Bharat Ratna | ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിക്ക് ഭാരതരത്ന; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (KVARTHA) ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍ കെ അദ്വാനിക്ക് ഭാരതരത്ന അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'എല്‍.കെ അദ്വാനിജിക്ക് ഭാരതരത്ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു', മോദി എക്സില്‍ കുറിച്ചു. അദ്വാനിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

Bharat Ratna | ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിക്ക് ഭാരതരത്ന; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
 

'നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്വാനിജി. ഇന്‍ഡ്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങി ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതുമായിരുന്നു '- എന്നും പ്രധാനമന്ത്രി കുറിച്ചു.

അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ അദ്വാനിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തര്‍ക്കഭൂമിയില്‍ അയോധ്യ ക്ഷേത്രത്തിനായി രഥയാത്ര നടത്തിയ വ്യക്തിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാവുകയും ചെയ്തു. എന്നാല്‍ അയോധ്യയില്‍ കൊടുംതണുപ്പായതിനാലും പ്രായാധിക്യവും അനാരോഗ്യവും കാരണമാണ് പങ്കെടുക്കാതിരുന്നതെന്നാണ് അദ്വാനിയുടെ അസാന്നിധ്യത്തിന് ദേശീയമാധ്യമങ്ങള്‍ നല്‍കിയ വിശദീകരണം.

എന്നാല്‍, ചടങ്ങിന് വരേണ്ടതില്ലെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്രം ജെനറല്‍ സെക്രടറി ചംപത് റായ് അദ്വാനിയെയും മുന്‍ കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷിയെയും അറിയിച്ചിരുന്നു. ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്നും പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ചംപത് റായ് കഴിഞ്ഞ മാസം പറഞ്ഞത്. മാത്രമല്ല, ക്ഷേത്രത്തില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ വി എച് പി ഇരുവരെയും ക്ഷണിച്ച് ഒടുവില്‍ മുഖം രക്ഷിച്ചിരുന്നു.

അദ്വാനിക്ക് 96 വയസാണ് പ്രായം. 80കളില്‍ അദ്വാനിയുള്‍പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ മെനഞ്ഞെടുത്ത തീവ്രഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയും തുടര്‍ന്ന് 90കളില്‍ നടത്തിയ രഥയാത്രയുമാണ് രാജ്യത്ത് ബി ജെ പിയുടെ തലവര മാറ്റി അധികാരത്തിലേക്കുള്ള വഴിയൊരുക്കാന്‍ തന്നെ നിമിത്തമായത്. 1990 സെപ്റ്റംബര്‍ 25നാണ് അദ്വാനി നെടുനീളെ വര്‍ഗീയ പ്രസംഗങ്ങളുമായി രഥയാത്രക്ക് തുടക്കം കുറിച്ചത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കും വിധം ആള്‍ക്കൂട്ടത്തെ സജ്ജമാക്കാനും ഇതുവഴി സാധിച്ചു.

Keywords: BJP Stalwart LK Advani To Be Conferred Bharat Ratna, Announces PM Modi, New Delhi, News, LK Advani, Bharat Ratna, PM Modi, Politics, BJP, Social Media, Announced, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia