Candidate List | സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വമോ? ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയതിന് പിന്നാലെ പിന്‍വലിച്ച് ബിജെപി, വീണ്ടും പുറത്തിറക്കി
ശ്രീനഗര്‍: (KVARTHA) മൂന്നു ഘട്ടമായി നടക്കുന്ന ജമ്മു കശ്മീരിലെ 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ പിന്‍വലിച്ച് ബിജെപി. പിന്നീട് വീണ്ടും പുറത്തിറക്കുകയായിരുന്നു. ഇതോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ പാര്‍ട്ടിക്ക് അനിശ്ചിതത്വമോ എന്ന ചോദ്യം വിമര്‍ശകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.
44 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. ഇതു പിന്‍വലിച്ചശേഷം 15 പേരുടെ പട്ടിക പുറത്തുവിട്ടു. ഇത് ആദ്യഘട്ട തിരഞ്ഞെടുപ്പിലേതു മാത്രമാണ്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന, മുന്‍ ഉപമുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, കവീന്ദര്‍ ഗുപ്ത എന്നിവരുടെ പേരുകള്‍ ആദ്യം പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
എന്നാല്‍ നാഷനല്‍ കോണ്‍ഫറന്‍സില്‍ നിന്ന് കൂറുമാറിയെത്തിയ കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ സഹോദരന്‍ ദേവേന്ദ്ര റാണയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നു. രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്ലിം സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നതായിരുന്നു ആദ്യത്തെ പട്ടിക. കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി, പാന്തേഴ്‌സ് പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്ന് ബിജെപിയില്‍ എത്തിയ പല നേതാക്കന്മാരുടെയും പേരുകള്‍ പട്ടികയില്‍ ഉണ്ടായിരുന്നു.
ആദ്യം പുറത്തുവിട്ട 44 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 15 പേര്‍ ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നവരാണ്. 10 പേര്‍ രണ്ടാം ഘട്ടത്തിലും 19 പേര്‍ മൂന്നാം ഘട്ടത്തിലും ജനവധി തേടുമെന്നും അറിയിച്ചിരുന്നു സെപ്റ്റംബര്‍ 18, 23, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.
ഡെല്‍ഹിയില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരുള്‍പ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് പട്ടിക പുറത്തുവിട്ടത്.
#BJP, #JammuKashmirElections, #IndianPolitics, #BJPChaos