ അഞ്ചംഗ കേന്ദ്ര സംഘവും ബൊഗ്തുയി സന്ദര്‍ശിക്കും.

കൊലപാതകങ്ങളെ ഹീനമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കരുതെന്ന് പറയുകയും ചെയ്തു. കക്ഷിഭേദമന്യേ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കി.

ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ത്രിണമൂല്‍ ഡെപ്യൂടി പഞ്ചായത് തലവന്‍ ഭാദു ശെയ്ഖിന്റെ കുടുംബാംഗങ്ങള്‍ ബൊഗ്ടൂയി ഗ്രാമത്തിലെത്തി മുഖ്യമന്ത്രി ബാനര്‍ജിയെ കാണും. മുഖ്യമന്ത്രി അവര്‍ക്ക് ധനസഹായം നല്‍കും. ആഭ്യന്തര മന്ത്രാലയം (എം എച് എ) പശ്ചിമ ബന്‍ഗാള്‍ സര്‍കാരിനോട് റിപോര്‍ട് തേടുകയും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതിനിടെ കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രാംപൂര്‍ഹട് ബ്ലോക് പ്രസിഡന്റ് അനാറുല്‍ ഹുസൈനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താരാപീഠില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹുസൈന്റെ വസതിയില്‍ ഉള്‍പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കായി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ താരാപീഠില്‍ ഹോടലിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.

അതേസമയം കൊലപാതകത്തില്‍ പ്രാദേശിക ടിഎംസി നേതാവിനെയും ചോദ്യം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Birbhum Violence Case: Autopsy Report Reveals Victims Were Thrashed Before Being Burnt Alive, Kolkata, West Bengal, News, Trending, Dead Body, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia