Controversy | 'ഇത്തരം കാര്യങ്ങള്‍ പറയാന്‍ അധികാരപ്പെടുത്തിയിട്ടില്ല'; കങ്കണ റണാവത്തിന് ബിജെപിയുടെ മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: (KVARTHA) കര്‍ഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെ തള്ളി ബിജെപി. ഹിമാചല്‍ പ്രദേശിലെ മാണ്ഡി സീറ്റില്‍ നിന്നുള്ള ബിജെപി എംപിയായ കങ്കണ റണാവത്ത് ഒരു അഭിമുഖത്തില്‍ കര്‍ഷക പ്രസ്ഥാനത്തെക്കുറിച്ച് പ്രസ്താവന നടത്തുകയും ബംഗ്ലാദേശിലെ സംഭവവുമായി അതിനെ ബന്ധപ്പെടുത്തുകയും ചെയ്തിരുന്നു.
കര്‍ഷകരുടെ പ്രതിഷേധം ഇന്ത്യയെ ബംഗ്ലാദേശിലെ പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നുവെന്നായിരുന്നു അവര്‍ പറഞ്ഞത്. കര്‍ഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങള്‍ നടന്നതായും മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കാണപ്പെട്ട സാഹചര്യമുണ്ടായിരുന്നതായും കങ്കണ ആരോപിച്ചിരുന്നു.
കങ്കണയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. കര്‍ഷക സമരത്തെക്കുറിച്ച് കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ഇത്തരം വിഷയങ്ങളില്‍ സംസാരിക്കാന്‍ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്നും ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് കങ്കണ റണാവത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബിജെപി പറഞ്ഞു. ചലച്ചിത്ര നടി കൂടിയായ കങ്കണ റണാവത്ത് തന്റെ പ്രസ്താവനകളുടെ പേരില്‍ നിരവധി തവണ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. കര്‍ഷക സമരകാലത്തും അതിനപ്പുറമുള്ള പല അവസരങ്ങളിലും നടത്തിയ പ്രസ്താവനകളിലൂടെ അവര്‍ പലതവണ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. ഇതാദ്യമായാണ് ബിജെപി ഇത്രയും ശക്തമായ ഭാഷയില്‍ അവര്‍ക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കുന്നത്.
#KanganaRanaut, #BJPResponse, #FarmersProtest, #Controversy, #PoliticalStatement, #PublicReaction